വസ്തുതാ വിരുദ്ധമായ ഒരു വാര്‍ത്തപോലും റിപ്പോര്‍ട്ടര്‍ ടി.വി നല്‍കിയിട്ടില്ല; നടിയെ ആക്രമിച്ച കേസിലെ വാര്‍ത്താ വിലക്കില്‍ ഹെക്കോടതിയെ സമീപിക്കുമെന്ന് നികേഷ് കുമാര്‍
Kerala News
വസ്തുതാ വിരുദ്ധമായ ഒരു വാര്‍ത്തപോലും റിപ്പോര്‍ട്ടര്‍ ടി.വി നല്‍കിയിട്ടില്ല; നടിയെ ആക്രമിച്ച കേസിലെ വാര്‍ത്താ വിലക്കില്‍ ഹെക്കോടതിയെ സമീപിക്കുമെന്ന് നികേഷ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th April 2022, 7:50 pm

കൊച്ചി: വധഗൂഢാലോചന കേസിലും നടിയെ ആക്രമിച്ച കേസിലും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് റിപ്പോര്‍ട്ടര്‍ ചാനലിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരണവുമായി ചീഫ് എഡിറ്റര്‍ എം.വി. നികേഷ് കുമാര്‍.

റിപ്പോര്‍ട്ടര്‍ ടി.വിയുടെ ഭാഗം കേള്‍ക്കാതെയാണ് വാര്‍ത്ത വിലക്കി ഹൈക്കോടതി ഉത്തരവ് ഇറക്കിയതെന്നും,
വിധി നീക്കികിട്ടാന്‍ ചാനല്‍ ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും നികേഷ് കുമാര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും നാളിതുവരെ വസ്തുതാവിരുദ്ധമായ ഒരു വാര്‍ത്തപോലും റിപ്പോര്‍ട്ടര്‍ ടി.വി നല്‍കിയിട്ടില്ല. വധഗൂഢാലോചന കേസില്‍ ആറാം പ്രതിയായ സുരാജിനെതിരെ വാര്‍ത്തകള്‍ വിലക്കിയത് എന്തിനെന്ന് അറിയില്ലെന്ന് നികേഷ് കുമാര്‍ പറഞ്ഞു.

‘രണ്ട് കേസുകളിലും വസ്തുതാവിരുദ്ധമായി റിപ്പോര്‍ട്ടര്‍ ടി.വി വാര്‍ത്ത നല്‍കിയെന്ന് സുരാജ് പോലും ഹര്‍ജിയില്‍ ആക്ഷേപം ഉന്നയിച്ചിട്ടില്ല. ഹൈക്കോടതിയില്‍ കക്ഷി ചേര്‍ത്തത് റിപ്പോര്‍ട്ടര്‍ ചാനലിനെ മാത്രമാണ്,’ നികേഷ് കുമാര്‍ പറഞ്ഞു.

ദിലീപ് ഒന്നാം പ്രതിയായ വധഗൂഢാലോചനാക്കേസിലും, നടിയെ ആക്രമിച്ച കേസിലും സുരാജിനേക്കുറിച്ച് വാര്‍ത്ത വേണ്ട എന്നാണ് ജസ്റ്റിസ് മുഹമ്മദ് നിയാസ് ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞത്.

അതേസമയം, അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാന്‍ നടന്‍ ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ദിലീപിനെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഉത്തരവ്.

ദിലീപിന്റെ സഹോദരന്‍ അനൂപിനെ ചോദ്യം ചെയ്യുന്നു കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് വിധി പറഞ്ഞത്. കേസ് അന്വേഷണവുമായി ക്രൈംബ്രാഞ്ചിനു മുന്നോട്ടുപോകാമെന്നു കോടതി വ്യക്തമാക്കി