അപമാനിതനായി എന്ന് പറഞ്ഞിട്ട് വീണ്ടും അവിടെ പോവാതിരിക്കാനുള്ള ബുദ്ധിയെങ്കിലും കാണിക്കാന്‍ പറയു നിങ്ങളുടെ താരത്തിനോട്; ബിനു അടിമാലിക്കെതിരായ സന്തോഷ് പണ്ഡിറ്റിന്റെ വീഡിയോ പങ്കുവെച്ച് നിര്‍മല്‍ പാലാഴി
Kerala
അപമാനിതനായി എന്ന് പറഞ്ഞിട്ട് വീണ്ടും അവിടെ പോവാതിരിക്കാനുള്ള ബുദ്ധിയെങ്കിലും കാണിക്കാന്‍ പറയു നിങ്ങളുടെ താരത്തിനോട്; ബിനു അടിമാലിക്കെതിരായ സന്തോഷ് പണ്ഡിറ്റിന്റെ വീഡിയോ പങ്കുവെച്ച് നിര്‍മല്‍ പാലാഴി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd October 2021, 12:58 pm

കോഴിക്കോട്: ചാനല്‍ പരിപാടിയില്‍ വിളിച്ചുവരുത്തി തന്നെ അപമാനിക്കുകയായിരുന്നു എന്ന് പറഞ്ഞ് അടുത്തിടെയായിരുന്നു നടന്‍ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്. ഇതിന് പിന്നാലെ അതേ പരിപാടിയില്‍ പങ്കെടുത്ത മറ്റു താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റിനെ അനുകൂലിക്കുന്ന ചിലര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

അന്നത്തെ പരിപാടിയില്‍ പങ്കെടുത്ത നടന്‍ നിര്‍മല്‍ പാലാഴിയടക്കമുള്ളവര്‍ക്കെതിരെയായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കാന്‍ കൂട്ടുനിന്നെന്നായിരുന്നു നിര്‍മലിനെതിരെ ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍ താന്‍ ആരേയും അധിക്ഷേപിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഇനി ആ ഷോയില്‍ സ്‌കിറ്റ് ചെയ്യാന്‍ അല്ലാതെ ചാറ്റിനോ ഗെയിം ചെയ്യാനോ പോകില്ല എന്നും നിര്‍മല്‍ പാലാഴി പറഞ്ഞിരുന്നു.

വിഷയത്തില്‍ തനിക്ക് പറയാനുള്ള ചില കാര്യങ്ങള്‍ കൂടി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയാണ് നിര്‍മല്‍ പാലാഴിയിപ്പോള്‍. സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചു എന്ന് പറഞ്ഞ് താനുള്‍പ്പെടെയുള്ളവരെ തെറിവിളിച്ച സന്തോഷിന്റെ ആരാധകര്‍ക്ക് മറുപടിയുമായാണ് നിര്‍മല്‍ പാലാഴി രംഗത്തെത്തിയത്.

അപമാനിതന്‍ ആയി എന്ന് പറഞ്ഞിട്ട് വീണ്ടും അവിടെ പോവാതെ ഇരിക്കുവാന്‍ ഉള്ള ബുദ്ധിയെങ്കിലും കാണിക്കുവാന്‍ നിങ്ങളുടെ താരത്തിനോട് പറയണമെന്നായിരുന്നു നിര്‍മല്‍ പാലാഴി ഫേസ്ബുക്കില്‍ എഴുതിയത്.

