നിലമ്പൂരിലെ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം എൽ.ഡി.എഫ് സർക്കാരിനോടുള്ള ഭരണ വിരുദ്ധ വികാരമാണെന്ന് താൻ വിലയിരുത്തുന്നില്ലെന്ന് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജ്. യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയപ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ സംബന്ധിച്ച് താനായിട്ട് തന്നെ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞുവെന്നും ഏതെങ്കിലും തരത്തിൽ ഒരു വിട്ടുവീഴ്ചക്കോ ഒത്തുതീർപ്പിനോ പോകേണ്ടതായി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഗീയവാദിയുടെയും പിന്തുണ ഒരു കാലത്തും ആവശ്യമില്ലെന്നും എത്ര പരാജയപ്പെട്ടാലും അത് തന്നെയാണ് നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നിലമ്പൂർ വോട്ടെണ്ണലിന്റെ ഫലം വന്നിരിക്കുകയാണ്. അപ്പോൾ വിജയിയായ ശ്രീ ആര്യാടൻ ഷൗക്കത്തിന് എല്ലാ വിജയാശംസകളും നേരുകയാണ്. കുറഞ്ഞ കാലമാണെങ്കിലും അദ്ദേഹത്തിന് എം.എൽ.എ എന്ന നിലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു. ഈ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമാക്കി വികസിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. ആ നിലയിൽ ഉയർന്ന ജനാധിപത്യ സംവാദം എന്ന രീതിയിൽ മുമ്പോട്ട് പോകാൻ ഞങ്ങൾക്ക് സാധിച്ചു. അതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്നമാണ് എല്ലായ്പ്പോഴും ഞങ്ങൾ ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചത്.
എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഞാനായിട്ട് തന്നെ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞു. ഏതെങ്കിലും തരത്തിൽ ഒരു വിട്ടുവീഴ്ചക്കോ ഒത്തുതീർപ്പിനോ പോകേണ്ടതായി വന്നിട്ടില്ല. ഇപ്പോൾ ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് നിൽക്കുന്ന സാഹചര്യത്തിലും പറയുന്നു. ഏതെങ്കിലും വർഗീയവാദിയുടെ ഒരു പിന്തുണയും ഒരു കാലത്തും ഞങ്ങൾക്ക് ആവശ്യമില്ല.
അതിന്റെ പേരിൽ ഇനിയും എത്ര പരാജയപ്പെട്ടാലും നിലപാട് അത് തന്നെ, അതിൽ ഒരു മാറ്റവുമില്ല. ശരിയായ നിലപാട് എല്ലായ്പ്പോഴും അംഗീകരിക്കപ്പെട്ടെന്ന് വരില്ല. അത് കരുതി ശരിയായ നിലപാടുകളെ കൈയൊഴിയാൻ നമുക്ക് പറ്റില്ല. ഞങ്ങൾ തെരഞ്ഞെടുപ്പിലെ പരാജയങ്ങളെയൊക്കെ രാഷ്ട്രീയപരമായാണ് കാണുന്നത്. ഈ തെരഞ്ഞെടുപ്പിൽ ജയിച്ചിരുന്നെങ്കിലോ ജയിച്ചാലും ജനങ്ങൾക്കും നാടിനും വേണ്ടിയുള്ള സമരം തുടരും. ഞങ്ങൾ ഇപ്പോൾ തോറ്റു തോറ്റാലോ തോറ്റാലും ആ സമരം ഞങ്ങൾ തുടരും അത്രയേ ഉള്ളു.
ഞങ്ങളെ എതിർക്കുന്നവർ പലപ്പോഴും വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അതിനൊന്നും ഞങ്ങൾ പിടികൊടുത്തില്ല. ഞങ്ങൾ ഞങ്ങളുടേതായ നിലയിൽ തന്നെ മുമ്പോട്ട് പോയി. വികസന കാര്യങ്ങൾ, ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്നിവ ജനങ്ങളുമായി ചർച്ച ചെയ്യാനാണ് ഞങ്ങൾ ശ്രമിച്ചത്. അത് ആ നിലയിൽ തന്നെ ജനങ്ങൾ പരിഗണിച്ചോ എന്നത് റിസൾട്ട് വരുമ്പോൾ സംശയമുണ്ട്. സ്വാഭാവികമായും വരും ദിവസങ്ങളിൽ അത്തരം കാര്യങ്ങൾ ഞങ്ങൾ സൂക്ഷ്മമായി പരിശോധിക്കും.
