എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വ്യക്തിയാണ് സിബി സാര്‍; ആ സിനിമ ചെയ്യാന്‍ കഴിയുമെന്ന് വിചാരിച്ചില്ല: നിഖില വിമല്‍
Malayalam Cinema
എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വ്യക്തിയാണ് സിബി സാര്‍; ആ സിനിമ ചെയ്യാന്‍ കഴിയുമെന്ന് വിചാരിച്ചില്ല: നിഖില വിമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 27th November 2025, 1:17 pm

തനിക്ക് വളരെ ഇഷ്ടമുള്ള വ്യക്തിയാണ് സംവിധായകന്‍ സിബി മലയില്‍ എന്ന് പറയുകയാണ് നടി നിഖില വിമല്‍. തനിക്ക് വളരെ ക്ലോസ്  ടു ഹാര്‍ട് ആയിട്ടുള്ള ആളാണ് അദ്ദേഹമെന്നും നിഖില പറഞ്ഞു.

പെണ്ണ് കേസ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ വനിത യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു നടി.

‘എന്റെ പ്രായത്തിലുള്ള ഒരാള്‍ സംസാരിക്കുന്നത് പോലെയാണ് അദ്ദേഹം എപ്പോഴും എന്നോട് സംസാരിക്കുന്നത്. മറ്റുള്ളവരോടും അങ്ങനെ തന്നെയാണോ എന്ന് എനിക്കറിയില്ല. എന്നോട് അങ്ങനെയാണ്. അതുപോലെ സിബി സാറിനോട് എപ്പോഴും എനിക്കൊരു കംഫര്‍ട്ടബിള്‍ ലെവലുണ്ട്,’ നിഖില പറയുന്നു.

കൊത്ത് താന്‍ ഒരിക്കലും ചെയ്യാന്‍ കഴിയുമെന്ന് വിചാരിച്ച സിനിമയല്ലെന്നും കൊവിഡ് വന്ന് 32 ദിവസത്തോളം എടുത്തു നെഗറ്റീവ് ആകാനെന്നും നടി പറഞ്ഞു. വേണമെങ്കില്‍ സിനിമയില്‍ നിന്ന് തന്നെ മാറ്റാമെന്ന നിലയില്‍ എത്തിയപ്പോള്‍ കൊവിഡ് നെഗറ്റീവായി. കൊത്ത് തനിക്ക് വേണ്ടി തന്നെ വന്ന സിനിമയായതുകൊണ്ടാകും തനിക്ക് തന്നെ കിട്ടിയതെന്നും സിബി സാറ് ഇപ്പോഴും എന്തെങ്കിലും പരിപാടിക്കൊക്കെ വിളിച്ചാല്‍ താന്‍ പോകാറുണ്ടെന്നും നിഖില കൂട്ടിച്ചേര്‍ത്തു.

ഹേമന്ത് കുമാറിന്റെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കൊത്ത്. രഞ്ജിത്തും പി.എം ശശിധരനും ചേര്‍ന്ന് നിര്‍മിച്ച സിനിമയില്‍ ആസിഫ് അലി, നിഖില വിമല്‍, റോഷന്‍ മാത്യു, രഞ്ജിത്ത്, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം, ഫെബിന്‍ സിദ്ധാര്‍ത്ഥിന്റെ സംവിധാനത്തില്‍ നിഖില വിമലും ഹക്കീം ഷായും പ്രധാനവേഷങ്ങളിലെത്തുന്ന്പെണ്ണ് കേസ് ഡിസംബര്‍ 5നാണ് തിയേറ്ററുകളിലെത്തുന്നത്. മുകേഷ് ആര്‍ മെഹ്ത നിര്‍മിക്കുന്ന ചിത്രത്തില്‍ രമേഷ് പിഷാരടി, ഇര്‍ഷാദ് അലി, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

Content highlight: Nikhila Vimal says that director Sibi Malayil is a person she admires very much