ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം വഡോധരയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ കിവീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ ബാറ്റിങ് അവസാനിച്ചപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സാണ് കിവീസിന് നേടാന്‍ സാധിച്ചത്.
ന്യൂസിലാന്‍ഡിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ഡാരില്‍ മിച്ചലാണ് 71 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 84 റണ്‍സാണ് താരം അടിച്ചെടുത്തത്. പ്രസിദ്ധ് കൃഷ്ണയാണ് താരത്തെ പുറത്താക്കിയത്.
അതേസമയം കിവീസിന്റെ ഓപ്പണര്‍മാരെ പുറത്താക്കി ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത് പേസര്‍ ഹര്‍ഷിത് റാണയാണ്. 56 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വേയയും 62 റണ്‍സ് നേടിയ ഹെന്റിക് നിക്കോളാസിനെയുമാണ് റാണ പുറത്താക്കിയത്. കിവീസ് ഓപ്പണര്‍മാരുടെ കൂട്ടുകെട്ടായിരുന്നു ടീമിന്റെ റണ്‍സ് ഉയര്‍ത്തുന്നതില്‍ അടിത്തറയിട്ടത്.
ഇന്ത്യയ്ക്ക് വേണ്ടി റാണ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കുല്‍ദീപ് യാദവ് ഒരു വിക്കറ്റും നേടി.
അതേസമയം മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങില്‍ ഇറങ്ങുന്നത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഹിറ്റ്മാന്‍ രോഹിത് ശര്‍മയുമാണ്.
മത്സരത്തില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ വെടിക്കെട്ട് വീരന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡാണ്. അതിനായി രോഹിത്തിന് വെറും രണ്ട് സിക്സര്‍ മാത്രമാണ് ആവശ്യം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 650 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമെന്ന റെക്കോഡാണ് ഹിറ്റ്മാനെ കാത്തിരിക്കുന്നത്.
നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡ് രോഹിത്തിന്റെ പേരിലാണ്. 648 സിക്‌സാണ് ഹിറ്റ്മാന്റെ പേരിലുള്ളത്. രണ്ട് സിക്സുകള്‍ കൂടി നേടിയാല്‍ ഈ ചരിത്ര നാഴികക്കല്ലിലേക്കെത്താന്‍ രോഹിത് ശര്‍മക്ക് സാധിക്കും.