ന്യൂദല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനെന്ന പേരില്‍ വ്യാജ പണപ്പിരിവ് നടത്തുന്ന സുവിശേഷ പ്രഭാഷകന്‍ കെ.എ. പോളിനെതിരെ പരാതി.
നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റേതാണ് നീക്കം. മുഖ്യമന്ത്രിയ്ക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് ആക്ഷന്‍ കൗണ്‍സില്‍ പരാതി നല്‍കിയിരിക്കുന്നത്.
നിലവില്‍ നിമിഷപ്രിയയുടെ മോചനത്തിനായി യാതൊരു പിരിവിനും തീരുമാനിച്ചിട്ടില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡ്വസൈറും സുപ്രീം കോടതി അഭിഭാഷകനായ കെ. സുഭാഷ് ചന്ദ്രന്‍ അറിയിച്ചു. ദിയാധനം സംബന്ധിച്ച തീരുമാനം യെമനില്‍ നിന്നും വരാത്തതാണ് അതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എ. പോളിന്റെ പിരിവും മറ്റുമായി യാതൊരു സഹകരണവും ആക്ഷന്‍ കമ്മിറ്റിക്കില്ലെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
‘കെ.എ. പോള്‍ എന്നൊരാള്‍ നിമിഷപ്രിയയുടെ പേരില്‍ പണം പിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ അക്കൗണ്ടാണെന്ന് പറഞ്ഞുകൊണ്ടാണ് പിരിവ്. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇത് തള്ളിപ്പറഞ്ഞിട്ടുണ്ട്,’ സുഭാഷ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ഇതിനോടകം തന്നെ കെ.എ. പോളിന്റെ എക്‌സ് പോസ്റ്റ് 54,000ത്തിലധികം സബ്‌സ്‌ക്രൈബേര്‍സ് കണ്ടിട്ടുണ്ടെന്നും നിമിഷയുടെ പേരില്‍ കോടിക്കണക്കിന് ആളുകളില്‍ നിന്നും അനധികൃതവും കുറ്റകരവുമായി പണം പിരിച്ചെടുക്കാനാണ് ഇയാൾ ശ്രമിച്ചതെന്നുമാണ് ആക്ഷന്‍ കൗണ്‍സില്‍ പരാതിയില്‍ പറയുന്നത്.
കെ.എ. പോളിനെതിരെ ഉചിതമായ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം. വിദേശകാര്യ മന്ത്രാലയത്തിന്റെതെന്ന പേരില്‍ പാസ്റ്റര്‍ പ്രചരിപ്പിച്ച അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ പരാതിയില്‍ ചേര്‍ത്തിട്ടുണ്ട്.
അതേസമയം നിമിഷപ്രിയയുടെ മോചനത്തിനായി 8.3 കോടി ആവശ്യപ്പെട്ടും അത് കേന്ദ്രസര്‍ക്കാരിന് നേരിട്ട് നല്‍കാമെന്നും പറഞ്ഞുകൊണ്ടുള്ളതാണ് കെ.എ. പോളിന്റെ എക്‌സ് പോസ്റ്റ്. എന്നാല്‍ ഇത് വ്യാജ അവകാശവാദമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം അറിയിക്കുകയായിരുന്നു.
നേരത്തെ നിമിഷയുടെ പേരില്‍ വ്യാജപണപ്പിരിവ് നടക്കുന്നുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ അംഗമായ കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് അറിയിച്ചിരുന്നു. ഈ കേസുമായി പണം മാത്രം കൊതിച്ച് ഒരു സംഘം പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.
ഇത്തരത്തിലുള്ള പണപ്പിരിവില്‍ ആക്ഷന്‍ കൗണ്‍സിലിനും ട്രഷറര്‍ എന്ന നിലയി ൽ വ്യക്തിപരമായി തനിക്കും യാതൊരുവിധ പങ്കുമില്ലെന്നും കുഞ്ഞഹമ്മദ് വ്യക്തമാക്കിയിരുന്നു.
Content Highlight: Action Council files complaint against K.A. Paul for fake money collection in Nimishapriya’s name