ഹാര്‍വാര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ഇന്റര്‍നെറ്റ് തട്ടിപ്പ്; കബളിപ്പിക്കപ്പെട്ടതായി മാധ്യമപ്രവര്‍ത്തക നിധി റസ്ദാന്‍; വ്യക്തി വിവരങ്ങള്‍ ചോര്‍ന്നു
national news
ഹാര്‍വാര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ഇന്റര്‍നെറ്റ് തട്ടിപ്പ്; കബളിപ്പിക്കപ്പെട്ടതായി മാധ്യമപ്രവര്‍ത്തക നിധി റസ്ദാന്‍; വ്യക്തി വിവരങ്ങള്‍ ചോര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th January 2021, 8:52 pm

ന്യൂദല്‍ഹി: ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്നും ജോലി വാഗ്ദാനം നല്‍കി കബളിപ്പിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തി എന്‍.ഡി.ടി.വിയില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തക നിധി റസ്ദാന്‍.

താന്‍ സൈബര്‍ ആക്രമണമായ ‘ഫിഷിങ്’ അറ്റാക്കിന് ഇരയായെന്ന് ട്വിറ്ററിലൂടെയാണ് നിധി അറിയിച്ചത്.

20 വര്‍ഷത്തോളം മാധ്യമപ്രവര്‍ത്തന മേഖലയില്‍ പ്രവൃത്തി പരിചയമുള്ള നിധി ഹാര്‍വാഡ് സര്‍വകലാശാലയില്‍ അസിസ്റ്റ്ന്റ് പ്രൊഫസറായി ജോലി ലഭിച്ചുവെന്ന അറിയിപ്പിനെ തുടര്‍ന്നാണ് എന്‍.ഡി.ടി.വിയില്‍ നിന്ന് രാജിവെച്ചത്. എന്നാല്‍ യൂണിവേഴ്‌സിറ്റിയുമായി നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി നിധി റസ്ദാന്‍ തിരിച്ചറിഞ്ഞത്.

2020 ജൂണിലാണ് എന്‍.ഡി.ടിവിയില്‍ നിന്ന് രാജിവെച്ചത്. സെപ്തംബറില്‍ തുടങ്ങേണ്ടിയിരുന്ന ക്ലാസ് കൊവിഡ് മൂലം ജനുവരിയിലേക്ക് നീട്ടി വെക്കുകയായിരുന്നെന്നാണ് തന്നോട് അറിയിച്ചിരുന്നതെന്നും നിധി ട്വിറ്ററില്‍ പങ്കുവെച്ചു.

പറയുന്ന പ്രവൃത്തികളില്‍ ചില അപാകതകള്‍ തോന്നിയപ്പോള്‍ നിധി ഹാര്‍വാഡ് യൂണിവേഴ്‌സിറ്റുയുമായി നേരിട്ട് ബന്ധപ്പെടുകയായിരുന്നു. സര്‍വകലാശാലയുടെ പേരില്‍ തനിക്ക് വന്ന സന്ദേശങ്ങളും മറ്റും അധികൃതര്‍ക്ക് നേരിട്ട് പങ്കുവെച്ചപ്പോഴാണ് താന്‍ പറ്റിക്കപ്പെട്ടുവെന്ന് മനസിലായതെന്ന് നിധി ട്വിറ്ററില്‍ പങ്കുവെച്ച പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

തനിക്ക് ജേര്‍ണലിസം പ്രൊഫസറായി യാതൊരു ഓഫറും ലഭിച്ചിട്ടില്ലെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. ഇ-മെയില്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള തന്റെ വ്യക്തി വിവരങ്ങള്‍ തട്ടിയെടുക്കുന്നതിനായി നടത്തിയ ആക്രമണമാണിതെന്നും പിന്നീടാണ് മനസിലാകുന്നതെന്നും നിധി പറയുന്നു.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെന്നും ആക്രമണത്തിന് പിന്നിലുള്ളവരെ പിടികൂടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് താനെന്നും നിധി പറഞ്ഞു.

ഏതെങ്കിലും കമ്പനികളുടെയും സ്ഥാപനങ്ങലുടെയും പേരില്‍ ഇ-മെയില്‍ വഴിയും വ്യാജ വെബ്‌സൈറ്റുകള്‍ വഴിയും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുകയും ആളുകളെ കബളിപ്പിക്കുകയും ചെയ്യുന്ന സൈബര്‍ ആക്രമണ രീതിയാണ് ഫിഷിങ് അറ്റാക്ക്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nidhi Razdan shares she was targeted by phishing scam, never offered Harvard job