ന്യൂദല്‍ഹി: ദേശീയ പാത 66ന്റെ ഉദ്ഘാടനം ജനുവരിയില്‍ നടത്തുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേരള ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ പാത വികസനത്തില്‍ കേരള സര്‍ക്കാര്‍ എടുക്കുന്ന പ്രത്യേക താത്പര്യം കണക്കിലെടുത്ത്, സ്ഥലം ഏറ്റെടുപ്പിന്റെ ബാക്കി തുക ഏകദേശം 237 കോടി രൂപ എഴുതിത്തള്ളുമെന്ന് ഗഡ്കരി അറിയിച്ചതായും മുഹമ്മദ് റിയാസ് പറഞ്ഞു.
പാലക്കാട്-കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ, തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ്, എറണാകുളം ബൈപ്പാസ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം ജനുവരിയില്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.