ശ്രീഹരിക്കോട്ട: ഇന്ത്യയുടേയും യു.എസിന്റെയും ബഹിരാകാശ ഏജന്‍സികള്‍ സംയുക്തമായി വികസിപ്പിച്ചെടുത്ത ഭൗമ നിരീക്ഷണ ഉപഗ്രഹമായ നൈസാര്‍ ഇന്ന് (ബുധന്‍) വിക്ഷേപിക്കും. നാസ – ഐ.എസ്.ആര്‍.ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ ഉപഗ്രഹത്തിന്റെ ചുരുക്കപ്പേരായ നൈസാര്‍, ബഹിരാകാശ പര്യവേഷണത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നാണ് കരുതുന്നത്.
കാലങ്ങളായി ഇരുരാജ്യങ്ങളും ബഹിരാകാശ ദൗത്യങ്ങള്‍ക്കായി മാന്‍ പവറും സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ തുടങ്ങിയവയും കൈമാറ്റം ചെയ്യാറുണ്ട്. ഇപ്പോള്‍ അമേരിക്കയും ഇന്ത്യയും സംയുക്തമായി വിക്ഷേപിക്കുന്ന ഈ സാറ്റ്ലൈറ്റ്, സൗര സിന്‍ക്രണസ് ഓര്‍ബിറ്റില്‍ നിന്ന് ഭൂമിയെ മൊത്തത്തില്‍ പഠിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ (ജൂലൈ 29) ഉച്ചയ്ക്ക് 2.10 ന് വിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചിട്ടുണ്ട്. ദൗത്യത്തെ വിക്ഷേപണ ഘട്ടം, വിന്യാസ ഘട്ടം, കമ്മീഷന്‍ ചെയ്യുന്ന ഘട്ടം, ശാസ്ത്ര ഘട്ടം എന്നിങ്ങനെ തരംതിരിക്കുമെന്ന് ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ ഇസ്രോ അറിയിച്ചു.
ഭൂമിയെക്കുറിച്ച് പഠിക്കുക എന്നതാണ് നൈസാര്‍ ദൗത്യത്തിന്റെ ലക്ഷ്യം. ഭൂമിയില്‍ നിന്ന് 747 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന നൈസാര്‍ ഓരോ 12 ദിവസത്തിലും അതിന്റെ ഉപരിതലം സ്‌കാന്‍ ചെയ്യും. ഭൂകമ്പങ്ങള്‍, മണ്ണിടിച്ചില്‍, മഞ്ഞുമലകള്‍ ഉരുകുന്നത്, മനുഷ്യനിര്‍മിത ഘടനകളുടെ തകര്‍ച്ച എന്നിവ ട്രാക്ക് ചെയ്യാന്‍ നിസാര്‍ സാഹായിക്കും.
ഏകദേശം 2,393 കിലോഗ്രാം ഭാരവും 51.7 മീറ്റര്‍ ഉയരവുമാണ് ഈ സാറ്റ്‌ലൈറ്റിനുള്ളത്. അഞ്ച് വര്‍ഷത്തെ ആയുസുള്ള നൈസാര്‍ മൂന്ന് ഘട്ടങ്ങളുള്ള PSLV16 റോക്കറ്റില്‍ നിന്ന് ഇന്ന് വൈകുന്നേരം 5.40ന് ശ്രീഹരിക്കോട്ടയില്‍ നിന്നും പറന്നുയരുമെന്ന് പ്രതീക്ഷിക്കുന്നത്.
സാറ്റ്‌ലൈറ്റിലെ പേലോഡുകളും മെയിന്‍ഫ്രെയിം പത്ത് വര്‍ഷത്തോളമെടുത്താണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇസ്രോയിലെയും നാസയിലെയും ശാസ്ത്രജ്ഞര്‍ സംയുക്തമായാണ് ഉപഗ്രഹത്തിന്റെ രൂപകല്‍പ്പന നടത്തിയത്.