സൂരജ് മലയാറ്റില്‍
സംസ്കാരങ്ങളുടെ പിറവി നദീതടങ്ങളിലായിരുന്നു. നദിയിലെ ജലവും ഫലഭൂയിഷ്ഠമായ മണ്ണും കൃഷിയെ സമ്പന്നമാക്കി. നദീതടത്തെയും കൃഷിയിടത്തെയും ചന്തകളെയും കൂട്ടിയോജിപ്പിച്ച് നടപ്പാതകളുണ്ടായി. നടപ്പാതകള്ക്കിരുവശം ജനവാസകേന്ദ്രങ്ങളും കവലകളും ആരാധനാലയങ്ങളും വളര്‍ന്നു. ജനതയുടെ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും യാത്രകള്‍ പാതകള്‍ക്കൊപ്പം നീണ്ടു നീണ്ടു വന്നു. വികസനം പാതകള്‍ വഴി എല്ലായിടത്തേക്കും അരിച്ചെത്തി. വ്യവസായങ്ങള്‍ പാതകളെമാത്രം ആശ്രയിക്കുന്നതായിരുന്നു. നടവഴിയിറങ്ങി പല വഴി കയറി ദേശീയ പാതകള്‍ വഴി മുന്നോട്ടുപോയാല്‍ ഇരുവശവും ചരിത്രം വായിച്ചെടുക്കാം. ഒരുപക്ഷെ ഈ പാത പണ്ടൊരു കൊടും കാട്ടിലായിരിക്കാം. വന്യമൃഗങ്ങളവിടെ താണ്ഢവമാടിയിരിക്കാം. എങ്കിലും, ഇന്ന് അത് നമ്മുടെ നിത്യജീവിതത്തിന്റെ താളമാണ്. നമ്മുടെ ബന്ധങ്ങളുടെ കെട്ടുറപ്പാണ്. ആ പാതയെ കുത്തക മുതലാളിമാരുടെ ചൂഷിത സംസ്കാരത്തിന്റെ കൈകളിലേക്ക് എറിഞ്ഞുകൊടുക്കണോ?. ചരിത്രവും സംസ്കാരവും ബന്ധങ്ങളും തകര്‍ത്തെറിഞ്ഞുകൊണ്ടാണ് ഇവിടെ ചുങ്കപ്പാത ഉയരുന്നത്. കേരളത്തെ പകുത്തുകൊണ്ട് ജനതയെ മതിലുകെട്ടിതിരിച്ചുകൊണ്ടാണ് ചുങ്കപ്പാത യാഥാര്‍ത്ഥ്യമാകുന്നതിനെക്കുറിച്ച് കേരളഫഌഷ്ന്യൂസ് തയ്യാറാക്കുന്ന പ്രത്യേക റിപ്പോര്‍ട്ട് .
ദേശീയപാത വീതികൂട്ടല്‍ എന്തിന്?
ലക്ഷം രൂപ മാത്രം വിലയുള്ള കാറുകള്‍ കൂടി വിപണിയിലെത്തിയതോടെ നമ്മുടെ നാട്ടിലെ റോഡുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്. ചെറുവാഹനങ്ങളും ഇരുചക്രവാഹനങ്ങളുമാണ് ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. നിലവിലുള്ള റോഡുകള്‍ മാത്രം നിലനിര്‍ത്തിയാല്‍ ഗതാഗത പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുകയേ ഉള്ളൂ. ആയതിനാല്‍തന്നെ കൂടുതല്‍ വേഗത്തില്‍ യാത്രചെയ്യാവുന്ന, വലിയ പാതകള്‍ അത്യാവശ്യമാണ്. കേരളത്തില്‍ , പ്രത്യേകിച്ചും ചരക്കുസാമാനങ്ങള് വഹിച്ചുകൊണ്ടുള്ള വാഹനങ്ങളുടെ യാത്രയ്ക്ക് സമയക്രമം നിശ്ചയിക്കുക കൂടെ ചെയ്തതോടെ ഇടത്തരം വാഹനങ്ങള്‍ കൂടുതലായും പകല്‍സമയ യാത്ര ഉപയോഗപ്പെടുത്തുന്നത് കൂടിയിട്ടുണ്ട്. ഇത് അപകടസാദ്ധ്യതകള്‍ ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നു.
വല്ലാര്‍പാടം കണ്ടയിനര്‍ ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാവുകയും സ്മാര്‍ട്സിറ്റിയും നോളജ്പാര്ക്കും പ്രവര്‍ത്തനസജ്ജമാവുകയും കൂടി ചെയ്യുന്ന വരും വര്‍ഷങ്ങളില്‍ ചരക്കു നീക്കം എല്ലാ സമയത്തും സാദ്ധ്യമാകേണ്ടതുണ്ട് (24*7). അതിനായി അപകടങ്ങളും ഗതാഗതക്കുരുക്കും പരമാവധി ഒഴിവാക്കാന്‍ നിലവിലുള്ള ദേശീയ പാത 17ഉം 47ഉം കൂട്ടിച്ചേര്‍ത്ത് എറണാകുളം – ഇടപ്പള്ളി മുതല്‍ മലപ്പുറത്ത് കുറ്റിപ്പുറം വരെയുള്ള 120കിലോമീറ്റര്‍ ദൂരം നേര് രേഖാപാതയാക്കിമാറ്റുന്നു. ഇത് നടപ്പാക്കുന്നത് ഇന്ത്യന്‍ ദേശീയപാതാ അതോറിറ്റിയാണ് (NHAI). ഇന്ത്യയിലെ മിക്കവാറും മറ്റെല്ലാ സംസ്ഥാനത്തും നടപ്പാക്കിയ ബിഒടി റോഡുവികസന രീതി പോലെതന്നെ സ്വകാര്യ മുടക്കുമുതല്‍ ശേഖരണത്തിലൂടെ ഈ വന്പ്രൊജക്റ്റും നടപ്പിലാക്കുക എന്നതാണ് ദൗത്യം. ഇക്കാര്യങ്ങള്‍ പറയുന്നത് നമ്മുടെ ഭരണവര്‍ഗ്ഗമാണ്.
