ഇന്റര്‍വ്യു കണ്ട് കമ്മ്യൂണിസ്റ്റ് അല്ലേയെന്ന് ചോദിച്ചവരുണ്ട്: നിഖില വിമല്‍
Film News
ഇന്റര്‍വ്യു കണ്ട് കമ്മ്യൂണിസ്റ്റ് അല്ലേയെന്ന് ചോദിച്ചവരുണ്ട്: നിഖില വിമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th September 2022, 5:13 pm

പല വിഷയങ്ങളിലും തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് ശ്രദ്ധിക്കപ്പെട്ട നടിയാണ് നിഖില വിമല്‍. അഭിമുഖങ്ങളിലെ ചോദ്യങ്ങള്‍ക്ക് തന്റെ പൊളിറ്റിക്സുമായി ബന്ധപ്പെടുത്തി നിഖില മറുപടി പറഞ്ഞിട്ടുണ്ട്.

ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാ കാര്യത്തിലും സ്വന്തമായി അഭിപ്രായമുള്ള വ്യക്തിയാണ് താനെന്ന് നിഖില പറഞ്ഞിരുന്നു. കാണുമ്പോള്‍ ഒരു പാവം കുട്ടിയായി തോന്നാം പക്ഷേ അതും അഭിപ്രായം പറയുന്നതും തമ്മില്‍ ബന്ധമില്ലെന്ന് നിഖില പറഞ്ഞു.

”പെട്ടെന്ന് ആയിരിക്കും ആളുകള്‍ക്ക് ഞാന്‍ പൊളിറ്റിക്സ് പറയുന്നുണ്ടെന്ന് തോന്നുക. പൊതുവെ ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം തന്നെയായിരിക്കും. പക്ഷേ ഇന്റര്‍വ്യൂവില്‍ വരുമ്പോഴായിരിക്കും പബ്ലിക്കിലേക്ക് എത്തുക. അത് കാണുമ്പോഴായിരിക്കും എനിക്ക് പൊളിറ്റിക്സ് ഉണ്ടെന്ന് എല്ലാര്‍ക്കും തോന്നുക. അത് കണ്ടിട്ട് കമ്മ്യൂണിസ്റ്റ് അല്ലേയെന്ന് ചോദിക്കുന്നവരും ഞങ്ങളുടെ വിരോധി അല്ലെ എന്ന് ചോദിക്കുന്നവരുമുണ്ട്.

എന്റെ മുഖം കാണുമ്പോള്‍ പലരും ചിന്തിക്കുക ഞാന്‍ ഒരു പാവം കുട്ടിയാണെന്നായിരിക്കും. അത് കൊണ്ടായിരിക്കും കാര്യങ്ങള്‍ പറയുമ്പോള്‍ എല്ലാവരും കൗതകപൂര്‍വം നോക്കുന്നത്.
സാധാരണ ചോദിക്കുന്ന കാര്യങ്ങളില്‍ നിന്ന് മാറി വേറെ എന്തെങ്കിലും ചോദിക്കുമ്പോഴാണ് നമ്മള്‍ ഇതൊക്കെ പറയുക. അല്ലാത്ത അഭിമുഖങ്ങളില്‍ സ്ഥിരം ഫോര്‍മാറ്റിലാണ് സംസാരിക്കുക. അതുകൊണ്ടായിരിക്കും പലര്‍ക്കും കൗതുകം പോലെയൊക്കെ തോന്നുന്നത്.

ഞാന്‍ പാവമാണോ എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. പാവമായാല്‍ തന്നെ അതും ഇതും തമ്മില്‍ ബന്ധമില്ല. പിന്നെ ഞാന്‍ ഭയങ്കര പാവമൊന്നുമല്ല. പുസ്തകം, പത്രം എന്നിവ വായിക്കാറുണ്ട്. ഒരുപാട് ആളുകളുമായി സംസാരിക്കാറുണ്ട്, അത്തരം ആളുകളുമായി സംസാരിക്കുന്നത് ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍.

കൂടാതെ അവരില്‍ നിന്നും സംസാരിക്കുമ്പോള്‍ വിവരങ്ങള്‍ ശേഖരിക്കാറുണ്ട്. എനിക്ക് അറിയാവുന്ന പെണ്‍കുട്ടികളെല്ലാം അവരുടെ സ്റ്റാന്റ് വ്യക്തമാക്കുന്നവരാണ്. പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും സ്വന്തം അഭിപ്രായം തുറന്ന് പറയുന്നവരാണ്. പക്ഷേ നമ്മളെപ്പോഴും പറയാറുള്ളത് ആണ്‍കുട്ടികള്‍ മാത്രമാണ് അഭിപ്രായം പറയുക അവര്‍ക്ക് മാത്രമാണ് കാര്യങ്ങള്‍ അറിയുക എന്നാണ്. എന്നാല്‍ അങ്ങനെ അല്ല, കണ്‍ഫ്യൂസ്ഡ് ആയിട്ടുള്ള ഒരുപാട് ആണ്‍കുട്ടികളെ കണ്ടിട്ടുണ്ട്.

ഞാനും ഉള്ളില്‍ ഒരുപാട് കണ്‍ഫ്യൂഷനുള്ള വ്യക്തിയാണ്. ലൈഫില്‍ ഡിസിഷന്‍ എടുക്കാന്‍ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. അതിന് എന്നെ സഹായിക്കുന്ന അഭിപ്രായം ആരെങ്കിലും പറഞ്ഞാല്‍ അത് സ്വീകരിക്കാറുണ്ട്. പറയാനുള്ളത് ഞാന്‍ പറയും, അതിനെക്കുറിച്ച് ആര് എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നം തോന്നിയിട്ടില്ല,” നിഖില പറഞ്ഞു.

Content Highlight: Nikhila Vimal says that there are people who have asked whether she is a communist after seeing her interview