2026 ടി – 20 ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഒരുങ്ങുകയാണ് ക്രിക്കറ്റ് ലോകം. ഇന്ന് (മാര്‍ച്ച് നാല്) നടക്കുന്ന ന്യൂസിലാന്‍ഡ് – സൗത്ത് ആഫ്രിക്ക മത്സരത്തോടെയാണ് സെമിയങ്കങ്ങള്‍ക്ക് അരങ്ങുണരുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഈ മത്സരത്തിന്റെ വേദി.
അപരാജിതരായി കളത്തിലിറങ്ങുന്ന സൗത്ത് ആഫ്രിക്കയുടെയും ആധികാരികമായ വിജയങ്ങളുമായി എത്തുന്ന ന്യൂസിലാന്‍ഡും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഇരുടീമുകളും ഫൈനല്‍ മാത്രം ലക്ഷ്യമിട്ട് ഇറങ്ങുമ്പോള്‍ കൊല്‍ക്കത്തയില്‍ തകര്‍പ്പന്‍ പോരാട്ടം തന്നെയായിരിക്കും അരങ്ങേറുക.
പ്രോട്ടിയാസിനെതിരെ സെമി പോരിനിറങ്ങുമ്പോള്‍ തങ്ങളുടെ ഒരു മോശം റെക്കോഡ് ബ്ലാക്ക് ക്യാപ്‌സിന് തലവേദനയാണ്. ഇതുവരെ ടീമിന് ഒരിക്കല്‍ മാത്രമാണ് ടി – 20 ലോകകപ്പ് സെമി ഫൈനലുകളില്‍ ജയിക്കാന്‍ സാധിച്ചത്. ടൂര്‍ണമെന്റിന്റെ പത്ത് വര്‍ഷത്തെ ചരിത്രത്തില്‍ നാല് തവണ മാത്രമാണ് കിവീസ് സെമിയില്‍ പ്രവേശിച്ചിട്ടുള്ളത്.
ന്യൂസിലാൻഡ് ടീം. Photo: Black Caps/x.com
അതില്‍ മൂന്ന് തവണയും കിവീസിന് അടിപതറി. ലോകകപ്പിന്റെ ആദ്യ എഡിഷനായ 2007ല്‍ തന്നെ ടീം സെമി ഫൈനലിന് യോഗ്യത നേടിയിരുന്നു. പക്ഷേ, അന്ന് പാകിസ്ഥാന് മുന്നില്‍ ടീം അടിയറവ് പറഞ്ഞു. ആറ് വിക്കറ്റിനായിരുന്നു തോല്‍വി.
കിവീസിന് പിന്നീട് മറ്റൊരു സെമി ഫൈനല്‍ പ്രവേശനത്തിന് കാത്തിരിക്കേണ്ടി വന്നത് ഒമ്പത് വര്‍ഷങ്ങളാണ്. 2016ല്‍ ടീമിന്റെ എതിരാളികള്‍ ഇംഗ്ലണ്ടായിരുന്നു. അന്നും ടീമിനെ ഭാഗ്യം തുണച്ചില്ല. കിവീസിന് ഏഴ് വിക്കറ്റിന്റെ തോല്‍വി വഴങ്ങി ടൂര്‍ണമെന്റ് അവസാനിപ്പിക്കേണ്ടി വന്നു.
2021ലാണ് ന്യൂസിലാന്‍ഡ് തങ്ങളുടെ മൂന്നാം സെമി ഫൈനലിന് യോഗ്യത നേടിയത്. അന്നും എതിരാളികള്‍ ഇംഗ്ലണ്ട് തന്നെയായിരുന്നു. ഇത്തവണ കിവീസ് വിജയം നേടിയെടുത്തു. അഞ്ച് വിക്കറ്റിനാണ് അന്ന് ടീം ത്രീലയണ്‍സിനെ മുട്ടുകുത്തിച്ചത്.
2021 ടി – 20 ലോകകപ്പ് സെമി ഫൈനലിൽ കളിക്കുന്ന ന്യൂസിലാൻഡും ഇംഗ്ലണ്ടും. Photo: Espncricinfo
അടുത്ത ലോകകപ്പിലും ന്യൂസിലാന്‍ഡ് സെമി ഫൈനലിലേക്ക് മുന്നേറി. അന്ന് മറുവശത്തുണ്ടായിരുന്നത് പാകിസ്ഥാനായിരുന്നു. ആ മത്സരത്തില്‍ കിവീസ് വീണ്ടും പരാജയം രുചിച്ചു. ഏഴ് വിക്കറ്റിനായിരുന്നു ഈ തോല്‍വി.
ഇപ്പോള്‍ 2026 ല്‍ ടി – 20 ലോകകപ്പിലെ തങ്ങളുടെ അഞ്ചാം ലോകകപ്പിനാണ് ടീം കോപ്പുകൂട്ടുന്നത്. ഇത്തവണ ജയിച്ച് തങ്ങളുടെ ശാപം തീര്‍ക്കുകയായിരിക്കും ടീമിന്റെ ലക്ഷ്യം. അതിനാല്‍ തന്നെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കിവികള്‍ കടുത്ത പോരാട്ടം തന്നെയായിരിക്കും പുറത്തെടുക.
Content Highlight: New Zealand have only won once out 4 semi finals in T20 World Cup