(M/s Wilbur Smith Associates Inc. USA in joint venture (JV) with Wilbur Smith Associates Private Limited have been etnrusted by NHAI the task of carrying out the Feasibiltiy Studies and Environmental and Social Impact Assessment including preparation of Detailed Project Report for rehabilitation and upgrading to 4/6 lane divided highway.This report deals with rehabilitation and upgrading of a stretch of 111.73 km on NH-17 in the state of Kerala to 4 lane divided highway. From the project report of National Highway Authortiy of India)
ബി ഒ ടി ചുങ്കപ്പാത പ്രക്രിയ ഇങ്ങിനെ
BOT (Build Operate Transfer) ഉടമ്പടിപ്രകാരം നാം നമ്മുടെ പാത മുതലാളിമാര്‍ക്കു വിട്ടുകൊടുക്കുന്നു. സ്വകാര്യ കമ്പനികള്‍ ചേര്‍ന്ന് നിര്‍ദ്ദിഷ്ഠ എന്‍ എച്ച് 17, എന്‍എച്ച് 47 പാതകളും കൊടുങ്ങല്ലൂര്‍ ബൈപ്പാസും കൂട്ടിച്ചേര്‍ത്ത് ഇടപ്പള്ളി മുതല്‍ കുറ്റിപ്പുറം വരെ നവീകരിച്ച് 45 മീറ്റര്‍ വീതിയും 4 വരികളുമുള്ള പാത നിര്‍മ്മിക്കുന്നു. പാതക്കുള്ള സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഇതിനായി പാസ്സാക്കപ്പെട്ടിട്ടുണ്ട്. ഇരുവശവും “ഉയര്‍ന്ന മതിലുകള്‍ കെട്ടിത്തിരിച്ച്” പാത നവീകരിച്ച് കമ്പനികള്‍ ചുങ്കപ്പാത കെട്ടിയുയര്‍ത്തുന്നു. ദേശീയപാത അതോറിറ്റിയുടെ കണക്കനുസരിച്ച് കിലോമീറ്ററിന് 14.59കോടി രൂപ ചിലവു പ്രതീക്ഷിക്കുന്ന 111.73 കിലോമീറ്റര്‍ നീളമുള്ള ഈ പാതയില്‍ തങ്ങളുടെ ചിലവ് തിരിച്ചുപിടിക്കുവാനും മറ്റുമായി അടുത്ത 30വര്‍ഷത്തേക്ക് പാതയില്‍ സഞ്ചരിക്കുന്ന ആരില്‍ നിന്നും കരം പിരിക്കാനുള്ള അനുമതി മുതലാളിമാര്‍ക്ക് നല്കുന്നു. ഈ കാലയളവിനുള്ളിലുള്ള അറ്റകുറ്റ പണികള്‍ അവരില്‍ നിക്ഷിപ്തമായിരിക്കും.
3 വര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാക്കുന്ന പാതയിലെ 4 വരികളിലൂടെ വലിപ്പക്രമത്തില്‍ വാഹനങ്ങള്‍ക്ക് 80 മുതല്‍ 120വരെ കിലോമീറ്റര്‍ സ്പീഡില്‍ യാത്രചെയ്യാം. കിലോമീറ്ററിന് 60 പൈസ മുതല്‍ 2രൂപ വരെ മുതലാളി നിശ്ചയിക്കുന്ന ചുങ്കം നിര്‍ബന്ധമായി നല്‍കേണ്ടതുണ്ട്. പാതയില്‍ ഓരോ 10കിലോമീറ്ററിനുള്ളിലും ഓവര്‍ബ്രിഡ്ജുകളും പ്രവേശനങ്ങളും നിര്‍മ്മിക്കും. സീബ്രാക്രോസിങ്ങുകള് 1.5കിലോമീറ്ററിലും ഉണ്ടായിരിക്കും. ഇതിനുപുറമെ വാഹനങ്ങള്‍ കേടായാല്‍ നിര്‍ത്തിയിടാനുള്ള വരികളും ഹെവിവാഹനങ്ങള്ക്കായുള്ള വിശ്രമ “ബേ”കളും ഭക്ഷണം കഴിക്കാന്‍ റസ്റ്റോറന്റും പെട്രോള്‍ ബങ്കറുകളും ഉണ്ടായിരിക്കും.
