കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ വിഷയത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിന് പിന്നാലെ നടക്കുന്ന ചർച്ചകൾ അനുകൂലമെന്ന് സൂചന.
ഇന്ന് രാവിലെ യെമൻ സമയം പത്ത് മണിക്ക് കുടുംബവുമായുള്ള യോഗം പുനരാരംഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ വ്യക്തി, ശൈഖ് ഹബീബ് ഉമറിന്റെ നിർദേശ പ്രകാരം ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കാൻ തലാലിന്റെ നാടായ ദമാറിൽ എത്തിയിട്ടുണ്ട്.
തലാലിന്റെ അടുത്ത ബന്ധു ശൈഖ് ഹബീബ് ഉമറിന്റെ സൂഫി അനുയായിയും മറ്റൊരു പ്രധാന സൂഫി വര്യന്റെ മകനും ആണ് എന്ന കാര്യം പ്രതീക്ഷ നൽകുന്നുണ്ട്. അദ്ദേഹം കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്താൽ നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടൽ ഉണ്ടാകും.
നോര്‍ത്ത് യെമനിലാണ് ചർച്ച നടക്കുന്നത്. ശൈഖ് ഹബീബ് ഉമറിനും തലാലിന്റെ സഹോദരനും പുറമേ യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, ഗോത്ര തലവന്മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
നിമിഷ പ്രിയയുടെ മോചനത്തിനായി അതിവേഗ നീക്കമാണ് നിലവിൽ നടക്കുന്നതെന്ന് മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാൻ നിമിഷ പ്രിയയുടെ ബന്ധുക്കൾക്കോ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിലിനോ സാധിച്ചിരുന്നില്ല.
കുടുംബങ്ങൾക്ക് പുറമെ ഗോത്രങ്ങൾക്കിടയിലും ദമാർ പ്രദേശ വാസികൾക്കിടയിലും വളരെ വൈകാരിക പ്രശ്നമായ ഒരു കൊലപാതകം കൂടിയാണ് തലാലിന്റേത്. അത് കൊണ്ടാണ് ഇത്രയും കാലം ആർക്കും തന്നെ കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലോടെ ആണ് തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാൻ ആദ്യമായി സാധിക്കുന്നത്.
പ്രമുഖ പണ്ഡിതനും സൂഫിയുമായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് വഴിയുള്ള ഇടപെടലാണ് കുടുംബത്തിനെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിർദേശത്തെ കുടുംബം മാനിക്കുകയായിരുന്നു. ഇന്നത്തെ ചർച്ചയിൽ ദയാദാനം സ്വീകരിക്കുന്ന കാര്യത്തിലും, അത് എത്രയാണ് എന്ന കാര്യത്തിലും ഒരു അന്തിമ തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനാൽ നാളെ നടപ്പാക്കാനിരിക്കുന്ന ശിക്ഷാ നടപടി താത്ക്കാലികമായി നീട്ടിവെക്കണമെന്ന കാന്തപുരത്തിന്റെ ആവശ്യം യമൻ ഭരണകൂടം ഇന്ന് പരിഗണിക്കും.
അതേസമയം നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിൽ തുടരുകയാണ്.
Content Highlight: Nimisha Priya’s death sentence may be postponed; discussions are underway