വരാനിരിക്കുന്ന 2026 ബാലണ് ഡി ഓര് ചടങ്ങിന് ദിവസങ്ങള് മാത്രം ബാക്കിനില്ക്കെ, ബാഴ്സലോണയുടെയും സ്പെയിനിന്റെയും യുവതാരം ലാമിന് യമാലിനെ ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് വിശേഷിപ്പിച്ച് ബ്രസീലിയന് ഇതിഹാസ താരം നെയ്മര് ജൂനിയര്.
ഇത്തവണ ബാലണ് ഡി ഓര് നേടാന് ഏറ്റവുമധികം സാധ്യത കല്പ്പിക്കുന്ന താരമാണ് ലാമിന് യമാല്.

ലാമിന് യമാല്. Photo: FC Barcelona
ബാഴ്സലോണയ്ക്കും സ്പാനിഷ് ദേശീയ ടീമിനുമൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച യമാലിനെ തന്റെ ഇന്സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നെയ്മര് പ്രശംസിച്ചത്. യമാലിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘ലോകത്തിലെ ഏറ്റവും മികച്ചവന്’ (Best in the world) എന്നാണ് നെയ്മര് കുറിച്ചത്.

ബാഴ്സലോണയ്ക്കായി ഈ സീസണില് മികച്ച തുടക്കമാണ് യമാല് സ്വന്തമാക്കിയിട്ടുള്ളത്. എല്ലാ മത്സരങ്ങളിലുമായി ഇതിനോടകം തന്നെ ഗോളുകളും അസിസ്റ്റുകളുമായി താരം തിളങ്ങിയിട്ടുണ്ട്.
യമാലിന്റെ പ്രായത്തിലുള്ള ഒരു താരം കളിക്കളത്തില് പുറത്തെടുക്കുന്ന അവിശ്വസനീയമായ പ്രകടനങ്ങളെ നെയ്മര് മുമ്പും പുകഴ്ത്തിയിട്ടുണ്ട്.
‘അവിടെ മെസിയുണ്ടായിരുന്നു, ഞാനുണ്ടായിരുന്നു… എന്നാല് ഈ കുട്ടി തന്റെ 18ാം വയസ്സില് ചെയ്യുന്ന കാര്യങ്ങള് അവിശ്വസനീയമാണ്,’ എന്ന് നെയ്മര് യമാലിനെക്കുറിച്ച് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
തന്റെ കളിശൈലിക്ക് പ്രചോദനമായത് നെയ്മര് ആണെന്ന് യമാല് പലതവണ വ്യക്തമാക്കിയിട്ടുമുണ്ട്. ഫുട്ബോള് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ലയണല് മെസിയാണെന്ന് വിശ്വസിക്കുമ്പോള് തന്നെ, തന്റെ വളര്ച്ചയില് നെയ്മറുടെ സ്വാധീനത്തെ യമാല് ബഹുമാനത്തോടെയാണ് കാണുന്നത്.

ലാമിന് യമാല്. Photo: FC Barcelona
തന്റെ ബാലണ് ഡി ഓര് സാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തോടും താരം പ്രതികരിച്ചിരുന്നു.
‘ഫുട്ബോള് കാണുന്ന ആര്ക്കും എന്റെ വാദങ്ങള് എന്തൊക്കെയാണെന്ന് അറിയാം. ഞാന് കളിക്കളത്തിലിറങ്ങുന്നു, ആസ്വദിക്കുന്നു. എനിക്ക് താല്പ്പര്യമുള്ള രീതിയിലും ഞാന് ആഗ്രഹിക്കുന്ന രീതിയിലും ഞാന് നന്നായി കളിക്കുന്നു. ബാഴ്സയോടൊപ്പം ധാരാളം കിരീടങ്ങള് നേടാനും എനിക്ക് ഭാഗ്യമുണ്ടായി.
കഴിഞ്ഞ രണ്ട് വര്ഷമായി കാര്യങ്ങള് ഇതുപോലെയാണ്. കൂടാതെ എന്റെ ദേശീയ ടീമിനൊപ്പം ഏറ്റവും പ്രധാനപ്പെട്ട കിരീടമായ ലോകകപ്പും എനിക്ക് നേടാന് കഴിഞ്ഞു. അതിനുപുറമെ, ഞാന് കളിക്കുന്ന രീതി തന്നെയാണ് എന്റെ ഏറ്റവും വലിയ കരുത്ത് എന്ന് ഞാന് കരുതുന്നു.’
ഒരുപക്ഷേ 2026ലെ ബാലണ് ഡി ഓര് ലാമിന് യമാലിന്റെ കൈകളിലെത്തുകയാണെങ്കില് പുരസ്കാരത്തില് മുത്തമിടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും യമാല് മാറും. ബ്രസീല് ഇതിഹാസം റൊണാള്ഡോ നസാരിയോയെ മറികടന്നാകും താരം ഈ റെക്കോഡിലെത്തുക.
Content Highlight: Neymar Jr praises Lamine Yamal