”ആ ഷോ കാണുന്നവര്‍ക്ക് അറിയാം പരസ്പരം കളിയാക്കിയും ട്രോളിയും ഉള്ളതാണ്. അതാണ് ആ ഷോയുടെ വിജയവും, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ഉള്ള പ്രോഗ്രാമും ആണ് ഇത്. ‘പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ… നിങ്ങളുടെ ഈ താരത്തിന് മറ്റുള്ളവരെ നിലവാരമില്ലാത്ത ഏത് ഭാഷയിലും എന്തും പറയുവാന്‍ ഉള്ള ലൈസന്‍സ് നിങ്ങള്‍ കൊടുത്തത് ആണോ? അങ്ങനെ ആണെങ്കില്‍ തിരിച്ചു എന്തെങ്കിലും കേട്ടാല്‍ ദയവ് ചെയ്ത് പരാതിയുമായി വരരുത്,” എന്നാണ് നിര്‍മല്‍ പാലാഴി പറഞ്ഞത്. ഇതിനൊപ്പം സ്റ്റാര്‍ മാജിക് പരിപാടിയിലെ ഒരു ഗെയിം നടന്നുകൊണ്ടിരിക്കെ നടന്‍ ബിനു അടിമാലിയെ അധിക്ഷേപിച്ചു സംസാരിച്ച സന്തോഷ് പണ്ഡിറ്റിന്റെ ഒരു വീഡിയോ കൂടി നിര്‍മല്‍ പങ്കുവെച്ചിട്ടുണ്ട്.

ഗെയിമിനിടെ ബിനു അടിമാലി സന്തോഷ് പണ്ഡിറ്റിന് അടി കൊടുക്കാന്‍ പോകുമ്പോള്‍ ഈ അടി ഞാന്‍ മലയാള സിനിമയ്ക്ക് സമര്‍പ്പിക്കുന്നു എന്ന് പറയുകയാണ്. അപ്പോള്‍ അങ്ങനെ പറയുന്നത് തെറ്റാണെന്നും ഒരു സിനിമയില്‍ പോലും നായകനായി അഭിനയിച്ചിട്ടില്ലാത്ത നീ എങ്ങനെ മലയാള സിനിമയുടെ ഭാഗമാകുമെന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് ചോദിച്ചത്. നീ മിമിക്രിക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്കെന്നായിരുന്നു തുടര്‍ന്ന്് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. നീ നായകനായി അഭിനയിച്ച ഏതെങ്കിലും ഒരു പടം നൂറ് കോടി ക്ലബില്‍ കയറിയിട്ടുണ്ടോ എന്നും നീയൊന്നും ജീവിച്ചിരിക്കുമ്പോള്‍ ഒരുത്തനും ശ്രദ്ധിക്കില്ലെന്നും പിന്നെ ചത്താല്‍ ചിലപ്പോള്‍ ശ്രദ്ധിച്ചെന്നു വരും. അല്ലേലും ചില ജീവികളൊക്കെ അങ്ങനാ ചത്ത് ചീഞ്ഞ് നാറ്റമടിക്കുമ്പോഴേ മറ്റ് ചിലരുടെ ശ്രദ്ധയില്‍പ്പെടൂ. ആ നാറ്റം ചിലര്‍ക്കൊക്കെ സുഗന്ധമായി തോന്നും. അതാരുടേയും കുറ്റമല്ല എന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്.

അതേസമയം ഒരു തുടക്കകാരന്‍ എന്ന നിലയില്‍ ഫ്‌ളവേഴ്‌സിന്റെ പരിപാടിയില്‍ പോയപ്പോള്‍ തനിക്ക് കിട്ടിയ സപ്പോര്‍ട്ട് ചെറുതൊന്നും അല്ലെന്നും തുടക്കക്കാരന്‍ ആയത് കൊണ്ട് മാറിനിന്ന തന്നെ ചേര്‍ത്ത് പിടിച്ചു കൂടെ നിര്‍ത്തുകയായിരുന്നു അവരെന്നും നിര്‍മല്‍ പാലാഴി പറഞ്ഞു.

സന്തോഷ് പണ്ഡിറ്റിനെ ചാനല്‍ ഷോയില്‍ അപമാനിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് കഴിഞ്ഞ ദിവസം സിനിമാ താരം ബിനീഷ് ബാസ്റ്റിനും രംഗത്തെത്തിയിരുന്നു.

സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോ ആണെന്നും, സന്തോഷ് പണ്ഡിറ്റിന് ഇപ്പോള്‍ ഉള്ളത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും ബിനീഷ് പറഞ്ഞിരുന്നു.

