മലയാളത്തിലെ നായികമാര്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍ക്ക് ശേഷം പിന്നീടൊരു സിനിമ ലഭിക്കാതെ ഫീല്‍ഡ് ഔട്ട് ആയിപോകുന്നത് ഇന്നത്തെ കാലത്ത് സ്ഥിരം സംഭവമാണെന്നും നടി നിഖില വിമല്‍. യൂ ട്യൂബ് ചാനലായ വിറ്റ് ക്രൂവിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘അടുത്തകാലത്ത് മലയാളത്തിലെ ഒരു പ്രമുഖനായ വ്യക്തി എന്നോട് ചോദിച്ചു എന്തുകൊണ്ടാണ് മലയാളത്തിലെ നായികമാര്‍ക്ക് ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കാനാകത്തത്, പണ്ടത്തെ നടിമാരെല്ലാം ഒരുപാട് കാലം സിനിമയില്‍ നില്‍ക്കാറുണ്ടല്ലോ എന്ന് . ഇതിന് ഉത്തരവാദി നിങ്ങള്‍ തന്നെയാണെന്നായിരുന്നു ചോദ്യത്തിന് ഞാന്‍ കൊടുത്ത മറുപടി.
കാരണം ഇത്തരത്തിലുള്ള ആളുകള്‍ ഒരുപാട് പെണ്‍കുട്ടികളെ പുതുമുഖ നായികമാരായി സിനിമയിലേക്ക് കൊണ്ടുവരും, ആദ്യ സിനിമക്ക് ശേഷം ഇവര്‍ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് രണ്ടാമത്തെ സിനിമ ചെയ്യും. എന്നാല്‍ മൂന്നാമത്തെ സിനിമയില്‍ ഇവര്‍ സ്വാഭാവികമായും പ്രതിഫലം കൂട്ടിച്ചോദിക്കും അത് ഇഷ്ടപ്പെടാതെ ആ സിനിമയിലേക്ക് കുറഞ്ഞ പ്രതിഫലത്തിന് മറ്റൊരു പുതുമുഖതാരത്തെ നിങ്ങള്‍ തന്നെ കൊണ്ടുവരും.
പ്രതിഫലം കൂടുതല്‍ ചോദിച്ചതിന്റെ പേരില്‍ ആദ്യത്തെ നായികക്ക് അവസരം നഷ്ടപ്പെടുകയും, പതിയെ സിനിമയില്‍ നിന്നും ഫീല്‍ഡ് ഔട്ടാകുകയും ചെയ്യും. നമ്മള്‍ വിചാരിക്കുന്നതു പോലെയല്ല കാര്യങ്ങള്‍, ഒട്ടേറെ വെല്ലുവിളികളാണ് സിനിമയിലെത്തിയതിനു ശേഷവും നായികമാര്‍ നേരിടുന്നത്. വെറുതെ പറയുന്നതല്ല, നമ്മളിപ്പോള്‍ കാക്കനാട് ഒരു ഫ്ളാറ്റില്‍ പോയി വിളിച്ചാല്‍ നമുക്ക് മൂന്നോ നാലോ പുതുമുഖ നായികമാരെ ലഭിക്കും’ നിഖില പറഞ്ഞു.
പക്ഷേ അവരെ സംബന്ധിച്ചിടത്തോളം ആകെ ഗുണകരമായ കാര്യം സിനിമയിലെത്തിയതിന് ശേഷമുള്ള ഫെയിമാണെന്ന് നിഖില പറയുന്നു. ഇത് വച്ച് എങ്ങനെയെങ്കിലും യൂട്യൂബോ മറ്റ് ഇന്‍ഫ്ളുവെന്‍ഷ്യല്‍ മാര്‍ക്കറ്റോ വച്ച് സര്‍വൈവ് ചെയ്ത് പോകാമെന്നും അല്ലെങ്കില്‍ എന്ത് ചെയ്യുമെന്നും താരം ചോദിക്കുന്നു.
ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്ത് നിഖില വിമലും ഹക്കീം ഷായും പ്രധാനവേഷത്തിലെത്തുന്ന ചിത്രമായ പെണ്ണ് കേസ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു താരം. മുകേഷ് ആര്‍ മെഹ്ത നില്‍മിക്കുന്ന ചിത്രത്തില്‍ രമേഷ് പിശാരടി, ഇര്‍ഷാദ് അലി, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
Content Highlight: Nikhila Vimal addressing the issues facing by new face heroines