അബുജ: പ്രാദേശിക സമഗ്രതയെ മാനിച്ചുകൊണ്ട് സായുധ സംഘങ്ങൾക്കെതിരായ പോരാട്ടത്തിന് അമേരിക്കയുടെ സൈനിക സഹായം സ്വീകരിക്കുമെന്ന് നൈജീരിയ.
നൈജീരിയയിൽ ക്രിസ്ത്യാനികളെ കൂട്ടക്കൊല നടത്തുന്നതിനെതിരെ സൈനിക നടപടിയെടുക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് നൈജീരിയയുടെ തീരുമാനം.
കഴിഞ്ഞ ദിവസം നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരെയായ അക്രമങ്ങൾ നടക്കുന്നുണ്ടെന്ന് ട്രംപ് ആരോപിച്ചിരുന്നു. ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ തയ്യാറാണെന്നും ട്രംപ് പറഞ്ഞിരുന്നു. ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടർന്നാൽ നൈജീരിയയ്ക്കുള്ള എല്ലാ സഹായങ്ങളും അവസാനിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ മതിയായ നടപടികളെടുക്കുന്നില്ലെന്ന ആരോപണം നൈജീരിയൻ സർക്കാർ നിഷേധിക്കുകയായിരുന്നു.
‘മതസ്വാതന്ത്ര്യവും സഹിഷ്ണുതയും നൈജീരിയയുടെ അടിസ്ഥാനമാണ്. നൈജീരിയ മതപീഡനത്തെ എതിർക്കുന്ന രാജ്യമാണ്, അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല,’ പ്രസിഡന്റ് ബോല വ്യക്തമാക്കിയിരുന്നു.
ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തുവെന്ന ട്രംപിന്റെ അവകാശവാദങ്ങളെയും നൈജീരിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് കിമിബി ഇമോമോട്ടിമി എബിയൻഫ അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ നിഷേധിച്ചിരുന്നു.
‘ഞങ്ങൾ കടന്നുപോകുന്ന സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് അഭിമാനമില്ല. പക്ഷെ ക്രിസ്ത്യാനികളെ മാത്രമാണ് ലക്ഷ്യമിടുന്നെന്ന അവകാശ വാദം ശരിയല്ല. നൈജീരിയയിൽ ക്രിസ്ത്യൻ വംശഹത്യ നടക്കുന്നില്ല.
നൈജീരിയയിൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്ന് നിങ്ങൾ നിരന്തരം പറയുന്നുണ്ട്. എന്നാൽ ആ കൊലപാതകങ്ങൾ ക്രിസ്ത്യാനികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല,’ അദ്ദേഹം പറഞ്ഞിരുന്നു.
‘കൊലപാതകങ്ങൾക്ക് നൈജീരിയൻ സർക്കാർ അനുമതി നൽകുന്നില്ല. രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് നൈജീരിയക്കാരെ കൊല്ലുന്നത് രാജ്യത്തിന് നഷ്ടമാണ്. ഈ കൊലപാതകങ്ങളുടെ കുറ്റവാളികൾ ഭീകര സംഘടനകളായ ബോക്കോ ഹറാമും മറ്റ് അൽ-ഖ്വയ്ദയും ഐ.സി.സുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളുമാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
പ്രാദേശിക സമഗ്രത അംഗീകരിക്കുന്നിടത്തോളം കാലം യു.എസ് സഹായത്തെ നൈജീരിയ സ്വാഗതം ചെയ്യുന്നുവെന്നും ട്രംപ് നൈജീരിയയെ കുറിച്ച് നന്നായി ചിന്തിക്കുന്നുണ്ടെന്നും നൈജീരിയൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഡാനിയേൽ ബ്വാല റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമ്പോൾ ഭീകരതയ്‌ക്കെതിരെ പോരാടാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൈജീരിയയിൽ ക്രിസ്ത്യൻ വംശഹത്യ നടക്കുന്നില്ലെന്ന് നൈജീരിയൻ മാനുഷിക അഭിഭാഷകനും വിശകലന വിദഗ്ധനുമായ ബുലാമ ബുക്കാർട്ടി അൽ ജസീറയോട് പറഞ്ഞു.