2026 ടി-20 ലോകകപ്പില്‍ ന്യൂസിലാന്‍ഡും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരം ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് അഫ്ഗാന്‍ പട അടിച്ചെടുത്തത്. ആദ്യ മത്സരത്തില്‍ തന്നെ മികച്ച സ്‌കോറാണ് അഫ്ഗാനിസ്ഥാന്‍ ബ്ലാക്ക് ക്യാപ്‌സിനെതിരെ അടിച്ചെടുത്തത്. ഇതോടെ ന്യൂസിലാന്‍ ഈ റണ്‍മല മറികടക്കുമോ എന്നാണ് ക്രിക്കറ്റ് പ്രേമികളും ഉറ്റുനോക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ന്യൂസിലാന്‍ഡിനെ കാത്തിരിക്കുന്നത് ഒരു ബോണസ് റെക്കോഡാണ്.
INNINGS CHANGE! 🔁#AfghanAtalan have put on a terrific batting effort to finish the first inning with 182/6 runs, with major contributions coming in from @GbNaib (63), Sediqullah Atal (29) and @RGurbaz_21 (27). 👏
ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ 170+ സ്‌കോര്‍ ചെയ്‌സ് ചെയ്യാന്‍ ന്യൂസിലാന്‍ഡിന് സാധിച്ചിട്ടില്ല എന്ന നാണക്കേടാണ് ടീമിന് മാറ്റിയെടുക്കാന്‍ സാധിക്കുക. വിജയം സ്വന്തമാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിലവില്‍ 11 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സാണ് നേടിയത്. ടിം സീഫേര്‍ട്ട് 44* റണ്‍സും മാര്‍ക്ക് ചാപ്മാന്‍ 10 റണ്‍സും നേടി ക്രീസിലുണ്ട്.
ന്യൂസിലാന്‍ഡിന് കനത്ത പ്രഹരമേല്‍പ്പിച്ചാണ് അഫ്ഗാന്‍ ബൗളിങ് തുടങ്ങിയത്. രണ്ടാം ഓവറിന് എത്തിയ മുജീബ് ഉര്‍ റഹ്‌മാന്‍ കിവീസിന്റെ സൂപ്പര്‍ ബാറ്റര്‍ ഫിന്‍ അലനെയും രചിന്‍ രവീന്ദ്രയെയും പുറത്താക്കിയിരിക്കുകയാണ്.
തന്റെ ഓവറിലെ മൂന്നാം പന്തില്‍ ഒരു റണ്‍സിന് അലനെ മടക്കിയപ്പോള്‍ രചിന്‍ പൂജ്യത്തിനാണ് കൂടാരം കയറിയത്. ഇരുവരേയും ബൗള്‍ഡാക്കിയാണ് താരം പുറത്താക്കിയത്. ശേഷം 42 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയ ഗ്ലെന്‍ ഫിലിപ്‌സ് കൂടാരം കയറിയത്.
അതേസമയം മത്സരത്തില്‍ അഫ്ഗാനെ മികച്ച സ്‌കോറിലെത്താന്‍ സഹായിച്ചത് മൂന്നാമനായി ഇറങ്ങിയ ഗുല്‍ബാദിന്‍ നായിബാണ്. 35 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 63 റണ്‍സാണ് താരം അടിച്ചെടുത്തത്. 180 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും ഗുല്‍ബാദിന് ഉണ്ടായിരുന്നു. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഗുല്‍ബാദിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് ഗുല്‍ബാദിന് സാധിച്ചത്.
ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍ 10 റണ്‍സിന് മടങ്ങിയപ്പോള്‍ റഹ്‌മാനുള്ള ഗുര്‍ബാസുമായി നായിബ് മുന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ 27 റണ്‍സിന് ഗുര്‍ബാസ് മടങ്ങി.
തുടര്‍ന്ന് സിദ്ദിഖുള്ള അടലുമായി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചെങ്കിലും 29 റണ്‍സിന് അടല്‍ പുറത്തായി. വിക്കറ്റുകള്‍ വീഴുമ്പോഴും നായിബിന്റെ കരുത്തിന്റെ മുന്നില്‍ കിവീസ് പതറുകയായിരുന്നു. ശേഷം 18ാം ഓവറില്‍ 156 എന്ന നിലയില്‍ ടീം എത്തിയപ്പോഴാണ് നായിബ് വീണത്. രചിന്‍ രവീന്ദ്രയ്ക്കാണ് വിക്കറ്റ്.
പിന്നീട് ടീമിനെ ഉയര്‍ന്ന ടോട്ടലിലേക്ക് എത്തിക്കാന്‍ ദ്വാര്‍ഷിസ് റസൂലി (20), അസ്മത്തുള്ള ഒമര്‍സായി (14), മുഹമ്മദ് നബി (10) എന്നിവരും റണ്‍സ് നേടി. കിവീസിനായി ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റ് നേടി.
Content Highlight: New Zealand Never Chased 170+ Total In T20 World Cup