പന്തിന്റെ കയ്യില്‍ പന്തുണ്ട്, പൂരനൊട്ട് ക്രീസിലുമില്ല, എന്നിട്ടും വിക്കറ്റ് വീഴ്ത്തിയില്ല; പന്തിനോട് കയര്‍ത്ത് രോഹിത് ശര്‍മ
Sports News
പന്തിന്റെ കയ്യില്‍ പന്തുണ്ട്, പൂരനൊട്ട് ക്രീസിലുമില്ല, എന്നിട്ടും വിക്കറ്റ് വീഴ്ത്തിയില്ല; പന്തിനോട് കയര്‍ത്ത് രോഹിത് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th August 2022, 2:58 pm

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഫ്‌ളോറിഡ ടി-20യില്‍ ഇന്ത്യ ആധികാരിക ജയവും ഒപ്പം പരമ്പരയും സ്വന്തമാക്കിയിരുന്നു. ബാറ്റിങ് ഡിപ്പാര്‍ട്‌മെന്റ് വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ ബൗളിങ് ഡിപ്പാര്‍ട്‌മെന്റും അതേറ്റെടുത്തു.

ബാറ്റിങ്ങിനും ബൗളിങ്ങിനും ഒപ്പം ഫീല്‍ഡിങ് ഡിപ്പാര്‍ട്‌മെന്റും ഒന്നിനൊന്ന് മികച്ചുനിന്നപ്പോഴാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് താരങ്ങളോട് ‘ജാവോ’ പറഞ്ഞത്.

ക്യാപ്റ്റന്‍ നിക്കോളാസ് പൂരനായിരുന്നു വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ ആഞ്ഞടിക്ക് തുടക്കമിട്ടത്. കേവലം എട്ട് പന്ത് മാത്രം നേരിട്ട പൂരന്‍ 300 സ്‌ട്രൈക്ക് റേറ്റില്‍ 24 റണ്‍സെടുത്താണ് മടങ്ങിയത്.

റണ്‍ ഔട്ടിലൂടെയായിരുന്നു താരം മടങ്ങിയത്. മലയാളി താരം സഞ്ജുവിന്റെ കിടിലന്‍ ത്രോ വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത് സ്വീകരിച്ച് ബെയ്ല്‍സ് വീഴ്ത്തുമ്പോള്‍ പൂരന്‍ ക്രീസില്‍ നിന്നും കാതങ്ങള്‍ അകലെയായിരുന്നു.

പൂരന്റെ ഈ റണ്‍ ഔട്ടാണ് കളിയിലെ നിര്‍ണായക മുഹൂര്‍ത്തങ്ങളിലൊന്ന്. ഒരുപക്ഷേ പൂരന്‍ അല്‍പനേരം കൂടി ക്രീസിലുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം ഇന്ത്യയ്ക്ക് ഭീഷണിയാകുമെന്നുറപ്പായിരുന്നു.

പൂരന്റെ പുറത്താവലാണ് ആരാധകര്‍ ഇപ്പോള്‍ ആഘോഷമാക്കുന്നത്. അക്‌സര്‍ പട്ടേലിന്റെ പന്ത് മുട്ടിയിട്ട് പൂരന്‍ റണ്ണിനായി ഓടുകയായിരുന്നു. എന്നാല്‍ സഞ്ജുവിന്റെ ഫീല്‍ഡിങ് മികവ് ഒരിക്കല്‍ക്കൂടി ക്രിക്കറ്റ് ലോകം കണ്ടപ്പോള്‍ കണ്ണടച്ചുതുറക്കും മുമ്പേ പന്ത് വിക്കറ്റ് കീപ്പര്‍ പന്തിന്റെ കൈകളിലെത്തി. അപ്പോള്‍ പൂരനാകട്ടെ പിച്ചിന് നടുവില്‍ നിസ്സഹായനായി നില്‍ക്കുകയായിരുന്നു.

എന്നാല്‍ പന്ത് കയ്യില്‍ കിട്ടിയിട്ടും റിഷബ് പന്ത് ബെയ്ല്‍സ് തട്ടിയിരുന്നില്ല. സഹതാരങ്ങള്‍ റണ്‍ ഔട്ട് ആഘോഷിക്കാന്‍ തുടങ്ങിയപ്പോള്‍ പോലും പൂരന്‍ യഥാര്‍ത്ഥത്തില്‍ ഔട്ടായിരുന്നില്ല.

ഒടുവില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വായില്‍ നിന്നും ‘നല്ലവാക്കുകള്‍’ കേട്ട ശേഷമാണ് പന്ത് ബെയ്ല്‍സ് തട്ടിയത്.

വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍മാര്‍ എല്ലാവരും ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം തന്നെ ബൗളര്‍മാര്‍ അവരെ ഒന്നൊഴിയാതെ എറിഞ്ഞിടുകയായിരുന്നു. ആദ്യ ഓവറില്‍ സീനിയര്‍ താരം ഭുവനേശ്വര്‍ കുമാര്‍ 14 വഴങ്ങിയപ്പോള്‍ ഇന്ത്യന്‍ ക്യാമ്പ് ഒന്ന് ഭയന്നിരുന്നു. എന്നാല്‍ ഇന്ത്യയുടെ യുവരക്തങ്ങള്‍ വിന്‍ഡീസിന്റെ മോഹങ്ങളെ ചുരുട്ടിയെറിയുകയായിരുന്നു.

നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങിയ രണ്ട് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനും 3.1 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങുമാണ് കരീബിയന്‍ താരങ്ങള്‍ക്ക് മേല്‍ കൊടുങ്കാറ്റായത്.

 

നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്‌ണോയിയും നാല് ഓവറില്‍ 48 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേലും ചേര്‍ന്ന് ബാക്കി താരങ്ങളെ കറക്കി വീഴ്ത്തിയപ്പോള്‍ വിന്‍ഡീസിന്റെ പതനം പൂര്‍ത്തിയായി.

ഞായറാഴ്ച നടക്കുന്ന അഞ്ചാം ടി-20 മുമ്പ് തന്നെ പരമ്പര സ്വന്തമാക്കിയതിനാല്‍ അവസാന മത്സരത്തില്‍ ഇന്ത്യ ഫ്രീയായി കളിക്കുമെന്നുപ്പാണ്. ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും പല പരീക്ഷണങ്ങള്‍ക്കും ഫ്‌ളോറിഡ ഒരിക്കല്‍ക്കൂടി സാക്ഷിയാവുകയും ചെയ്യും.

Content Highlight: Rohit Sharma angry with Rishabh Pant for taking a late wicket