എഡിറ്റര്‍
എഡിറ്റര്‍
ക്യാന്‍സര്‍ ചികിത്സക്കിടെ രക്തം സ്വീകരിച്ച ഒമ്പതു വയസുകാരിയ്ക്ക് എച്ച്.ഐ.വി; മുഖ്യമന്ത്രിയ്ക്ക് ചെന്നിത്തലയുടെ കത്ത്
എഡിറ്റര്‍
Thursday 14th September 2017 10:18pm

കോഴിക്കോട്: തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സക്കിടെ രക്തം സ്വീകരിച്ച ഒമ്പതുകാരിക്ക് എച്ച്.ഐ.വി ബാധിച്ചതായി പരാതി. ആലപ്പുഴ സ്വദേശിനിയായ ഒന്‍പതുകാരിക്കാണ് എയ്ഡ്സ് ബാധിച്ചതായി കുട്ടിയുടെ മാതാപിതാക്കളുടെ പരാതി. ഇതേ തുടര്‍ന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഈ കുടുംബത്തിന്റെ സംരക്ഷണവും കുട്ടിയുടെ ചികിത്സയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മാര്‍ച്ച് ഒന്‍പതിനാണ് കുട്ടി ആര്‍.സി.സിയില്‍ ചികിത്സ തേടിയത്. ഒരാഴ്ച മുമ്പ് നടന്ന പരിശോധനയിലാണ് കുട്ടിക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. അതേസമയം, മാതാപിതാക്കള്‍ക്ക് എച്ച്ഐവി ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.


Also Read:  ‘ഒരേ പേര് നൂറ് അക്കൗണ്ട്’; വ്യാജ ട്രെന്‍ഡുകളുമായി ട്വിറ്ററില്‍ സംഘപരിവാറിന്റെ കുപ്രചരണം


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അങ്ങേയറ്റം വിഷമത്തോടെയും അതിലേറെ അമര്‍ഷത്തോടെയുമാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. എന്റെ നിയോജകമണ്ഡലത്തില്‍പ്പെട്ട ഒരു ഒന്‍പത് വയസുകാരി രക്താര്‍ബുദത്തിന് തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ കുട്ടിയെ പ്രവേശിച്ചതാണ്. ഇപ്പോള്‍ ഈ കുഞ്ഞ് എച്ച്.ഐ.വി.പോസിറ്റീവ് ആണ്. ചികിത്സയില്‍ പ്രവേശിപ്പിക്കുമ്പോള്‍ എച്ച്.ഐ.വി. ബാധിതയായിരുന്നില്ല. നാല് തവണ കീമോതെറാപ്പിയ്ക്ക് വിധേയയാക്കിയിരുന്നു. ഇതേതുടര്‍ന്ന് കണ്ണിലുണ്ടായ അണുബാധയ്ക്ക് ശസ്ത്രക്രിയനിര്‍ദേശിക്കുകയായിരുന്നു.ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടത്തിയ രക്തപരിശോധന ഫലം മാതാവ് കാണാനിടയായപ്പോഴാണ് കുട്ടിയ്ക്ക് എച്ച്.ഐ.വി. ബാധിച്ച കാര്യം അറിയുന്നത്.

ഗുരുതരമായ വീഴ്ചയാണ് ആര്‍.സി.സിയിലെ ഡോക്റ്റര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. പ്രാഥമിക ചികിത്സാ പ്രോട്ടോക്കോള്‍ പോലും പാലിക്കാതെയാണ് ഈ കുട്ടിയുടെ ചികിത്സ നിര്‍വഹിച്ചിരിക്കുന്നത്. എച്ച്.ഐ.വി. ബാധിച്ച കാര്യം മാതാപിതാക്കളോട് മറച്ചു വയ്ക്കുകയാണ് അധികൃതര്‍ ചെയ്തത്. അര്‍ബുദ ചികിത്സയ്ക്ക് രാജ്യാന്തര തലത്തില്‍ പ്രശസ്തമായ ആര്‍.സി.സി പോലുള്ള സര്‍ക്കാര്‍ സ്ഥാപനത്തിന് സ്ഥാപനത്തിന് സംഭവിച്ച വീഴ്ച പൊതുജനാരോഗ്യ സംവിധാനത്തിന് തീരാകളങ്കമാണ്.

ആശുപത്രിക്ക് പുറത്തുള്ള ഒരു വിദഗ്ധ മെഡിക്കല്‍ സംഘത്തെ അന്വേഷിക്കാന്‍ നിയോഗിക്കണം,
കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഈ കുടുംബത്തിന്റെ സംരക്ഷണവും കുട്ടിയുടെ ചികിത്സയും സര്‍ക്കാര്‍ ഏറ്റെടുക്കണം.
ആര്‍.സി.സിയുടെ സല്‍പ്പേര് നിലനിര്‍ത്തേണ്ടത് നാടിന്റെ ആവശ്യമാണ്.ഒട്ടേറെ രോഗികളുടെ ആശ്രയ കേന്ദ്രവുമാണ്.അതുകൊണ്ട് ഇനിയൊരു രോഗിക്കും ഈ ദുര്‍ഗതി സംഭവിക്കാത്ത വിധത്തില്‍ ആര്‍.സി.സി.യുടെ പരിശോധന-ചികിത്സ സംവിധാനം കൂടുതല്‍ കാര്യക്ഷമാക്കുന്നതിനുള്ള കര്‍ശനനിര്‍ദേശം കൂടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകണം എന്ന് ഞാന്‍ ശക്തമായി ആവശ്യപ്പെടുന്നു.

Advertisement