ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിജയം സ്വന്തമാക്കി ന്യൂസിലാന്‍ഡ്. സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ന്യൂസിലാന്‍ഡ് വിജയിച്ചത്. മത്സരത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 284 റണ്‍സിന്റെ വിജയലക്ഷ്യം 15 പന്ത് അവശേഷിക്കെയാണ് കിവീസ് മറികടന്നത്. ഇതോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ഇരുവരും 1-1 എന്ന നിലയിലാണ്.
ഡാരില്‍ മിച്ചലിന്റെ കരുത്തിലാണ് ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കിയത്. 117 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 131* റണ്‍സ് നേടി പുറത്താകാതെയാണ് കിവീസിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. താരത്തിന് പുറമെ വില്‍ യങ് 98 പന്തില്‍ 87 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 32 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്പായിരുന്നു ഡാരില്‍ മിച്ചലിന് പിന്തുണ നല്‍കിയത്.
അതേസമയം കെ.എല്‍. രാഹുല്‍ നടത്തിയ പോരാട്ടത്തിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. പുറത്താകാതെ 92 പന്തില്‍ നിന്ന് 11 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 112 റണ്‍സാണ് താരം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 53 പന്തില്‍ ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 56 റണ്‍സ് നേടി മികവ് പുലര്‍ത്തിയിരുന്നു. കഴിഞ്ഞ മത്സരത്തിലും ഗില്‍ അര്‍ധ സെഞ്ച്വറി നേടിയരുന്നു. അതേസമയം സൂപ്പര്‍ താരം രോഹിത് ശര്‍മ 24 റണ്‍സും വിരാട് കോഹ്‌ലി 23 റണ്‍സും നേടിയിരുന്നു.
ന്യൂസിലാന്‍ഡിനായി മികച്ച ബൗളിങ് പ്രകടനം നടത്തിയത് മൂന്ന് വിക്കറ്റ് നേടിയ ക്രിസ് ക്ലാര്‍ക്കാണ്. കൈല്‍ ജാമിസണ്‍, സാക്കറി ഫോള്‍ക്‌സ്, ജെയ്ഡന്‍ ലിനോക്‌സ്, മൈക്കല്‍ ബ്രേസ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.