ലിജോമോള്‍ക്ക് ലഭിച്ച അവാര്‍ഡ് വ്യക്തിപരമായി സന്തോഷം നല്‍കി; എന്നെ പോലെ വലിയ ഒച്ചപ്പാടുള്ള ആളല്ല അവള്‍: നിഖില വിമല്‍
Malayalam Cinema
ലിജോമോള്‍ക്ക് ലഭിച്ച അവാര്‍ഡ് വ്യക്തിപരമായി സന്തോഷം നല്‍കി; എന്നെ പോലെ വലിയ ഒച്ചപ്പാടുള്ള ആളല്ല അവള്‍: നിഖില വിമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th November 2025, 8:35 am

ലിജോമോള്‍ക്ക് മികച്ച സ്വഭാവനടിക്കുള്ള അവാര്‍ഡ് ലഭിച്ചത് വ്യക്തിപരമായി ഒരുപാട് സന്തോഷം നല്‍കിയിരുന്നുവെന്ന് നടി നിഖില വിമല്‍. 55ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ‘നടന്ന സംഭവം’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ലിജോമോള്‍ മികച്ച സ്വഭാവ നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.

വനിതയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില ലിജോമോള്‍ക്ക് ലഭിച്ച പുരസ്‌കാരത്തില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞത്. ലിജോമോള്‍ ഗംഭീര അഭിനേതാവാണെന്ന് നിഖില പറയുന്നു.

‘ ലിജോമോള്‍ നല്ല ഒരു അഭിനേതാവാണ്. എന്നെ പോലെ ഭയങ്കര ഒച്ചപ്പാടും ബഹളവുമുള്ള ഒരാളല്ല. അതുകൊണ്ട് അവള്‍ക്ക് അങ്ങനെയൊരു അംഗീകാരം കിട്ടിയെന്ന് പറയുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. നമുക്കൊക്കെ ഒരു അവാര്‍ഡ് കിട്ടുന്ന പോലെ ഒരു ഫീലായിരുന്നു അത്. അതുപോലെ ആസിഫ് ഇക്കയ്ക്ക് എന്തെങ്കിലും ഒരു അപ്രിസിയേഷന്‍ കിട്ടുമ്പോള്‍ എനിക്ക് വലിയ സന്തോഷമാണ്,’ നിഖില പറയുന്നു.

ലിജോമോള്‍ക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ താന്‍ മെസേജ് അയച്ചിരുന്നുവെന്നും അവാര്‍ഡ് പ്രഖ്യാപിക്കുന്ന ദിവസങ്ങളില്‍ എല്ലാവരെയും വിളിക്കുക എന്നത് അത്ര പ്രായോഗികമല്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. എല്ലാവരും തന്നെ ആ സമയങ്ങളില്‍ തിരക്കിലായിരിക്കുമെന്നും മമ്മൂട്ടിക്കും ആസിഫ് അലിക്കുമൊക്കെ താന്‍ മെസേജ് അയച്ചിരുന്നുവെന്നും നിഖില പറഞ്ഞു.

55ാമത് കേരള സംസ്ഥാന അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് മമ്മൂട്ടിയാണ്. ആസിഫ് അലിക്കും ടൊവിനോയ്ക്കും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചപ്പോള്‍ ലിജോമോളും ജ്യോതിര്‍മയിയുമാണ് മികച്ച സ്വഭാവനടിക്കുള്ള പുരസ്‌കാരം പങ്കിട്ടത്.

അതേസമയം നിഖിലയുടേതായി വരാനിരിക്കുന്ന ചിത്രമാണ് പെണ്ണ് കേസ്. ഫെബിന്‍ സിദ്ധാര്‍ത്ഥിന്റെ സംവിധാനത്തില്‍ പുറത്തെത്തുന്ന ചിത്രത്തില്‍ നിഖിലക്ക് പുറമെ ഹക്കീം ഷാ, രമേഷ് പിഷാരടി, അജു വര്‍ഗീസ്, ഇര്‍ഷാദ് അലി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content highlight: Nikhila Vimal says that receiving the award for Lijomol gave her personal happiness