കോഴിക്കോട്: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനം തടസപ്പെടുത്താന്‍ പ്രചരണം.
സമൂഹ മാധ്യമങ്ങളില്‍ കമന്റ് ചെയ്തും കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയുടെ സഹോദരനെ ബന്ധപ്പെട്ടുമാണ് ഒരു വിഭാഗം ആളുകള്‍ നിമിഷയുടെ മോചനം തടസപ്പെടുത്താന്‍ ശ്രമിക്കുന്നത്.
മുബാറക്ക് റാവൂത്തര്‍ എന്ന അക്കൗണ്ടാണ് യെമനിലെ ആളുകളുമായി സംസാരിക്കാനും പ്രകോപനം സൃഷ്ടിക്കാനും ശ്രമിക്കുന്നത്. നിമിഷപ്രിയയുടെ മോചനത്തിനെതിരെ തലാലിന്റെ സഹോദരന്‍ അബ്ദു ഫത്താഹ് മഹ്ദി രംഗത്തുള്ള സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നുള്ള ഈ പ്രചരണം.
കൂടാതെ നിമിഷപ്രിയയുടെ മോചനത്തിനെതിരായ അബ്ദു മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ, അദ്ദേഹത്തിന്റെ തീരുമാനത്തെ അനുകൂലിച്ച് നിരവധി പേര്‍ അറബിയിലും ഇംഗ്ലീഷിലും കമന്റ് ചെയ്യുന്നുമുണ്ട്.
ഇത്തരം കമന്റുകള്‍ നിമിഷയുടെ മോചനത്തിനെതിരെ യെമനില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘം ആളുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതായാണ് വിവരം.
ഇതിനുപുറമെ ഒരു സംഘം മലയാളി പ്രൊഫൈലുകള്‍ ഫത്താഹ് മഹ്ദിയുടെ പോസ്റ്റ് കേരളത്തിലും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
എന്നാൽ നിമിഷപ്രിയയുടെ മോചനത്തിനെതിരെ പ്രചരണം നടക്കുമ്പോഴും, കേരളത്തില്‍ നിന്നുള്ള മതപണ്ഡിതരും സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള മനുഷ്യര്‍ പൊരുത്തപ്പെടേണ്ടതിന്റെ മഹത്വത്തെ കുറിച്ചും നിമിഷയുടെ വീട്ടുകാരുടെ ദുഃഖത്തില്‍ പങ്കുവെച്ചേരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും മഹ്ദിയുടെ പോസ്റ്റിന് താഴെ പ്രതികരിക്കുന്നുണ്ട്.
ധനസഹായം വേണ്ടെന്നും നിമിഷപ്രിയയുടെ വധശിക്ഷയാണ് ഏറ്റവും വലിയ വലിയ നഷ്ടപരിഹാരമെന്നുമാണ് ഫത്താഹ് മഹ്ദി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
വധശിക്ഷ മാറ്റിവെക്കുമെന്ന് തങ്ങൾ പ്രതീക്ഷിച്ചില്ല. തലാലിന് നീതി ലഭിക്കുന്നതുവരെ കേസിൽ നിന്ന് പിന്മാറില്ല. സമ്മര്‍ദങ്ങള്‍ ഞങ്ങളെ പ്രകോപിപ്പിക്കുകയുമില്ല. ഏറെ നാളായി ആഗ്രഹിച്ചിരുന്ന ഒരു നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും മഹ്ദി പറഞ്ഞു.
Content Highlight: Attempts from Kerala to prevent Nimisha Priya’s release