സീസറിനരികിൽ ചിരിയുമായി മലയരസി, ചിത്രം പങ്കുവെച്ച് നിമിഷ
Entertainment news
സീസറിനരികിൽ ചിരിയുമായി മലയരസി, ചിത്രം പങ്കുവെച്ച് നിമിഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th November 2023, 4:23 pm

സിനിമാ പ്രേമികൾക്കിടയിൽ ഏറെ ആരാധകരുള്ള സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. കാർത്തിക്കിന്റെ സംവിധാനത്തിൽ എസ്‌.ജെ.സൂര്യയും രാഘവ ലോറൻസും പ്രധാന വേഷത്തിലെത്തിയ ‘ജിഗർതണ്ട ഡബിൾ എക്സ്’ എന്ന ചിത്രം കഴിഞ്ഞ ദിവസം പ്രദർശനത്തിന് എത്തിയിരുന്നു.

2014 ൽ കാർത്തിക് തന്നെ സംവിധാനം ചെയ്ത് സിദ്ധാർഥ്, വിജയ് സേതുപതി, ബോബി സിംഹ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായ ജിഗർതണ്ടയുടെ മറ്റൊരു പതിപ്പാണ് പുതിയ ഡബിൾ എക്സ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ നടി നിമിഷ സജയൻ തന്റെ ഇൻസ്റ്റയിൽ പോസ്റ്റ്‌ ചെയ്ത പുതിയ ചിത്രമാണ് ജിഗർതണ്ട കണ്ട പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ‘സീസർ മലയരസി’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ്‌ ചെയ്ത ചിത്രത്തിൽ രാഘവ ലോറൻസിനെയും നിമിഷയേയും കാണാം. ചിത്രത്തിൽ രാഘവ ലോറൻസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് അല്ലിയം സീസർ.

View this post on Instagram

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

മലയരസി നിമിഷയുടെ കഥാപാത്രത്തിന്റെ പേരാണ്. കണ്ണടച്ചിരിക്കുന്ന സീസറിനരികിൽ ചിരിച്ചുകൊണ്ട് നോക്കിയിരിക്കുന്ന മലയരസിയുടെ ചിത്രത്തിന് നിരവധിപേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്. ഈ വർഷം തന്നെയിറങ്ങിയ ചിറ്റ എന്ന ചിത്രത്തിലൂടെ നിമിഷ തമിഴിൽ തിളങ്ങിയിരുന്നു. എന്നാൽ അവസാനമായി രാഘവ ലോറൻസിന്റേതായി പുറത്തിറങ്ങിയ ചന്ദ്രമുഖി 2 പ്രതീക്ഷിച്ച വിജയം നേടിയില്ല.


ജിഗർതണ്ട ഡബിൾ എക്‌സിന്റെ പ്ലോട്ട് ആദ്യത്തേതിനോട് സാമ്യമുള്ളതാണ്. എന്നാൽ കാർത്തിക് സുബ്ബരാജ് എന്ന ക്രാഫ്റ്റ്മാൻ പതിവ് പോലെ തന്നെ വ്യത്യസ്തമായിട്ടാണ് തന്റെ സിനിമയെ സമീപിച്ചിട്ടുള്ളത്. വലിയൊരു ഗാങ്സ്റ്ററിനെ അന്വേഷിച്ച് വരുന്ന ഫിലിം മേക്കറും അയാളുടെ കഥയുമായിരുന്നു ജിഗർതണ്ടയിൽ പറഞ്ഞിരുന്നത്.

ചിത്രത്തിലെ പ്രകടനത്തിന് നടൻ ബോബി സിംഹയ്ക്ക്‌ ദേശീയ അവാർഡും ലഭിച്ചിരിക്കുന്നു. ഡബിൾ എക്സിലോട്ട് വന്നാൽ പ്രകടനത്തിലാണെങ്കിലും മേക്കിങ്ങിലാണെങ്കിലും കൈയടി നേടുന്നുണ്ട് ചിത്രം.

ഷൈൻ ടോം ചാക്കോയും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. കാർത്തിക് സുബ്ബാരാജ് തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ദീപാവലി റിലീസുകളിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു.

Content Highlight: Nimisha Sajayan Share A Photo With Raghava Lorance