പതിനാറാം വയസ്സില്‍ വിമാനം പറത്താന്‍ ലൈസന്‍സ് നേടി മലയാളി പെണ്‍കുട്ടി; നിലോഫര്‍ മുനീറിനിത് സ്വപ്‌ന സാക്ഷാത്കാരം
Kerala News
പതിനാറാം വയസ്സില്‍ വിമാനം പറത്താന്‍ ലൈസന്‍സ് നേടി മലയാളി പെണ്‍കുട്ടി; നിലോഫര്‍ മുനീറിനിത് സ്വപ്‌ന സാക്ഷാത്കാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th September 2019, 8:38 am

ബംഗളൂരു:കേരളത്തില്‍ നിന്ന് സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി നിലോഫര്‍ മുനീര്‍. പതിനാറാം വയസ്സില്‍ സെസ്ന 172 എന്ന ചെറുവിമാനം പറത്തിക്കഴിഞ്ഞു നിലോഫര്‍. എറണാകുളം കാക്കനാട് ട്രിനിറ്റി വേള്‍ഡില്‍ മുനീര്‍ അബ്ദുള്‍ മജീദിന്റെയും ഉസൈബയുടെയും ഏകമകള്‍ ആണ് നിലോഫര്‍.

പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ്ടു, പ്രൊഫഷണല്‍ കോഴ്സ് എന്നീ സ്ഥിരം പഠിപ്പു രീതികളിലേക്ക് പോകാതെ ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൈസൂരുവിലെ ഓറിയന്റസ് ഫ്‌ളൈറ്റ്‌സ് എവിയേഷന്‍ അക്കാദമിയിലെ പരിശീലനത്തിനാണ് നിലോഫര്‍ പോയത്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു.

സ്‌കൂള്‍ പഠനകാലത്തുതന്നെ ആകാശയാത്രകളും വിമാനങ്ങളും നിലോഫറിന്റെ സ്വപ്നങ്ങളിലുണ്ടായിരുന്നു. ദുബൈയിലെ ഇന്ത്യന്‍ ഹൈസ്‌ക്കൂളില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കി സ്വപ്നത്തിലേക്കിറങ്ങിയത് അത്കൊണ്ടായിരുന്നു.

വിദൂര വിദ്യാഭ്യാസത്തിലൂടെ പ്ലസ്ടു സയന്‍സ് ഗ്രൂപ്പ് പഠിച്ചുകൊണ്ട് മൈസൂരുവില്‍ പൈലറ്റ് പരിശീലനം തുടരുകയാണ് നിലോഫര്‍ ഇപ്പോള്‍. നിലവിലെ നേട്ടത്തില്‍ ഒരുപാടു സന്തോഷമുണ്ടെന്നും കമേഴ്സ്യല്‍ വിമാനങ്ങള്‍ പറത്താനാണ് തനിയ്ക്ക് ഇഷ്ടമെന്നും നിലോഫര്‍ പറയുന്നു.