കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ഓര്‍മകള്‍ക്ക് ഒരു വര്‍ഷം തികയുന്ന വേളയില്‍ സര്‍വേയുമായി ന്യൂസ് മലയാളം 24×7. സര്‍ക്കാരിന്റെ ഗുണഭോക്തൃ പട്ടികയിലെ 402 പേരെ നേരിട്ട് ബന്ധപ്പെട്ടാണ് സര്‍വേ നടത്തിയത്.
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങളാണ് സര്‍വേയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിരുന്നത്. സര്‍വേയില്‍ പങ്കെടുത്ത പകുതിയിലേറെ പേരും സംസ്ഥാന സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിയില്‍ തൃപ്തി രേഖപ്പെടുത്തിയപ്പോള്‍ 80 ശതമാനത്തിലേറെ കേന്ദ്ര സര്‍ക്കാര്‍ തങ്ങളെ പരിഗണിച്ചില്ലെന്നും വ്യക്തമാക്കി.
വയനാട് ദുരന്ത പുനരധിവാസ പദ്ധതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണോ എന്ന ചോദ്യത്തിന് പകുതിയിലേറെ പേര്‍ തൃപ്തരാണെന്നാണ് മറുപടി നല്‍കിയത്. 56.83 ശതമാനം പേര്‍ സര്‍ക്കാരിന്റെ പുരനധിവാസ പദ്ധതിയില്‍ തൃപ്തി രേഖപ്പെടുത്തിയപ്പോള്‍ 11.85 ശതമാനം പേര്‍ ഭാഗികമായ തൃപ്തിയും രേഖപ്പെടുത്തി. 31.31 ശതമാനം ആളുകള്‍ തൃപ്തരല്ല എന്നും പ്രതികരിച്ചു.
300 രൂപ ദിവസബത്തയടക്കം സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ യഥാക്രമം ലഭിച്ചിരുന്നോ എന്നതായിരുന്നു സര്‍വേയിലെ രണ്ടാം ചോദ്യം. ഇതില്‍ 88.75 ശതമാനം ആളുകളും ഈ ആനുകൂല്യങ്ങള്‍ ലഭിച്ചെന്നും 11.24 ആളുകള്‍ ഇല്ല എന്നും അഭിപ്രായപ്പെട്ടു.
നിര്‍മാണം പൂര്‍ത്തിയാക്കി വീട് ജനുവരിയില്‍ കൈമാറുമെന്ന വാഗ്ദാനത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന മൂന്നാമത്തെ ചോദ്യത്തിന് 68 ശതമാനം ആളുകളും ഇല്ല എന്നാണ് ഉത്തരം നല്‍കിയത്. 23.10 ശതമാനം ആളുകള്‍ ജനുവരിയില്‍ വീട് ലഭിക്കുമെന്ന് പ്രതീക്ഷ വെച്ചുപുലര്‍ത്തുമ്പോള്‍ 8.81 ശതമാനം ആളുകള്‍ അറിയില്ല എന്നും ഉത്തരം നല്‍കി.
വയനാട് ദുരന്തബാധിതരെ കേന്ദ്രം കരുണാപൂര്‍വം പരിഗണിച്ചുവെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് 80.24 ശതമാനം ദുരന്തബാധിതരും ഇല്ല എന്നാണ് മറുപടി നല്‍കിയത്. 11.24 ശതമാനം ആളുകള്‍ കേന്ദ്രം അനുഭാവപൂര്‍വം പരിഗണിച്ചുവെന്ന് മറുപടി രേഖപ്പെടുത്തിയപ്പോള്‍ 8.51 ശതമാനം ആളുകളും അറിയില്ല എന്നും ഉത്തരം നല്‍കി.
ടൗണ്‍ഷിപ്പിന് പകരം പുറത്ത് വീട് വാങ്ങാനുള്ള തീരുമാനം ശരിയായിരുന്നു എന്ന് കരുതുന്നുണ്ടോ എന്നതായിരുന്നു സര്‍വേയിലെ അഞ്ചാം ചോദ്യം. സര്‍ക്കാര്‍ നല്‍കുന്ന വീടിന് പകരം സന്നദ്ധസംഘടനകള്‍ നല്‍കുന്ന വീട് തെരഞ്ഞെടുത്തവരോടുള്ള പ്രത്യേക ചോദ്യമായിരുന്നു ഇത്. ഇതില്‍ 94.59 ശതമാനം പേരും ഇത് ശരിയായ തീരുമാനമാണെന്നും 5.4 ശതമാനമാളുകള്‍ തെറ്റായ തീരുമാനമായിരുന്നു എന്നും മറുപടി നല്‍കി.
സര്‍വേ ഫലം
ചോ: വയനാട് ദുരന്ത പുനരധിവാസ പദ്ധതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണോ?