എന്‍ഡോസള്‍ഫാന്‍ സമരം കെട്ടുകഥയല്ലേ സാറേ...; ദുരന്തബാധിതരുടെ സമരത്തെ ആക്ഷേപിച്ച യുവാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം
Endosulfan Strike
എന്‍ഡോസള്‍ഫാന്‍ സമരം കെട്ടുകഥയല്ലേ സാറേ...; ദുരന്തബാധിതരുടെ സമരത്തെ ആക്ഷേപിച്ച യുവാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം
ന്യൂസ് ഡെസ്‌ക്
Saturday, 2nd February 2019, 7:23 pm

കോഴിക്കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ സമരത്തെ ആക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരെ പ്രതിഷേധം. നിഷാന്ത് കെ.ടി പെരുമണ്ണ എന്നയാള്‍ക്കെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നത്.

എന്‍ഡോസള്‍ഫാന്‍ സമരം ഒരു കെട്ടുകഥയാണെന്നും സമരത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നത് അവരോടുള്ള പീഡനമാണെന്നും പറഞ്ഞാണ് നിഷാന്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

“എന്‍ഡോസല്‍ഫാന്‍ ദുരന്തം ഒരു കാസര്‍കോട് കെട്ടുകഥ മാത്രമാണ്. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെ.. എന്‍ഡോസള്‍ഫാന്‍ എന്ന മിത്തില്‍ കുടിയിരുത്തി, ഇരകളാക്കി പ്രഖ്യാപിച്ച് തെരുവില്‍ പ്രദര്‍ശന വസ്തുക്കളാക്കി സമരത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്.. ആളുകളില്‍ ഭീതിയും, ദൈന്യതയും പരത്തി ഈ പാവങ്ങളെ ചൂണ്ടയില്‍ ഇരയായി കൊരുത്ത് സമര നായകപ്പട്ടം തേടുന്നവരെ കണ്ടം വഴി ഓടിക്കണം.”- ഇതായിരുന്നു നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകള്‍.

എന്നാല്‍ ഈ പോസ്റ്റിന് താഴെ തന്നെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി. സുപ്രീംകോടതി വിധി പ്രകാരം ലഭിക്കേണ്ട നഷ്ടപരിഹാര തുക അടക്കമുള്ളവയ്ക്ക് വേണ്ടി സമരം നടത്തുന്ന ദുരന്തബാധിതരായ കുട്ടികളും അമ്മമാരും നടത്തുന്ന സമരത്തെ അവഹേളിക്കുന്ന പോസ്റ്റാണെന്നാണ് സോഷ്യല്‍മീഡിയയിലെ പ്രതികരണം.


അതേസമയം ആരോഗ്യമന്ത്രിയും ഇന്ന് സമരത്തിലിരിക്കുന്ന ദുരന്തബാധിതരെ ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് നടത്തിയത്. ഇന്നലെ സര്‍ക്കാരുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

ജനുവരി 30നാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചത്. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് സമരം.

മുഴുവന്‍ ദുരിതബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരം അനുവദിച്ച സഹായധനം എല്ലാവര്‍ക്കും നല്‍കുക, ദുരിതബാധിതരുടെ കടം എഴുതിതള്ളുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

WATCH THIS VIDEO: