നിമിഷപ്രിയയുടെ മോചനത്തില്‍ ഇടപെട്ട് സുപ്രീം കോടതി; നയതന്ത്ര സംഘത്തെ നിയോഗിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാം
nimisha priya
നിമിഷപ്രിയയുടെ മോചനത്തില്‍ ഇടപെട്ട് സുപ്രീം കോടതി; നയതന്ത്ര സംഘത്തെ നിയോഗിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th July 2025, 11:56 am
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതിനിധികളും ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളുമടങ്ങുന്ന മധ്യസ്ഥ സംഘമാണ് യെമനില്‍ നേരിട്ടുള്ള മധ്യസ്ഥ ചര്‍ച്ചക്കള്‍ക്കൊരുങ്ങുന്നതെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ അഡൈ്വസറും സുപ്രീം കോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രന്‍

ന്യൂദല്‍ഹി: നിമിഷപ്രിയയുടെ മോചനത്തില്‍ ഇടപെട്ട് സുപ്രീം കോടതി. നയതന്ത്ര സംഘത്തെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിമിഷപ്രിയയുടെ ആക്ഷന്‍ കൗണ്‍സിലിന് ആവശ്യപ്പെടാമെന്ന് കോടതി പറഞ്ഞു.

നയതന്ത്ര മധ്യസ്ഥ ചര്‍ച്ചക്കായി കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുണ്ടാകണമെന്നും അതിന് കോടതി നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചോ എന്ന കോടതിയുടെ ചോദ്യത്തിന് ആക്ഷന്‍ കൗണ്‍സില്‍ മാറ്റിവെച്ചുവെന്ന് മറുപടി നല്‍കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ആക്ഷന്‍ കൗണ്‍സില്‍ നയതന്ത്ര സംഘത്തിനായി ആവശ്യമുന്നയിക്കാന്‍ അനുമതി നല്‍കിയത്.

കേന്ദ്രം ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം. ഇതിനുമുമ്പും സമാനമായ ആവശ്യം ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ചിരുന്നു.

എന്നാല്‍ നിമിഷയുടെ മോചനത്തില്‍ തങ്ങള്‍ക്ക് ഇനി ഒന്നും ചെയ്യാനില്ലെന്നായിരുന്നു കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. സര്‍ക്കാരിന് കാര്യമായതൊന്നും ചെയ്യാന്‍ കഴിയില്ലെന്നും യെമന്‍ സെന്‍സിറ്റിവിറ്റിയുള്ള രാജ്യമാണെന്നും കേന്ദ്രം പറഞ്ഞിരുന്നു.

ഹൂത്തി നിയന്ത്രണത്തിലുള്ള മേഖലയെ ഇന്ത്യ നയതന്ത്രപരമായി അംഗീകരിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

എന്നാൽ ഇപ്പോൾ നിമിഷപ്രിയയുടെ മോചനത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. ഓഗസ്റ്റ് 14ന് ഹരജി വീണ്ടും പരിഗണിക്കും.

കോടതി ഉത്തരവിന് പിന്നാലെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതിനിധികളും ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളുമടങ്ങുന്ന മധ്യസ്ഥ സംഘമാണ് യെമനില്‍ നേരിട്ടുള്ള മധ്യസ്ഥ ചര്‍ച്ചക്കള്‍ക്കൊരുങ്ങുന്നതെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ അഡൈ്വസറും സുപ്രീം കോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

Content Highlight: Supreme Court intervenes in Nimishapriya’s release