ദുല്‍ഖര്‍ സല്‍മാനുമായുള്ള സൗഹൃദം വളെര പതുക്കെയാണ് തുടങ്ങിയതെന്ന് ഛായാഗ്രാഹകന്‍ നിമിഷ് രവി. കുറുപ്പ്, ലക്കി ഭാസ്‌കര്‍, കൊത്ത എന്നിങ്ങനെ ദുല്‍ഖറിന്റെ മൂന്ന് സിനിമകള്‍ക്കും ക്യാമറ ചലിപ്പിച്ചത് നിമിഷാണ്. ദുല്‍ഖര്‍ നിര്‍മിച്ച ലോക ചാപ്റ്റര്‍ വണ്ണിന്റെയും ക്യാമറ കൈകാര്യം ചെയ്തത് നിമിഷാണ്.
ഇപ്പോള്‍ ദുല്‍ഖറുമായുള്ള സൗഹൃദം ഉണ്ടായതിനെ കുറിച്ച് സംസാരിക്കുകയാണ് നിമിഷ് രവി.
‘ഞാന്‍ നന്നായി സംസാരിക്കുന്നയാളാണ്. കുറുപ്പിന്റെ ജോലി തുടങ്ങിയ സമയത്ത് ഓവറായി സംസാരി ക്കുന്ന എന്നെ ദുല്‍ഖറിന് ഇഷ്ടപ്പെട്ടില്ലെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ചെയ്ത വിഷ്വലിന്റെ അടിസ്ഥാനത്തില്‍ ഡി ക്യൂ സംസാരിച്ചു തുടങ്ങി. ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുമ്പോഴേക്കും ഞങ്ങള്‍ തമ്മില്‍ ഒരു ബോണ്ട് രൂപപ്പെട്ടു.
കുറുപ്പിന് ശേഷം റോഷാക്കിലേക്ക് ഡി.ക്യൂവാണ് എന്നെ നിര്‍ദേശിച്ചത്. കിങ് ഓഫ് കൊത്തയിലെത്തിയപ്പോള്‍ ഞങ്ങള്‍ ഒരുപാട് ദിവസങ്ങള്‍ ഒരുമിച്ചായിരുന്നു. ഏറെ നേരം സംസാരിക്കാന്‍ തുടങ്ങി. ലക്കി ഭാസ്‌കറില്‍ എത്തിയപ്പോഴേക്കും ഏറ്റവും അടുപ്പമായി. ലോകയെ കുറിച്ച് ഡൊമിനിക്കും ഞാനും ചര്‍ച്ച ചെയ്യുന്ന സമയമാണ് അത്. ഡി.ക്യൂവിനോട് കഥ പറഞ്ഞതും അങ്ങനെയാണ്,’ നിമിഷ് പറഞ്ഞു.
2019ല്‍ പുറത്തിറങ്ങിയ ലൂക്ക എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഇടം നേടി. റോഷാക്ക് സിനിമ മാറ്റൊരു ഛായാഗ്രാഹകനെ വച്ച് പ്ലാന്‍ ചെയ്തതായിരുന്നുവെന്ന് മുമ്പ് നിമിഷ് പറഞ്ഞിരുന്നു.
Content highlight: Nimish Ravi talks about his friendship with Dulquer and the movies he have done