പ്രോട്ടിയാസിനെ ചാരമാക്കി ബ്ലാക് ക്യാപ്‌സ്
Cricket
പ്രോട്ടിയാസിനെ ചാരമാക്കി ബ്ലാക് ക്യാപ്‌സ്
ശ്രീരാഗ് പാറക്കല്‍
Friday, 20th March 2026, 6:33 pm

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി-20യില്‍ വിജയം സ്വന്തമാക്കി ന്യൂസിലാന്‍ഡ്. ഈഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 16.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് നേടി കിവീസ് മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

ന്യൂസിലാന്‍ഡിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ ടോം ലാഥമാണ്. 55 പന്തില്‍ രണ്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ പുറത്താകാതെ 63 റണ്‍സാണ് താരം നേടിയത്.

ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേ 26 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 39 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്തി. ഇരുവര്‍ക്കും പുറമെ ടിം റോബിന്‍സണ്‍ 17 റണ്‍സും നേടിയരുന്നു. പ്രോട്ടിയാസിന് വേണ്ടി കേശവ് മഹാരാജും ലൂതോ സിപംലയുമാണ് വിക്കറ്റ് നേടിയത്.

അതേസമയം പ്രോട്ടിയാസിന് വേണ്ടി ബാറ്റിങ്ങില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയത് പത്താമനായി ഇറങ്ങിയ എന്‍കൊബാനി മൊകോയെനയാണ്. 20 പന്തില്‍ 26 റണ്‍സാണ് താരം നേടിയത്. താരത്തിന് പുറമെ മധ്യനിര ബാറ്റര്‍ ജോര്‍ജ് ലിന്‍ഡേ 23 റണ്‍സും നേടി.

ബ്ലാക് ക്യാപ്‌സിന് വേണ്ടി കൈല്‍ ജെയ്മിസണ്‍, ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍, ബെന്‍ഞ്ചമിന്‍ സീര്‍സ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി മികച്ച പ്രകടനമാണ് നടത്തിയത്.

മാത്രമല്ല ലോക്കി ഫെര്‍ഗൂസണ്‍, കോള്‍ മെക്ഓന്‍ചി, ജെയിംസ് നീഷം എന്നിവര്‍ ടീമിന് വേണ്ടി ഓരോ വിക്കറ്റ് വീതവും നേടിയിരുന്നു.

വിജയത്തോടെ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പയില്‍ 2-1ന് ലീഡ് നേടാന്‍ ന്യൂസിലാന്‍ഡിന് സാധിച്ചിരിക്കുകയാണ്.

Content Highlight: New Zealand Won Against South Africa In Third T20i

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