ഞങ്ങൾ ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഞങ്ങൾ ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്തും. ജനങ്ങൾക്ക് വേണ്ടി കൂടുതൽ കരുത്തോടെ ഈ തെരഞ്ഞെടുപ്പിൽ നിന്ന് ഉൾക്കൊണ്ട കാര്യങ്ങളുമായി ഞങ്ങൾ മുമ്പോട്ട് പോകും. ഇതാണ് ഈ ഘട്ടത്തിൽ പ്രതികരിക്കാനുള്ളത്.
ഭരണത്തിന്റെ വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പെന്ന് അംഗീകരിച്ചാൽ ഈ സർക്കാരിന്റെ ഭരണ പരിഷ്‌ക്കാരങ്ങൾ, നടപടികൾ അതിനെയെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞെന്ന് പറയേണ്ടി വരും. പക്ഷേ എനിക്ക് അങ്ങനെ തോന്നുന്നില്ല. എൽ.ഡി.എഫ് സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളെയും ജനങ്ങൾ തള്ളിക്കളഞ്ഞു എന്ന നിഗമനത്തിലേക്കാണ് നാം എത്തുന്നതെങ്കിൽ എൽ.ഡി.എഫ് ഭരണത്തിന്റെ കീഴിൽ വന്നതാണ് പവർ കട്ട് ഇല്ലാതായി എന്നത്. അപ്പോൾ ജനങ്ങൾ ആഗ്രഹിക്കുന്നത് പവർ കട്ടിലേക്ക് തിരിച്ച് പോകണമെന്നാണോ? അത് നമ്മുടെ മുന്നിൽ ഉയർന്ന വരുന്നൊരു ചോദ്യമാണ്.
ഇപ്പോൾ ക്ഷേമ പെൻഷൻ 1,600 രൂപയായി പെൻഷൻ വർധിപ്പിച്ചതും വിതരണം ചെയ്യുന്നതും എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ്. അപ്പോൾ ജനങ്ങൾ. അത് നിരാകരിച്ചുവോ ഇനി പെൻഷൻ നിർത്തിവെക്കണമെന്നാണോ ജനവിധി എന്ന് ചോദിച്ചാൽ അതൊരു പ്രശ്നമാണ്.
ലൈഫിൽ അഞ്ച് ലക്ഷത്തോളവും വീടുകൾ നമ്മൾ കൊടുത്തു. ജനങ്ങൾ അതിന് എതിരാണോ? അതൊന്നും ആയിരിക്കില്ല. ഇത്തരം കാര്യങ്ങളെ വിലയിരുത്തിയിട്ടാണോ ജനങ്ങൾ വോട്ട് ചെയ്തത് എന്ന് പരിശോധിച്ചാൽ ആണെന്ന് പറയാൻ സാധിക്കില്ല. പ്രാഥമിക ഘട്ടത്തിൽ സർക്കാരിന്റെ അത്തരം പ്രവർത്തനങ്ങൾ വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിൽ ഉള്ളൊരു വിലയിരുത്തലാണെന്ന് തോന്നുന്നില്ല. ബാക്കി കൂടുതൽ കാര്യങ്ങൾ വഴിയേ പരിശോധിക്കാം. തെരഞ്ഞെടുപ്പ് സൂക്ഷ്മമായി വിശകലനം ചെയ്യും
ഞങ്ങൾ മുമ്പോട്ട് വെച്ച രാഷ്ട്രീയം, മതനിരപേക്ഷത, കേരളത്തിന്റെ സമഗ്രമായ വികസനം ഇത്തരം കാര്യങ്ങളിൽ ഒന്നും ഏതെങ്കിലും കാര്യത്തിൽ പിശകുണ്ടെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല. മുമ്പോട്ട് വെക്കുന്ന രാഷ്ട്രീയം ശരിയായി വിലയിരുത്തപ്പെടണമെന്നുമില്ല ,’ എം. സ്വരാജ് പറഞ്ഞു.
നിലമ്പൂർ തെരഞ്ഞെടുപ്പിൽ 66,159 വോട്ടുകളാണ് സ്വരാജ് നേടിയത്. 77,087 വോട്ടുകളാണ് വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് ലഭിച്ചത്.
Content Highlight: Nilambur is not an anti-government sentiment, elections will be analyzed carefully: M. Swaraj