പെണ്‍മനമറിയുന്ന ഒരുപാട് ആണ്‍സംവിധായകര്‍ ഇവിടെയുണ്ട്: നിമിഷ സജയന്‍
Malayalam Cinema
പെണ്‍മനമറിയുന്ന ഒരുപാട് ആണ്‍സംവിധായകര്‍ ഇവിടെയുണ്ട്: നിമിഷ സജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th August 2025, 4:07 pm

2017ല്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് നിമിഷ സജയന്‍. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2018ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടാന്‍ നിമിഷക്ക് സാധിച്ചിരുന്നു.

ഇപ്പോള്‍ സ്ത്രീകള്‍ നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങള്‍ സിനിമയില്‍ അവതരിപ്പിക്കാന്‍, സ്ത്രീകള്‍ കഥ എഴുതി സംവിധാനം ചെയ്യണമെന്ന് പറയുന്നതില്‍ കാര്യമുണ്ടെന്ന് തോന്നിയിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നിമിഷ.

‘സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളുടെ കഥ പറയുന്ന ഒരുപാട് സിനിമകളുണ്ട്. ഈ പറയുന്ന രണ്ടുതരം സംവിധായകര്‍ക്കൊപ്പവും ഞാന്‍ അത്തരം സിനിമകള്‍ ചെയ്തിട്ടുണ്ട്.

ഈടയെന്ന സിനിമയില്‍ സമൂഹത്തിലെ സര്‍വംസഹയായ പെണ്ണിന്റെ മനസ് തൊട്ടറിഞ്ഞ സംവിധായകനെ നമ്മള്‍ കണ്ടിട്ടുണ്ട്. അതുപോലെ പെണ്‍മനമറിയുന്ന ഒരുപാട് ആണ്‍സംവിധായകര്‍ ഇവിടെയുണ്ട്,’ നിമിഷ സജയന്‍ പറയുന്നു.

സ്ത്രീകള്‍ നേരിടുന്ന വിഷയങ്ങള്‍ ഒരു സംവിധായിക പറയുമ്പോള്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ ഒരുപോലെ ആയിരിക്കുമെന്നും തനിക്ക് പെട്ടെന്ന് കണക്ട് ചെയ്യാന്‍ കഴിയുമെന്നും നടി പറഞ്ഞു. അതേസമയം വിഷയം ആര് പറഞ്ഞാലും അതിന്റെ റിസള്‍ട്ട് നന്നായാല്‍ മതിയെന്നും നിമിഷ കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിനോട് സംസാരിക്കുകയായിരുന്നു നടി. ‘മലയാള സിനിമയിലെ ന്യൂജെന്‍ നായിക’ എന്ന വിശേഷണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അതിനും നിമിഷ അഭിമുഖത്തില്‍ മറുപടി നല്‍കി.

‘മലയാള സിനിമയില്‍ മാറ്റവുമായെത്തിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ സിനിമയില്‍ എത്തിയത്. ആ മാറ്റത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞു എന്നതാണ് എന്റെ സന്തോഷം.

അതിനിടയില്‍ റിയല്‍ ലൈഫ് സ്റ്റോറിയും രാഷ്ട്രീയവും വിഷയമാക്കിയ വ്യത്യസ്ത സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. അതിനൊപ്പം തന്നെ സ്ത്രീസംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ സാധിച്ചു,’ നിമിഷ സജയന്‍ പറയുന്നു.

Content Highlight: Nimisha Sajayan Talks About Female Oriented Movies