ഈ വിജയത്തോടെ പല റെക്കോഡ് നേട്ടങ്ങളും ന്യൂസിലാന്‍ഡ് സ്വന്തമാക്കി. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന മൂന്നാമത് വിജയമാര്‍ജിന്‍ എന്ന നേട്ടമാണ് കിവീസ് തങ്ങളുടെ പേരിലെഴുതിച്ചേര്‍ത്തത്. തങ്ങളുടെ ടെസ്റ്റ് ചരിത്രത്തില്‍ കിവീസിന്റെ ഏറ്റവും വലിയ വിജയവുമാണിത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സിംബാബ്‌വേയ്ക്ക് ആദ്യ ഇന്നിങ്‌സില്‍ വെറും 125 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 44 റണ്‍സ് നേടിയ ബ്രെന്‍ഡന്‍ ടെയ്‌ലറാണ് ടോപ്പ് സ്‌കോറര്‍. പുറത്താകാതെ 33 റണ്‍സ് നേടിയ തഫാദ്‌സ്വ സിഗയും 13 പന്തില്‍ 11 റണ്‍സ് വീതം നേടിയ ഷോണ്‍ വില്യംസ്, നിക്ക് വെല്‍ച്ച് എന്നിവര്‍ മാത്രമാണ് ഷെവ്‌റോണ്‍സ് നിരയില്‍ രണ്ടക്കം കണ്ടത്.
ഫൈഫറുമായി തിളങ്ങിയ മാറ്റ് ഹെന്‌റിയാണ് ഷെവ്‌റോണ്‍സിനെ തകര്‍ത്തെറിഞ്ഞത്. നാല് വിക്കറ്റുമായി സാക്രി ഫോള്‍ക്‌സും കരുത്ത് കാട്ടി. മാത്യു ഫിഷറാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് വീണ്ടും പിഴച്ചു. നിക്ക് വെല്‍ച്ചും ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിനും മാത്രമാണ് രണ്ടക്കം കണ്ടത്. പുറത്താകാതെ 47 റണ്‍സ് നേടിയ വെല്‍ച്ചാണ് രണ്ടാം ഇന്നിങ്‌സില്‍ ടീമിന്റെ ടോപ് സ്‌കോറര്‍.
ആദ്യ ഇന്നിങ്‌സില്‍ ഫൈഫര്‍ മിസ്സായ ഫോള്‍ക്‌സ് രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. മാറ്റ് ഹെന്‌റിയും ജേകബ് ഡഫിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള് മാത്യൂ ഫിഷര്‍ ശേഷിച്ച വിക്കറ്റും സ്വന്തമാക്കി.