നിമിഷ സജയൻ തമിഴിലേക്ക്
Film News
നിമിഷ സജയൻ തമിഴിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd September 2023, 9:06 am

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിലൂടെ മലയാളിയുടെ പ്രിയങ്കരിയായ നടിയാണ് നിമിഷ സജയൻ. മലയാളത്തിൽ നിന്നും തമിഴിലേക്ക് രംഗപ്രവേശനം ചെയ്യുകയാണ് താരം. എസ്.യു. അരുൺ സംവിധാനം ചെയ്യുന്ന ചിറ്റ എന്ന സിനിമയിലൂടെയാണ് താരത്തിന്റെ ചുവടുവെപ്പ്.

പന്നയ്യാറും പദ്മിനിയും, സേതുപതി തുടങ്ങിയവ അരുണിന്റെ മറ്റു ശ്രദ്ദേയമായ ചിത്രങ്ങളാണ്. സിദ്ധാർഥ് പ്രധാന കഥാപാത്രത്തിലെത്തുന്ന സിനിമയാണ് ചിറ്റ. സിദ്ധാർത്ഥിന്റെ ഹോം ബാനറായ എടാകി എന്റർടൈൻമെന്റിന്റെ കീഴിലാണ് സിനിമ എത്തുന്നത്. ഇതൊരു ഇമോഷണൽ കിഡ്നാപ്പ് ത്രില്ലർ സിനിമയാണ്. ചിത്രത്തിൽ നിമിഷയ്ക്ക് പുറമെ അഞ്ജലി, സിദ്ധാർഥ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഈ മാസം 28നാണ് ചിത്രം തീയേറ്ററുകളിലേക്കെത്തുന്നത്.

തുറമുഖം, മാലിക്, ഒരു തെക്കൻ തല്ലുകേസ്, നായാട്ട്, സ്റ്റാൻഡ് അപ്പ്, വൺ,നാൽപത്തിയൊന്ന് തുടങ്ങിയവ മലയാളത്തിലെ നിമിഷയുടെ മറ്റു ചിത്രങ്ങളാണ്. ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നിമിഷ മിന്നും പ്രകടനം കാഴ്ചവെച്ച സിനിമയാണ്. 2022ൽ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് നേടി.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിമിഷ. സിദ്ധാർത്ഥിന്റെ നായികയായി എത്തുന്ന ചിറ്റ എന്ന സിനിമയും വളരെ പ്രതീക്ഷയോടെയാണ് മലയാളികൾ ഉറ്റു നോക്കുന്നത്. തമിഴിന് പുറമെ തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലും ചിറ്റ പ്രദർശിപ്പിക്കുന്നുണ്ട്. അച്ഛന്റെ ഇളയ സഹോദരന്റെ(ചിറ്റ) സ്നേഹത്തെയും വാത്സല്യത്തെയും കുറിച്ച് പറയുന്ന ഒരു ഹോം ത്രില്ലർ സിനിമയാണ് ചിറ്റ.

തന്റെ ആദ്യ സിനിമ തന്നെ സിദ്ധാർത്ഥിന്റെയും അരുണിന്റേയും കൂടെ ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് നിമിഷ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
പ്രതിഭാധനനായ നടിയാണ് നിമിഷയെന്ന് സിദ്ധാർഥ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വളരെ കുറച്ചു നടിമാർക്ക് മാത്രം ചെയ്യാൻ കഴിയാവുന്ന പ്രകടനമാണ് നിമിഷ കാഴ്ചവെച്ചതെന്നും താരം പറഞ്ഞു.

Content Highlight: Nimisha Sajayan to Tamil film