കസബയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ പൊട്ടത്തരമാണെന്നാണ് തോന്നിയിട്ടുള്ളത്: നിധിന്‍ രണ്‍ജി പണിക്കര്‍
Entertainment news
കസബയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ പൊട്ടത്തരമാണെന്നാണ് തോന്നിയിട്ടുള്ളത്: നിധിന്‍ രണ്‍ജി പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th January 2022, 10:20 pm

ആദ്യസിനിമയുടെ പേരില്‍ തന്നെ വിവാദങ്ങള്‍ നേരിട്ട സംവിധായകനാണ് നിധിന്‍ രണ്‍ജി പണിക്കര്‍. നായകന് ഹീറോയിസം കാണിക്കാന്‍ സിനിമയില്‍ സ്ത്രീവിരുദ്ധത ഗ്ലോറിഫൈ ചെയ്തുവെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം.സിനിമയിലെ സ്ത്രീ വിരുദ്ധത സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കുറെ കാലത്തേക്ക് ഈ വിവാദങ്ങള്‍ നീണ്ടു നിന്നിരുന്നു.

എന്നാല്‍ വിവാദങ്ങള്‍ അനാവശ്യമായിരുന്നു എന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് പറയുകയാണ് നിധിന്‍ രണ്‍ജി പണിക്കര്‍. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് കസബയെ പറ്റി നിധിന്‍ പറഞ്ഞത്.

‘കസബ എനിക്ക് ഒരു അഡ്രസ് ഉണ്ടാക്കി തന്ന സിനിമയാണ്. നല്ല പേരും ചീത്തപ്പേരും ഉണ്ടാക്കി തന്നു. എന്തായാലും എന്റെ അടിസ്ഥാനം ആ സിനിമയാണ്. കസബയില്ലായിരുന്നെങ്കില്‍ ഞാന്‍ ഇതിലും നല്ലതോ മോശമോ ഒക്കെയാവാം. പക്ഷേ ഇതാവില്ലായിരുന്നു.

കസബയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ പറ്റി ഞാന്‍ അധികം ബോധവാനായിട്ടില്ല. അങ്ങനെ വന്ന സാധനങ്ങള്‍ പൊട്ടത്തരമാണെന്നാണ് തോന്നിയിട്ടുള്ളത്. അന്നും ഇന്നും അതൊരു അനാവശ്യമായിട്ടുള്ള ഒരു വിവാദമായിട്ടാണ് തോന്നിയിട്ടുള്ളത്,’ നിധിന്‍ പറഞ്ഞു.

കസബ ആദ്യം എഴുതിയപ്പോള്‍ മനസില്‍ മമ്മൂട്ടി ആയിരുന്നില്ലെന്നും ഒരു യുവതാരമായിരുന്നെവെന്നും നിധിന്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യ സിനിമ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ചെയ്യാനായിരുന്നു തന്റെ ആഗ്രഹമെന്നും നിധിന്‍ പറഞ്ഞു. എന്നാല്‍ താന്‍ അത് ചെയ്താല്‍ കണ്‍വിന്‍സിംഗ് ആകുമോയെന്ന് ദുല്‍ഖറിന് സംശയമായിരുന്നുവെന്നും അതിനാല്‍ അത് വേണ്ടെന്ന് വെക്കുകയായിരുന്നു എന്നും നിധിന്‍ പറഞ്ഞു.

സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്ത കാവലാണ് നിധിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ആദ്യ സിനിമയായ കസബ പുറത്തിറങ്ങി നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ ചിത്രവുമായി നിധിനെത്തിയത്. രണ്‍ജി പണിക്കരും ഒരു പ്രധാനകഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു.

സുരേഷ് കൃഷ്ണ, സായാ ഡേവിഡ്, സാദിഖ്, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിട്ടു. ഛായാഗ്രഹണം നിഖില്‍ എസ്. പ്രവീണ്‍. സഞ്ജയ് പടിയൂര്‍- പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, പ്രദീപ് രംഗന്‍- മേക്കപ്പ്, മോഹന്‍ സുരഭി സ്റ്റില്‍സ്. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: nidhin ranji panikkar about the controversy regarding kasaba