‘സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോ ആണ്. അവിടെ നടക്കുന്നതെല്ലാം തമാശയ്ക്ക് വേണ്ടി മാത്രം ഉള്ളതാണ്. സന്തോഷ് ജിയെ ആരും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇപ്പോള്‍ സന്തോഷ് ജിയ്ക്ക് ഉള്ളത് വെറും തെറ്റിദ്ധാരണയാണ്, എന്നായിരുന്നു ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞത്.

നിര്‍മല്‍ പാലാഴിയുടെ ഫേസ്ബുക്ക് കുറിപ്പ്

നൂറ് കോടി സിനിമയില്‍ നായകന്‍ ആയ ഇദ്ദേഹം കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പേ ഈ ഷോയില്‍ അപമാനിതനായി എന്നും പറഞ്ഞു വീഡിയോ ചെയ്തിരുന്നു അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ കുറച്ചു ആരാധകര്‍ ഞാന്‍ ഉള്‍പ്പെടെ ഉള്ള കലാകാരന്മാരുടെ പേജുകളില്‍ കയറി തെറി വിളിച്ചിരുന്നു.

ഈ തെറി വിളിച്ച ആരാധകരോട് ഒന്ന് പറഞ്ഞോട്ടെ… അപമാനിതന്‍ ആയി എന്ന് പറഞ്ഞിട്ട് വീണ്ടും അവിടെ പോവാതെ ഇരിക്കുവാന്‍ ഉള്ള ബുദ്ധിയെങ്കിലും കാണിക്കുവാന്‍ പറയു നിങ്ങളുടെ താരത്തിനോട്.

ആ ഷോ കാണുന്നവര്‍ക്ക് അറിയാം പരസ്പരം കളിയാക്കിയും ട്രോളിയും ഉള്ളതാണ്. അതാണ് ആ ഷോയുടെ വിജയവും, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ഉള്ള പ്രോഗ്രാമും ആണ് ഇത്. ‘പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ… നിങ്ങളുടെ ഈ താരത്തിന് മറ്റുള്ളവരെ നിലവാരമില്ലാത്ത ഏത് ഭാഷയിലും എന്തും പറയുവാന്‍ ഉള്ള ലൈസന്‍സ് നിങ്ങള്‍ കൊടുത്തത് ആണോ?

അങ്ങനെ ആണെങ്കില്‍ തിരിച്ചു എന്തെങ്കിലും കേട്ടാല്‍ ദയവ് ചെയ്ത് പരാതിയുമായി വരരുത് ‘ഒരു തുടക്കകാരന്‍ എന്ന നിലയില്‍ അവിടെ പോയപ്പോള്‍ എനിക്ക് കിട്ടിയ സപ്പോര്‍ട്ട് ചെറുതൊന്നും അല്ല. ബിനു ചേട്ടന്‍, സുധി ഏട്ടന്‍, ശശാങ്കന്‍ ചേട്ടന്‍, ഷിയാസ്, ബിനീഷ്, ഡയാന, അനു, ഐശ്വര്യ, ശ്രീവിദ്യ…. എല്ലാവരും തുടക്കക്കാരന്‍ ആയത് കൊണ്ട് മാറിനിന്ന എന്നെ ചേര്‍ത്ത് പിടിച്ചു കൂടെ നിര്‍ത്തിയിട്ടെ ഉള്ളു.

എനിക്ക് സ്‌കിറ്റ് സെറ്റാക്കിയ അഖില്‍നോടും മുരളി ഏട്ടനോടും മധുഏട്ടനോടും ഈ ചെറിയ കലാകാരനെ അര്‍ഹിക്കുന്നതില്‍ അപ്പുറം പ്രോത്സാഹിപ്പിച്ച നവ്യ നായരോടും അതില്‍ എല്ലാം ഉപരി എനിക്ക് ഈ ഷോയില്‍ അവസരം തന്ന ഡയറക്ടര്‍ അനൂപ് ഏട്ടനോടും നിറഞ്ഞ സ്‌നേഹം മാത്രം. താങ്ക് യു ഫ്‌ളവേഴ്‌സ് ടി.വി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Nirmal palzhi Santhosh Pandit Binu Adimal Video Flowers Programme Controversy