തിരുവനന്തപുരം: അങ്കണവാടിയില്‍ ബിരിയാണി ചോദിച്ച് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയ ‘ശങ്കു’ എന്ന കുട്ടിയെ അങ്കണവാടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണമായും വ്യാജമാണെന്ന് വ്യക്തമാക്കി മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസ്. ഇതിനെതിരെ മന്ത്രിയുടെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) ഔദ്യോഗികമായി പരാതി നല്‍കി.
മന്ത്രി ബിന്ദു കൃഷ്ണയുടെ തെറ്റ് ചൂണ്ടിക്കാണിച്ചതിനാണ് ശങ്കുവിനെതിരെ നടപടിയെടുത്തതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്. ഇതിന് പുറമെ, കുട്ടിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി നേരിട്ട് ശുപാര്‍ശ ചെയ്‌തെന്ന തരത്തിലുള്ള ഗുരുതരമായ വ്യാജ പ്രചാരണങ്ങളും ഇതിനോടൊപ്പം നടക്കുന്നുണ്ട്.
ഈ വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഡ്വ. ത്രിദീപ് കുമാര്‍ ആണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്.
മന്ത്രി ബിന്ദു കൃഷ്ണ നടത്തിയ ഒരു പരാമര്‍ശത്തെ തിരുത്തിക്കൊണ്ട് ശങ്കു രംഗത്തെത്തിയിരുന്നു. ഒരു മാധ്യമ പ്രതികരണത്തിനിടെ, കൊല്ലം ചവറയിലെ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാധാമണിയുടെ കൊച്ചുമകനാണ് ‘ബിര്‍ണാണി’ ചോദിച്ച ശങ്കു എന്ന് മന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍ താന്‍ രാധാമണി ചേച്ചിയുടെയൊന്നും കൊച്ചുമോനല്ല. എന്റെ അപ്പാമ്മയുടെ പേര് ഓമന, എന്റെ അമ്മാമ്മയുടെ പേര് റീന തങ്കപ്പന്‍ എന്ന് പറഞ്ഞുകൊണ്ട് ശങ്കു ഒരു വിഡിയോയും ചെയ്തിരുന്നു.
മന്ത്രിയുടെ അവകാശവാദത്തിലെ തെറ്റ് തിരുത്തിയുള്ള ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്, പ്രതികാര നടപടിയെന്നോണം കുട്ടിയെ അങ്കണവാടിയില്‍ നിന്ന് പുറത്താക്കി എന്ന രീതിയിലുള്ള വ്യാജ വാര്‍ത്തകള്‍ ചില കേന്ദ്രങ്ങള്‍ നിര്‍മിച്ചു പ്രചരിപ്പിക്കാന്‍ തുടങ്ങിയത് എന്നാണ് പരാതിക്കാരന്റെ വാദം.
അടിസ്ഥാനമില്ലാത്ത ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും തെറ്റായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് ഇപ്പോള്‍ മന്ത്രിയുടെ ഓഫീസ് പൊലീസിനെ സമീപിച്ചിരിക്കുന്നത്.
Content Highlight: News that Sanku has been suspended is fake; Minister Bindu’s office files complaint with DGP