ന്യൂദല്‍ഹി: സുവിശേഷ പ്രഭാഷകന്‍ കെ.എ. പോളിനെതിരെ വിദേശകാര്യ മന്ത്രാലയം. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന്റെ പേരില്‍ കെ.എ. പോള്‍ പണപ്പിരിവ് നടത്തുന്നതിനെതിരെ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
മന്ത്രാലയത്തിന്റെ ഫാക്ട് ചെക് വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്നുവെന്ന് അവകാശപ്പെടുന്ന പാസ്റ്ററാണ്. കെ.എ. പോള്‍.
We have seen claims being made on social media seeking monetary contributions into a GoI designated bank account in the Nimisha Priya case. This is a fake claim.https://t.co/stxeFevl64pic.twitter.com/4gQGIO4gvP
നിമിഷപ്രിയയുടെ മോചനത്തിനായി 8.3 കോടി രൂപ ആവശ്യമുണ്ടെന്നും അത് കേന്ദ്രസര്‍ക്കാരിന് നേരിട്ട് നല്‍കാമെന്നും പറഞ്ഞുകൊണ്ട് കെ.എ. പോള്‍ എക്സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
‘നിമിഷപ്രിയ കേസില്‍ ഇന്ത്യ ഗവണ്‍മെന്റ് നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവനകള്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതൊരു വ്യാജ അവകാശവാദമാണ്,’ ഫാക്ട് ചെക്ക് വിഭാഗം എക്സിലൂടെ അറിയിച്ചു. കെ.എ. പോളിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഫാക്ട് ചെക്ക് വിഭാഗം പ്രതികരിച്ചത്.
അടുത്തിടെ ഏതാനും വിചിത്രവാദങ്ങളുമായി കെ.എ. പോള്‍ രംഗത്തെത്തിയിരുന്നു. നിമിഷപ്രിയയുടെ മോചനത്തിന് താന്‍ തടസം നില്‍ക്കുന്നുവെന്ന തരത്തില്‍ മാതൃഭൂമി വാര്‍ത്ത നല്‍കിയെന്നും 72 മണിക്കൂറിനുള്ളില്‍ ആ പത്രം താന്‍ പൂട്ടിക്കുമെന്നുമായിരുന്നു കെ.എ. പോളിന്റെ വാദം.
ട്രംപുള്‍പ്പെടെ ആരേയും തനിക്ക് ഭയമില്ലെന്നും ഒരു തവണ ട്രംപിനെ താന്‍ ഇംപീച്ച് ചെയ്തതാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇറാനില്‍ ബോംബിട്ടതിന്റെ പേരില്‍ ട്രംപിനെ വീണ്ടും ഇംപീച്ച് ചെയ്യുമെന്നും പാസ്റ്റര്‍ പറഞ്ഞിരുന്നു.
താനായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുമായിരുന്നുവെന്നാണ് കെ.എ. പോളിന്റെ മറ്റൊരു വാദം. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ചെലവില്‍ 21 ദിവസം യെമനില്‍ ഉണ്ടായിരുന്നുവെന്നും നിമിഷയെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടിയായിരുന്നു ശ്രമിച്ചതെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.
അതേസമയം യെമനില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ മലയാള മനോരമ, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്താ സോഴ്സ് കൂടിയാണ് കെ.എ. പോള്‍.
Content Highlight: Ministry of External Affairs against Pastor K.A. Paul