ഒബാമ പ്രസിന്റായിരിക്കെയാണ് ആറ് മുസ്‌ലിം രാജ്യങ്ങളില്‍ ബോംബിട്ടത്; അദ്ദേഹത്തെ എങ്ങനെ വിശ്വസിക്കും: നിര്‍മലാ സീതാരാമന്‍
national news
ഒബാമ പ്രസിന്റായിരിക്കെയാണ് ആറ് മുസ്‌ലിം രാജ്യങ്ങളില്‍ ബോംബിട്ടത്; അദ്ദേഹത്തെ എങ്ങനെ വിശ്വസിക്കും: നിര്‍മലാ സീതാരാമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th June 2023, 8:42 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശനത്തിനിടെ മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ ഇന്ത്യയിലെ ന്യൂനപക്ഷ വിവേചനത്തെ കുറിച്ചുള്ള പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ബരാക് ഒബാമ പ്രസിഡന്റായിരിക്കെയാണ് ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ 26,000 ബോംബുകളാല്‍ ആക്രമിക്കപ്പെട്ടെന്ന് നിര്‍മലാസീതാരാമന്‍ പറഞ്ഞു. ഒബാമയുടെ അവകാശവാദത്തെ എങ്ങനെയാണ് വിശ്വസിക്കുകയെന്നും അവര്‍ ചോദിച്ചു. താന്‍ യു.എസുമായുള്ള ബന്ധത്തെ മാനിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘പ്രധാനമന്ത്രി യു.എസ് സന്ദര്‍ശിക്കുന്നതിനിടെ മുന്‍ യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമ ഇന്ത്യയിലെ മുസ്‌ലിങ്ങളെ കുറിച്ച് നടത്തിയ പരാമര്‍ശം ആശ്ചര്യപ്പെടുത്തി. ഞാനേറെ ജാഗ്രതയോടെയാണ് സംസാരിക്കുന്നത്. യു.എസുമായുള്ള സൗഹൃദം ഞങ്ങള്‍ക്കാവശ്യമാണ്. ഇന്ത്യയുടെ മതസഹിഷ്ണുതയെ കുറിച്ച് അവിടെ നിന്നും അഭിപ്രായങ്ങള്‍ ഉയരുന്നു. ഒബാമയുടെ ഭരണത്തിന് കീഴില്‍ ആറ് മുസ്‌ലിം ആധിപത്യ രാജ്യങ്ങളില്‍ ബോംബുകളിട്ടു. 26,000 ബോംബുകള്‍ വര്‍ഷിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ആളുകള്‍ എങ്ങനെയാണ് വിശ്വസിക്കുക,’ മന്ത്രി പറഞ്ഞു.

രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തെ പരിഗണിച്ചില്ലെങ്കില്‍ ഇന്ത്യ ഒരു പിളര്‍പ്പിലേക്ക് പോകുമെന്നായിരുന്നു ബരാക് ഒബാമ പറഞ്ഞിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ അദ്ദേഹത്തോട് ഇതിനെക്കുറിച്ച് തുറന്നുപറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ബരാക് ഒബാമ ഇക്കാര്യം പറഞ്ഞത്.

‘ഹിന്ദു ഭൂരിപക്ഷമായ ഇന്ത്യയില്‍ മുസ്ലിം ന്യൂനപക്ഷത്തിന്റെ സംരക്ഷണം എടുത്തു പറയേണ്ട ഒന്നാണ്. എനിക്ക് നന്നായി അറിയാവുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് എന്റെ വാദം മാത്രമാണ്. ഒരുപക്ഷേ ഇത് ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിരിക്കാം,’ ബരാക് ഒബാമ പറഞ്ഞു.

അതേസമയം, ന്യൂനപക്ഷങ്ങളോട് ഇന്ത്യയില്‍ വിവേചനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. ഭരണഘടനയെ മുന്‍ നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ ജാതി, മത, ലിംഗ വേര്‍തിരിവില്ലാതെയാണ് ഭരണം നടത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Content Highlight: Nirmala Sitharaman against barak obama