എനിക്കോ ബാക്കിയുള്ളവര്‍ക്കോ മലയാളി ഫ്രം ഇന്ത്യയെക്കുറിച്ച് ഒരു ക്ലാരിറ്റിയും തരാതിരിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ആദ്യം മുതലേ ശ്രമിച്ചിരുന്നു: നിഷാദ് കോയ
Film News
എനിക്കോ ബാക്കിയുള്ളവര്‍ക്കോ മലയാളി ഫ്രം ഇന്ത്യയെക്കുറിച്ച് ഒരു ക്ലാരിറ്റിയും തരാതിരിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ആദ്യം മുതലേ ശ്രമിച്ചിരുന്നു: നിഷാദ് കോയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th May 2024, 7:01 pm

മലയാളി ഫ്രം ഇന്ത്യ സിനിമക്ക് തന്റെ സ്‌ക്രിപ്റ്റുമായി ബന്ധമുണ്ടെന്നുള്ള കാര്യം പുറത്തറിയിക്കാതിരിക്കാന്‍ ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ ആദ്യം മുതലേ ശ്രദ്ധിച്ചിരുന്നുവെന്ന് നിഷാദ് കോയ. സാധാരണ ഇത്രയും ബജറ്റുള്ള ഒരു സിനിമയുടെ ഷൂട്ട് ദുബായില്‍ നടക്കുമ്പോള്‍ അത് വാര്‍ത്തയാകുമെന്നും എന്നാല്‍ ഈ സിനിമയില്‍ ദുബായിലെ ഷെഡ്യൂള്‍ പരമ രഹസ്യമാക്കി വെച്ചുവെന്നും നിഷാദ് ആരോപിച്ചു.

സ്‌ക്രിപ്റ്റുമായി സാമ്യമുണ്ടെന്നറിഞ്ഞപ്പോള്‍ ഡിജോയെ വിളിച്ചിരുന്നുവെന്നു നിഷാദ് പറഞ്ഞു. സ്‌ക്രിപ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പാകിസ്ഥാനിയായിട്ടുള്ള കഥാപാത്രം മാത്രമേ കോമണ്‍ ആയിട്ടുള്ളൂവെന്ന് ഡിജോ പറഞ്ഞുവെന്നും നിഷാദ് കൂട്ടിച്ചേര്‍ത്തു. ലിസ്റ്റിന്റെ നിര്‍ബന്ധം കൊണ്ട് മാത്രമാണ് ഡിജോ പ്രൊമോഷനും ടീസറും പുറത്തിറക്കിയതെന്നും നിഷാദ് പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഷാദ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘പൃഥ്വി പറഞ്ഞതനുസരിച്ച് ഞാന്‍ ഡിജോയെ വിളിച്ച് സംസാരിച്ചു. എന്തെങ്കിലും സിമിലാരിറ്റിയുണ്ടെങ്കില്‍ സംസാരിച്ച് ശരിയാക്കാമെന്ന് പറയുകയും ചെയ്തു. പക്ഷേ ഡിജോ പറഞ്ഞത്, പാകിസ്ഥാനി കഥാപാത്രം മാത്രമേ കോമണായിട്ട് ഉള്ളൂ എന്നാണ്. ഞാന്‍ അപ്പോള്‍ അത് വിശ്വസിച്ചു.

ഇവര്‍ പിന്നീട് നടത്തിയ പ്രൊമോഷന്‍ മുഴുവന്‍ കോമഡി സിനിമ എന്ന രീതിക്കായിരുന്നു. ദുബായ് ഷെഡ്യൂളിനെക്കുറിച്ച് ഒരു വിവരവും പുറത്തുവരാതിരിക്കാന്‍ ഇവര്‍ ശ്രദ്ധിച്ചു. ഞാന്‍ ഇവരെ മൊത്തം ശ്രദ്ധിക്കുകയായിരുന്നു. പക്ഷേ ടീസര്‍ ഇറങ്ങിയ സമയത്താണ് എന്റെ സംശയം കൂടുതല്‍ സ്‌ട്രോങ്ങായത്. അതുവരെ ഉണ്ടായിരുന്ന മൂഡ് അല്ല ടീസറില്‍. എന്റെ കഥ തന്നെയാണ് ഇതെന്ന് ഏറെക്കുറെ ഉറപ്പായി.

പക്ഷേ ആ സമയത്ത് ഞാന്‍ ദുബായിലായിരുന്നു. അവിടെ വെള്ളപ്പൊക്കമായതുകൊണ്ട് സിനിമ റിലീസാകുന്നതിന് രണ്ട് ദിവസം മുമ്പാണ് എനിക്ക് നാട്ടിലെത്താന്‍ പറ്റിയത്. എന്റെ ലോയറിനെ കണ്ടപ്പോള്‍ ലിസ്റ്റിനെ വിളിക്കാന്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ വിളിച്ചപ്പോള്‍ സിനിമയുടെ റിലീസിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ലിസ്റ്റിന്‍ ചെന്നൈയിലായിരുന്നു.

എല്ലാം കൂടിയായപ്പോള്‍ ഒരു കലാകാരനെന്ന നിലയില്‍ എങ്ങനെയെങ്കിലും പ്രതികരിക്കണമെന്ന ചിന്തയിലാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വിളിച്ച് സംസാരിച്ചയുടനെ ഞാനാ പോസ്റ്റ് ഡിലീറ്റ് ചെയ്തു,’ നിഷാദ് പറഞ്ഞു.

Content Highlight: Nishad Koya alleged that Dijo kept secret about Dubai schedule of Malayali From India movie