കളി തോറ്റത് ആ നിമിഷത്തിലാണ്, സഞ്ജുവാണ് അതിന് കാരണം; വിന്‍ഡീസിന്റെ തോല്‍വിയെ കുറിച്ച് നിക്കോളസ് പൂരന്‍
Cricket
കളി തോറ്റത് ആ നിമിഷത്തിലാണ്, സഞ്ജുവാണ് അതിന് കാരണം; വിന്‍ഡീസിന്റെ തോല്‍വിയെ കുറിച്ച് നിക്കോളസ് പൂരന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th August 2022, 3:04 pm

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് നാലാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യ മികച്ച ജയം കരസ്ഥമാക്കിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനെ വെറും 132 റണ്‍സില്‍ ഓള്‍ ഔട്ടാക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് മൂന്നും ആവേശ് ഖാന്‍, രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ തിളങ്ങിയ ഒരു ക്ലിനിക്കല്‍ വിജയമായിരുന്നു ഇന്ത്യയുടേത്.

മത്സരത്തില്‍ ഒരു സ്ഥലത്ത് പോലും വിന്‍ഡീസിന് ആധിപത്യമുണ്ടായിരുന്നില്ല. എന്നാല്‍ നായകന്‍ നിക്കോളസ് പൂരന്‍ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ വിന്‍ഡീസിന് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം റണ്ണൗട്ടിന്റെ രീതിയിലൂടെ പൂരനെയും വിന്‍ഡീസിനെയും ചതിക്കുകയായിരുന്നു.

 

നാലമാനായെത്തിയ പൂരന്‍ ഏഴ് പന്ത് നേരിട്ട് 24 റണ്‍സെടുത്ത് നില്‍ക്കുമ്പോഴായിരുന്നു റണ്ണൗട്ടായത്. ഒരുപക്ഷെ പൂരന്‍ ഔട്ടായില്ലായിരുന്നെങ്കില്‍ കളിയുടെ ഗതി തന്നെ മാറിയേനെ. അക്‌സറിനെ ഒരോവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും അടിച്ച് നില്‍ക്കുമ്പോഴായിരുന്നു പൂരന്‍ അനാവശ്യ റണ്ണിനായി മയേഴ്‌സിനെ വിളിച്ചത്.

സഞ്ജു സാംസണ് നേരെ വന്ന പന്ത് അദ്ദേഹം പെട്ടെന്ന് തന്നെ എടുക്കുകയും സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ എറിയുകയും ചെയ്തിരുന്നു. വളരെ നിരാശനായിട്ടായിരുന്നു പൂരന്‍ ക്രീസ് വിട്ടത്. അദ്ദേഹം ടച്ചിലാണെങ്കില്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് ഇന്ത്യക്ക് നന്നായിട്ടാറിയാമായിരുന്നു.

മത്സരത്തിന് ശേഷം ആ റണ്‍ അനാവശ്യമായിരുന്നു എന്ന് തോന്നിയെന്ന് പൂരന്‍ പറഞ്ഞു. മത്സരത്തിന്റെ ഗതി തന്നെ മാറിയത് അവിടെയാണെന്നാണ് അദ്ദേഹം പറയുന്നത്. തിരിച്ചടിക്കാവുന്ന സ്‌കോറായിരുന്നു ഇന്ത്യ നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്, പക്ഷേ ഞങ്ങളുടെ ടീം മികച്ച തിരിച്ചുവരവ് നടത്തിയതില്‍ ഞാന്‍ സന്തുഷ്ടനണ്. നിര്‍ഭാഗ്യവശാല്‍, ഞങ്ങള്‍ക്ക് ബാറ്റിങ്ങില്‍ നല്ലയൊരു പാര്‍ട്‌നര്‍ഷിപ്പ് ലഭിച്ചില്ല, അത് ഒരു നേടാവുന്ന സ്‌കോര്‍ ആയിരുന്നു. റണ്ണൗട്ടായത് ഒട്ടും നല്ല സാഹചര്യത്തിലല്ലായിരുന്നു, അത് കളിയെ മാറ്റിമറിച്ചു. കമ്മ്യൂണിക്കേഷന്‍ തെറ്റിയപ്പോഴായായിരുന്നു ഔട്ടായത്. എന്നാല്‍ മറ്റ് കളിക്കാര്‍ക്ക് ചേര്‍ന്ന് നിന്നുകൊണ്ട് വിജയിപ്പിക്കാന്‍ സാധിക്കുമായിരുന്നു,’ പൂരന്‍ പറഞ്ഞു.

പൂരന്‍ ഔട്ടായതിന് ശേഷം മികച്ച പാര്‍ട്ട്‌നര്‍ഷിപ്പ് ബില്‍ഡ് ചെയ്യാന്‍ പോലും വിന്‍ഡീസിന് സാധിച്ചില്ലായിരുന്നു. അതോടെ മത്സരവും പരമ്പരയും ഒരുമിച്ച് തോല്‍ക്കാനായിരുന്നു വിന്‍ഡീസിന്റെ വിധി. ഞായാറാഴ്ചയാണ് പരമ്പരയിലെ അവസന മത്സരം.

Content highlights: Nicolas Pooran Says his runout changed the momentum of the game