മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് നിമിഷ സജയന്‍. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് എത്തിയ നിമിഷ വളരെ പെട്ടന്നുതന്നെ മലയാളത്തിലെ മുന്‍നിര നടിമാരില്‍ ഒരാളായി മാറി.
ജിഗര്‍തണ്ട ഡബിള്‍ എക്‌സ്, ചിത്താ എന്നീ തമിഴ് സിനിമകളില്‍ നിമിഷ അഭിനയിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. റിച്ചി മെഹ്ത സംവിധാനം ചെയ്ത പോച്ചര്‍ എന്ന വെബ് സീരീസിലെ പ്രകടനത്തിന് ബോളിവുഡ് നടിയും സീരീസിന്റെ നിര്‍മാതാവുമായ ആലിയ ഭട്ട് നിമിഷയെ പ്രശംസിച്ചിരുന്നു.
ജിഗര്‍തണ്ട ഡബിള്‍ എക്‌സ് എന്ന ചിത്രത്തില്‍ നിമിഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു മലയരസി. മികച്ച പ്രകടനമായിരുന്നു നിമിഷ സജയന്‍ മലയരസിയായി കാഴ്ചവെച്ചത്. തന്നെ സംബന്ധിച്ച് മലയരസി വളരെ സുന്ദരിയാണെന്ന് നിമിഷ പറയുന്നു. ചിത്തയിലെ ദിവ്യയും സുന്ദരിയാണെന്നും ആളുകള്‍ എന്ത് അടിസ്ഥാനത്തിലാണ് സൗന്ദര്യത്തെ നിര്‍വചിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും നടി പറഞ്ഞു. സുധീര്‍ ശ്രീനിവാസനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിമിഷ സജയന്‍.
‘മലയരസി ഭയങ്കര സുന്ദരിയാണ്. ആ കോസ്റ്റിയൂം എല്ലാം ഇട്ട് വന്ന് കണ്ണാടിയുടെ മുന്നില്‍ നില്‍കുമ്പോള്‍ മലയരസിയുടെ ഭംഗി മനസിലാകും. കണ്ണാടി നോക്കുമ്പോള്‍ ഞാന്‍ തന്നെ എത്രയോ വട്ടം പറഞ്ഞിട്ടുണ്ട്, മലയരസി കൊള്ളാലോയെന്ന്. ചിത്തയിലെ ദിവ്യയും ഭയങ്കര സുന്ദരിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ആളുകള്‍ എങ്ങനെയാണ് സൗന്ദര്യത്തെ നിര്‍വചിക്കുന്നതെന്ന് എനിക്ക് മനസിലായിട്ടില്ല. ഓരോരുത്തര്‍ക്കും സൗന്ദര്യം വ്യത്യസ്തമായിരിക്കും. ഒരുപാട് മേക്കപ്പ് ഇടാതെയാണ് ഞാന്‍ ഓരോ സിനിമയിലും അഭിനയിക്കുന്നത്. സാധാരണക്കാരെ കൂടുതല്‍ ചെയ്യുന്നതുകൊണ്ടാകാം ഒരുപാട് മേക്കപ്പിടാന്‍ എന്റെ സംവിധായകരും എന്നെ നിര്‍ബന്ധിച്ചിട്ടില്ല,’ നിമിഷ സജയന്‍ പറയുന്നു.