ഭീകരബന്ധം ആരോപിച്ച് കശ്മീരി മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് എന്‍.ഐ.എ
india news
ഭീകരബന്ധം ആരോപിച്ച് കശ്മീരി മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് എന്‍.ഐ.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st March 2023, 7:20 pm

ശ്രീനഗര്‍: ഭീകരബന്ധം ആരോപിച്ച് കശ്മീരി മാധ്യമപ്രവര്‍ത്തകനെ ദേശീയ അന്വേഷണ ഏജന്‍സി (N.I.A) അറസ്റ്റ് ചെയ്തു. ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ ഇര്‍ഫാന്‍ മെഹ്‌റാജിനെ ശ്രീനഗറില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ടാണ് അറസ്റ്റ് ചെയ്തത്.

2020 ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്ത എന്‍.ജി.ഒകളുടെ മറവിലുള്ള ഭീകരവാദ ഫണ്ടിങ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

തടവില്‍ കഴിയുന്ന ജമ്മു കശ്മീര്‍ കൊയിലേഷന്‍ ഓഫ് സിവില്‍ സൊസൈറ്റീസ് (JKCCS) നേതാവ് ഖുറാം പര്‍വേസുമായി അടുത്ത ബന്ധമുള്ള ആളാണ് ഇര്‍ഫാനെന്നും സംഘടനക്ക് വേണ്ടി ഇയാള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് എന്‍.ഐ.എയുടെ വാദം.

കശ്മീരില്‍, ദുരൂഹമായ സാഹചര്യത്തില്‍ കാണാതാവുന്ന പൗരന്മാരുടെ അവകാശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയായ ഏഷ്യന്‍ ഫെഡറേഷന്‍ എഗെയ്ന്‍സ്റ്റ് ഇന്‍വോളന്ററി ഡിസപ്പിയറന്‍സസിന്റെ (Asian Federation Against Involuntary Disappearances -AFID) ചെയര്‍മാനും ജെ.കെ.സി.സി.എസിന്റെ കോര്‍ഡിനേറ്ററുമാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഖുറാം പര്‍വേസ്. 2021 നവംബര്‍ മുതല്‍ പര്‍വേസ് എന്‍.ഐ.എ കസ്റ്റഡിയിലാണ്.

മനുഷ്യാവകാശ പ്രവര്‍ത്തനത്തിന്റെ മറവില്‍ കശ്മീര്‍ താഴ്‌വരയില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിങ് നടത്തുകയും ചെയ്യുന്ന സംഘടനയാണ് ജെ.കെ.സി.സി.എസ് എന്നാണ് എന്‍.ഐ.എ ആരോപണം.


കശ്മീര്‍ താഴ്‌വര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില എന്‍.ജി.ഒകളും ട്രസ്റ്റുകളും ഭീകരവാദത്തിന് ഫണ്ട് ചെയ്യുന്നു എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസാണ് എന്‍.ജി.ഒ ടെറര്‍ ഫണ്ടിങ് കേസ്.

പല എന്‍.ജി.ഒകളും പൊതു വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ പേരില്‍ സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ഫണ്ടുകള്‍ ശേഖരിക്കുന്നതായും ഇവയില്‍ പലതിനും ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുമായി ബന്ധമുള്ളതായുമാണ് എന്‍.ഐ.എ പറയുന്നത്.

Content Highlights: NIA arrests Kashmiri journalist