മുംബൈ: ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിനെതിരെ പ്രതിഷേധം കടുപ്പിക്കുന്ന ശിവസേന ഉദ്ധവ് താക്കറെ (യു.ബി.ടി) വിഭാഗത്തെ പരിഹസിച്ച് ബി.ജെ.പി മന്ത്രി നിതേഷ് റാണെ.
പാകിസ്ഥാനുമായുള്ള മത്സരത്തെ എതിർക്കുന്ന യു.ബി.ടി നേതാക്കള്‍ തന്നെ ബുര്‍ഖ ധരിച്ച് ഇന്ത്യ-പാക് മത്സരം കാണുമെന്ന് നിതേഷ് റാണെ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പരിഹാസം.
യു.ബി.ടി നേതാവ് ആദിത്യ താക്കറെയെ പരിഹസിച്ചുകൊണ്ടാണ് നിതേഷ് റാണെയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം ഇന്ത്യ-പാക് മത്സരം നടത്തരുതെന്ന് ആവശ്യപ്പെട്ട് ആദിത്യ താക്കറെ കേന്ദ്രമന്ത്രി മാന്‍സുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചിരുന്നു.
കൂടാതെ ‘രക്തവും ക്രിക്കറ്റും ഒരുമിച്ച് ഒഴുകുമോ’യെന്ന് ചോദിച്ച താക്കറെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരോട് പാകിസ്ഥാനുമായുള്ള മത്സരം കാണരുതെന്നും ആഹ്വാനം ചെയ്തിരുന്നു. ബി.സി.സി.ഐയുടെ നടപടി രാജ്യവിരുദ്ധമാണെന്നും താക്കറെ പ്രതികരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ബി.ജെ.പി മന്ത്രി രംഗത്തെത്തിയത്. ആദിത്യ താക്കറെ ബുര്‍ഖ ധരിച്ച് ഇന്ത്യ-പാക് മത്സരം രഹസ്യമായി കാണുമെന്നാണ് നിതേഷ് റാണെ പറഞ്ഞത്. സ്ത്രീയുടെ ശബ്ദത്തില്‍ സംസാരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പരിഹാസം.
VIDEO | Maharashtra minister Nitesh Rane says, “Aaditya Thackeray will watch India-Pakistan match secretly, wearing a burqa…”
അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരത്തിനെതിരെ നാളെ (ഞായറാഴ്ച) വന്‍ പ്രതിഷേധ പരിപാടികളാണ് ശിവസേന സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിന്ദൂരം അയക്കാനാണ് യു.ബി.ടി വനിതാ വിഭാഗത്തിന്റെ തീരുമാനം.
‘എന്റെ സിന്ദൂരം, എന്റെ രാജ്യം’ എന്നാണ് പ്രതിഷേധ സദസിന്റെ പേര്. മുംബൈയില്‍ ‘സിന്ദൂര്‍ രക്ഷാ അഭിയാന്‍ റാലി’ എന്ന് പേരില്‍ മാര്‍ച്ച് നടത്താനും തീരുമാനമുണ്ട്.
നാളെയാണ് ഏഷ്യ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത്. ദുബൈയില്‍ നടക്കുന്ന എ ഗ്രൂപ്പ് മത്സരത്തിലാണ് ഇരുരാജ്യങ്ങളും മുഖാമുഖം വരുന്നത്.
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമിയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് യു.ബി.ടി ബി.സി.സി.ഐക്കെതിരെ രംഗത്തെത്തിയത്. പാക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദി റെസിസ്റ്റന്റ് ഫ്രണ്ട് ആണ് വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് പഹല്‍ഗാമില്‍ ആക്രമണം നടത്തിയത്.
Content Highlight: Nitesh Rane mocks Aditya Thackeray