നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലേക്ക്; ജൂണ്‍ 19ന് തെരഞ്ഞെടുപ്പ്, വിജ്ഞാപനം നാളെ
Kerala News
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലേക്ക്; ജൂണ്‍ 19ന് തെരഞ്ഞെടുപ്പ്, വിജ്ഞാപനം നാളെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th May 2025, 9:30 am

തിരുവനന്തപുരം: നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജൂണ്‍ 19നാണ് തെരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ 23 ന് വോട്ടെണ്ണും.

ജൂണ്‍ രണ്ടിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ (തിങ്കള്‍) ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

പി.വി. അന്‍വര്‍ രാജിവെച്ച സാഹചര്യത്തിലാണ് നിലമ്പൂര്‍ വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.

വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവിലാണ് പി.വി. അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചത്. എ.ഡി.ജി.പി അജിത് കുമാര്‍, എസ്.പി സുജിത് ദാസ് എന്നീ ഉന്നത ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്സണല്‍ സെക്രട്ടറി പി. ശശി തുടങ്ങിയവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പി.വി. അന്‍വര്‍ ഉന്നയിച്ചിരുന്നത്.

അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് മേല്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ഉണ്ടായി. എന്നാൽ തുടര്‍ച്ചയായ പരസ്യ പ്രതികരണങ്ങള്‍ക്ക് പിന്നാലെ പി.വി. അന്‍വറിന് നല്‍കിയിരുന്ന പിന്തുണ ഇടതുപക്ഷം പിന്‍വലിക്കുകയും ചെയ്തിരുന്നു.

ഇതിനുപിന്നാലെ നിലമ്പൂര്‍ മണ്ഡലത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച പി.വി. അന്‍വറിനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

ഇതിനിടെ പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും മുന്നണിയിലേക്ക് പ്രവേശനം ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കള്‍ക്ക് കത്തയക്കുകയുമുണ്ടായി. യു.ഡി.എഫിനെ പിന്തുണക്കുമെന്നും ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു.

നിലവില്‍ നിലമ്പൂരിലെ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയാകും എന്നതിലാണ് ആകാംക്ഷയേറുന്നത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ ഉടന്‍ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരത്തെ പറഞ്ഞിരുന്നത്.

വി.എസ്. ജോയി, ആര്യാടൻ ഷൗക്കത്ത് എന്നിവരാണ് യു.ഡി.എഫിന്റെ പരിഗണനയിലുള്ളതെന്നാണ് സൂചന. അതേസമയം എല്‍.ഡി.എഫിനെ സംബന്ധിച്ച് നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ഒരു അഭിമാന പോരാട്ടം കൂടിയാണ്.  ഇത്തവണയും സ്വതന്ത്ര സ്ഥാനാർത്ഥിയെ തന്നെയായിരിക്കുമോ എൽ.ഡി.എഫ് മത്സരിപ്പിക്കുക എന്നാണ് അറിയേണ്ടതുള്ളത്.

Content Highlight: Nilambur by-elections; Elections on June 19th