'കടുത്ത വിഷാദവും ഉത്കണ്ഠയുമാണ്, ജാമ്യം അനുവദിക്കണം'; പുറത്തിറങ്ങാന്‍ പുതിയ അടവ് പയറ്റി നീരവ് മോദി
national news
'കടുത്ത വിഷാദവും ഉത്കണ്ഠയുമാണ്, ജാമ്യം അനുവദിക്കണം'; പുറത്തിറങ്ങാന്‍ പുതിയ അടവ് പയറ്റി നീരവ് മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th October 2019, 3:08 pm

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വിവാദ വ്യവസായി നീരവ് മോദി പുതിയ ജാമ്യാപേക്ഷയുമായി കോടതിയില്‍. കടുത്ത വിഷാദ രോഗവും ഉത്കണ്ഠയും അനുഭവിക്കുകയാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് നീരവ് മോദി ലണ്ടന്‍ കോടതിയോട് ആവശ്യപ്പെട്ടത്.

തന്നെ വീട്ടുതടങ്കലില്‍ അടച്ചോളൂ എന്നും നീരവ് ജാമ്യാപേക്ഷയില്‍ പറയുന്നു. മാര്‍ച്ച് 19ന് അറസ്റ്റിലായ നീരവ് മോദിയുടെ നാല് ജാമ്യാപേക്ഷകളും ലണ്ടന്‍ കോടതി തള്ളിയിരുന്നു.

ലണ്ടന്‍ നിയമപ്രകാരം നാല് തവണയും കോടതി ജാമ്യം നിഷേധിച്ചതോടെ പുതിയ കാരണം നിരത്തി മാത്രമേ നീരവിന് ഇനി ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ കഴിയൂ. ഇത് ഉന്നംവച്ചാണ് നീരവ് ആരോഗ്യപ്രശ്‌നങ്ങളുന്നയിക്കുന്നതെന്ന് നിയമ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്
ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജാമ്യം അനുവദിച്ചാല്‍ രാജ്യം വിടാന്‍ ശ്രമിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ലണ്ടന്‍ കോടതി നാലാമത്തെ അപേക്ഷയിലും ജാമ്യം നിഷേധിച്ചത്. നിലവില്‍ ലണ്ടനിലെ വാന്‍സ് വര്‍ത്ത് ജയിലിലാണ് നീരവ് മോദി.

നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ആലോചനകളും പുരോഗമിക്കുന്നുണ്ട്. നീരവ് മോദിയെ വിട്ടുനല്‍കിയാല്‍ ഏത് ജയിലിലായിരിക്കും തടവിലിടുന്നതെന്ന് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കണമെന്ന് കോടതി ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

മാര്‍ച്ച് 19നാണ് നീരവ് മോദിയെ ലണ്ടന്‍ പൊലീസ് അറസ്റ്റു ചെയ്ത്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 13,000 കോടി തട്ടിപ്പു നടത്തിയതാണ് മോദിക്കെതിരെയുള്ള കുറ്റം. നേരത്തെ സെന്‍ട്രല്‍ ബാങ്ക് ബ്രാഞ്ചില്‍ പുതിയ അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കോട്ലന്റ് യാര്‍ഡ് അറസ്റ്റ് ചെയ്ത കേസിലും നീരവിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു.