അടിച്ചത് കുഞ്ഞന്‍മാരെയാണെങ്കിലും ഇന്ത്യയ്ക്ക് ഇതുവരെ സാധിക്കാത്തത്; ഒമാനൊപ്പം വെടിക്കെട്ട് ലിസ്റ്റിലേക്ക്
T20 world cup
അടിച്ചത് കുഞ്ഞന്‍മാരെയാണെങ്കിലും ഇന്ത്യയ്ക്ക് ഇതുവരെ സാധിക്കാത്തത്; ഒമാനൊപ്പം വെടിക്കെട്ട് ലിസ്റ്റിലേക്ക്
ആദര്‍ശ് എം.കെ.
Wednesday, 11th February 2026, 7:46 am

2026 ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ യു.എ.ഇയെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡ് രണ്ടാം വിജയവുമായി ന്യൂസിലാന്‍ഡ് ഗ്രൂപ്പ് ഡി-യില്‍ കുതിക്കുകയാണ്. ചെപ്പോക്കിലെ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ വിജയമാണ് കിവീസ് സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത യു.എസ്. എ ക്യാപ്റ്റന്‍ മുഹമ്മദ് വസീമിന്റെയും അലിഷന്‍ ഷറഫുവിന്റെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. വസീം 45 പന്ത് നേരിട്ട് പുറത്താകാതെ 66 റണ്‍സ് നേടിയപ്പോള്‍ 47 പന്തില്‍ 55 റണ്‍സാണ് ഷറഫു നേടിയത്. 13 പന്തില്‍ 21 റണ്‍സ് നേടിയ മായങ്ക് കുമാറാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ യു.എ.ഇ 173ലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ ഓപ്പണര്‍മാരായ ടിം സീഫെര്‍ട്ട് (42 പന്തില്‍ 89*), ഫിന്‍ അലന്‍ (50 പന്തില്‍ 84*) എന്നിവരുടെ കരുത്തില്‍ ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 15.2 ഓവറില്‍ ലക്ഷ്യം മറികടന്നു.

ഇതോടെ ടി-20 ലോകകപ്പുകളില്‍ പത്ത് വിക്കറ്റിന് വിജയിക്കുന്ന ടീമുകളുടെ എലീറ്റ് ലിസ്റ്റില്‍ ഇടം നേടാനും ന്യൂസിലാന്‍ഡിന് സാധിച്ചു. 2007 മുതല്‍ ഇതുവരെ ആറ് ടീമുകള്‍, ഏഴ് തവണയാണ് ഇത്തരത്തില്‍ പത്ത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്.

ലോകകപ്പ് ചരിത്രത്തില്‍ ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെട്ടാതെ ചെയ്ത് വിജയിക്കുന്ന ഏറ്റവുമുയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും ന്യൂസിലാന്‍ഡ് ഇതോടെ തങ്ങളുടെ പേരിലെഴുതിച്ചേര്‍ത്തു.

ടി-20 ലോകകപ്പ് ചരിത്രത്തില്‍ പത്ത് വിക്കറ്റിന്റെ വിജയം നേടിയ ടീമുകള്‍

(ടീം – എതിരാളികള്‍ – ലക്ഷ്യം – വര്‍ഷം എന്നീ ക്രമത്തില്‍)

ഓസ്‌ട്രേലിയ – ശ്രീലങ്ക – 102 – 2007

സൗത്ത് ആഫ്രിക്ക – സിംബാബ്‌വേ – 94 – 2012

ഒമാന്‍ – പപ്പുവ ന്യൂ ഗിനി – 130 – 2021

പാകിസ്ഥാന്‍ – ഇന്ത്യ – 152 – 2021

ഇംഗ്ലണ്ട് – ഇന്ത്യ – 169 – 2022

ഇംഗ്ലണ്ട് – യു.എസ്.എ – 116 – 2024

ന്യൂസിലാന്‍ഡ് – യു.എ.ഇ – 174 – 2026*

നിലവില്‍ ഗ്രൂപ്പ് ഡി-യില്‍ കളിച്ച രണ്ട് മത്സരവും വിജയിച്ച് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ് ബ്ലാക് ക്യാപ്‌സ്. കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന്റെ സകല നിരാശയും 2026 ടി-20 ലോകകപ്പില്‍ മറികടക്കാനും ആദ്യ കിരീടമുയര്‍ത്താനും ലക്ഷ്യമിട്ടാണ് കിവികള്‍ ഇന്ത്യയിലേക്ക് വിമാനം കയറിയത്.

ഫെബ്രുവരി 14നാണ് ന്യൂസിലാന്‍ഡിന്റെ അടുത്ത മത്സരം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.

 

Content Highlight: New Zealand joins elite list of teams to win by 10 wickets in T20 World Cup

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.