പാലക്കാട്: നിപ ബാധിച്ച് പാലക്കാട് സ്വദേശി മരിച്ച സാഹചര്യത്തില്‍ പാലക്കാട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളില്‍ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. നിപ ബാധിച്ചാണ് മരണമെന്നാണ് പ്രാഥമിക സ്ഥിരീകരണം. അന്തിമ പരിശോധനയ്ക്കായി സ്രവ സാമ്പിള്‍ പൂനെക്ക് അയച്ചു.
ചികിത്സയിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും രോഗിക്കൊപ്പം സഹായിയായി ഒരാള്‍ മാത്രം മതിയെന്നും ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള തച്ചനാട്ടുകര സ്വദേശിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇതോടെ കനത്ത ജാഗ്രതിയാണ് ആരോഗ്യവകുപ്പ്. നിപ സ്ഥിരീകരിച്ച പാലക്കാട് മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലെ 25, 26, 27, 28 വാര്‍ഡുകളും കുമരംപുത്തൂരിലെ 8 മുതല്‍ 14 വരെയുള്ള വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകളോട് ക്വാറന്റെയ്‌നില്‍ പോകാനും നിര്‍ദേശം നല്‍കി.
നിലവില്‍ സമ്പര്‍ക്കട്ടികയിലുള്ള 46 പെരെ കണ്ടെത്തുകയും റൂട്ട് മാപ്പ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സ്ഥിരീകരണം ലഭ്യമാകുമ്പോള്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ടീമിനെ ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി.
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 543 പേരാണ് ഉള്ളത്. അതില്‍ 46 പേര്‍ പുതിയ കേസിലെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണ്. മലപ്പുറം – 208 പേര്‍ പാലക്കാട് – 219 പേര്‍ കോഴിക്കോട് – 114 പേര്‍, എറണാകുളം – 2 പേര്‍ എന്നിങ്ങനെയാണ് സമ്പക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 10 പേര് ചികിത്സിയിലും രണ്ട് പേര് ഐ.സി.യുവിലുമാണ്.