വിമര്‍ശനം ഉയര്‍ന്നു; നിക്കി മിനാജ് സൗദി അറേബ്യയിലെ പരിപാടിയില്‍ പങ്കെടുക്കില്ല
Saudi Arabia
വിമര്‍ശനം ഉയര്‍ന്നു; നിക്കി മിനാജ് സൗദി അറേബ്യയിലെ പരിപാടിയില്‍ പങ്കെടുക്കില്ല
ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2019, 11:27 pm

റാപ് താരം നിക്കി മിനാജ് ജിദ്ദ സീസണ്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സംഗീത പരിപാടിയില്‍ പങ്കെടുക്കില്ല. വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന നിക്കി മിനാജ് തന്നെയാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്.

സൗദിയിലെ മനുഷ്യാവകാശ ലംഘനങ്ങളെ മുന്‍നിര്‍ത്തി നിക്കി മിനാജ് പരിപാടിയില്‍ നിന്ന് പിന്മാറണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഏത് തരത്തിലുള്ള വസ്ത്രവും പാട്ടുകളുമാണ് യാഥാസ്ഥിക രാജ്യമായ സൗദിയില്‍ നിക്കി മനാജ് ഉപയോഗിക്കുക എന്ന് മറ്റ് ചിലരും ചോദ്യങ്ങള്‍ ഉയര്‍ത്തി. ഇക്കാരണങ്ങളാലാണ് നിക്കി മിനാജ് പിന്മാറിയത്.

കലാരംഗത്തുള്ള നിയന്ത്രണങ്ങള്‍ ലളിതമാക്കാന്‍ സൗദി തീരുമാനിച്ചതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു നിക്കി മിനാജിന്റെ സംഗീത പരിപാടി നിശ്ചയിച്ചിരുന്നത്.

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവും പത്ത് വനിതാ ആക്ടിവിസ്റ്റുകളെ ജയിലിലടച്ചതുമാണ് മനുഷ്യാവകാശ സംഘടനകള്‍ പ്രധാനമായും സൗദിക്കെതിരെ നിക്കി മിനാജിനോട് ഉന്നയിച്ചത്. ഗേ പ്രൈഡ് പോലുള്ള പരിപാടികളില്‍ പങ്കെടുക്കുന്ന നിക്കി മിനാജ് സ്വവര്‍ഗ ലൈംഗിക നിരോധിച്ച സൗദി അറേബ്യ പോലുള്ള രാജ്യത്ത് പരിപാടി അവതരിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നും ഇവര്‍ ഉന്നയിച്ചു.

ഇവര്‍ ഉന്നയിച്ച വിഷയങ്ങള്‍ കൂടുതല്‍ പഠിച്ചതോടെ ശരിയാണെന്ന് മനസ്സിലായെന്നും അതോടെ പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചു. സ്ത്രീകളുടെ അവകാശം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്നിവയെ പിന്തുണക്കുക എന്നതാണ് ശരിയെന്ന് ഞാന്‍ കരുതുന്നുവെന്ന് നിക്കി മിനാജ് പ്രസ്താവനയില്‍ പറഞ്ഞു.