ന്യൂസിലാന്റ് ഭീകരാക്രമണത്തെ ന്യായീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; യു.എ.ഇയില്‍ പ്രവാസിയെ ജോലിയില്‍ നിന്ന് പുറത്താക്കി
world
ന്യൂസിലാന്റ് ഭീകരാക്രമണത്തെ ന്യായീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; യു.എ.ഇയില്‍ പ്രവാസിയെ ജോലിയില്‍ നിന്ന് പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st March 2019, 8:03 am

അബൂദാബി: ന്യൂസിലാന്റിലെ മസ്ജിദില്‍ നടന്ന ഭീകരാക്രമണത്തെ ന്യായീകരിച്ചും പ്രകീര്‍ത്തിച്ചും ഫേസ്ബുക്കില്‍ കുറിപ്പിട്ട പ്രവാസിക്ക് യു.എ.ഇയില്‍ ജോലി നഷ്ടമായി. പ്രമുഖ സെക്യൂരിറ്റി സ്ഥാപനമായ ട്രാന്‍സ്ഗാര്‍ഡിലെ ഉദ്യോഗസ്ഥനായ  ഇയാളുടെ മുഴുവന്‍ രേഖകളും തിരിച്ചു വാങ്ങിയാണ് കമ്പനി നടപടിയെടുത്തത്.

ക്രൈസ്റ്റ്ചര്‍ച്ച് നടന്ന കൂട്ടക്കൊലയെ ന്യായീകരിക്കുന്നതോടൊപ്പം മുഴുവന്‍ മസ്ജിദുകളും സമാനമായ രീതിയില്‍ ആക്രമിക്കണമെന്നും ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം. ജോലിയില്‍ നിന്ന് പുറത്താക്കിയതിന് പുറമെ തുടര്‍ നടപടികള്‍ക്കായി ഇയാളെ യു.എ.ഇ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.

Read Also : ബി.ജെ.പിയ്ക്ക് വേണ്ടി രാവും പകലും പണിയെടുത്ത പട്ടിക ജാതിക്കാരെ വഞ്ചിച്ചു; സീറ്റ് വിഭജനത്തിനെതിരെ ബി.ജെ.പി ഉപാധ്യക്ഷന്‍ പി.എം വേലായുധന്‍

എന്നാല്‍ നടപടിക്ക് വിധേയനായ ജീവനക്കാരന്റെ പേരോ ഇയാള്‍ കമ്പനിയില്‍ വഹിച്ചിരുന്ന പദവിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കമന്റിന്റെ വിശദാംശങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം പുറത്തു വന്നതിന് പിന്നാലെ ഇയാളിട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെയാണ് കമ്പനി ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് നടന്ന അന്വേഷണത്തില്‍ പ്രൊഫൈലിന്റെ ഉടമയെ കണ്ടെത്തുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റിടുന്നത് യു.എ.ഇയില്‍ കനത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോകത്തെ ഞെട്ടിച്ച ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണം നടന്നത്. രണ്ടു മുസ്ലിം പള്ളികളിലായി 50 നിരപരാധികളുടെ ജീവനെടുക്കുന്നതിന് മുമ്പ് ബ്രെണ്ടന്‍ ടെറന്റ് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഡിലീറ്റ് ചെയ്യപ്പെട്ട തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മെഷീന്‍ ഗണ്ണുകളുടെ ചിത്രങ്ങളും, തന്റെ പ്രവൃത്തികളെ നീതീകരിക്കുന്ന മാനിഫെസ്റ്റോയും ഇയാള്‍ നേരത്തെ പങ്കു വെച്ചിരുന്നു.

അതേസമയം ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച രണ്ടുമിനിറ്റ് പ്രാര്‍ത്ഥന നടത്തുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിണ്ട ആര്‍ഡന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബാങ്കുവിളി ന്യൂസിലന്‍ഡ് ടി.വിയിലൂടെയും റേഡിയോയിലൂടെയും ബ്രോഡ്കാസ്റ്റ് ചെയ്യുമെന്നും അവര്‍ പറഞ്ഞു.

മറ്റ് പ്രാര്‍ത്ഥനാ പരിപാടികളും ഇതോടനുബന്ധിച്ചു നടത്തുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ ആരോപണ വിധേയനായ വ്യക്തിയെ “പേരില്ലാത്തവന്‍” ആയി കണക്കാക്കുമെന്നും ജസിണ്ട പറഞ്ഞിരുന്നു. വെള്ളിയാഴ്ച ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ഭീകരാക്രമണത്തിനുശേഷം ആദ്യമായി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേയാണ് ജസീണ്ട ഇക്കാര്യം പറഞ്ഞത്.

ഭീകരാക്രമണത്തില്‍ മരണപ്പെട്ട ഇരകളുടെ പേരാണ് ലോകം വിളിച്ചുപറയേണ്ടത്. അക്രമിയുടെ പേരല്ലെന്നും ജസിണ്ട പറഞ്ഞിരുന്നു. “ന്യൂസിലന്‍ഡ് നിയമത്തിന്റെ സര്‍വ്വശക്തിയും ഉപയോഗിച്ച്” അക്രമം നടത്തിയയാളെ നേരിടുമെന്നും അവര്‍ പറഞ്ഞിരുന്നു.

അറബ് ആശംസാവചനമായ “അസ്സലാമു അലൈക്കും” എന്ന അഭിസംബോധനയോടെയാണ് ജസിണ്ട പ്രസംഗം ആരംഭിച്ചത്.

നേരത്തെ ഹിജാബ് ധരിച്ചായിരുന്നു ജസിണ്ട കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചത്. ഇത് ലോകത്തിന്റെ കയ്യടി നേടിയിരുന്നു.