മംഗള്‍യാനെ പരിഹസിച്ച് ന്യൂയോര്‍ക്ക് ടൈംസ് കാര്‍ട്ടൂണ്‍: ഫേസ്ബുക്കില്‍ മലയാളികളുടെ അസഭ്യവര്‍ഷം
Daily News
മംഗള്‍യാനെ പരിഹസിച്ച് ന്യൂയോര്‍ക്ക് ടൈംസ് കാര്‍ട്ടൂണ്‍: ഫേസ്ബുക്കില്‍ മലയാളികളുടെ അസഭ്യവര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th October 2014, 8:58 am

cartoon[]കോഴിക്കോട്: ഇന്ത്യയുടെ മംഗള്‍യാന്‍ ദൗത്യത്തെ പരിഹസിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക് ടൈംസിനെതിരെ മലയാളികളുടെ അസഭ്യവര്‍ഷം. ന്യൂയോര്‍ക്ക് ടൈംസിന്റെ ഫേസ്ബുക്ക് പേജിലാണ് മലയാളികളുടെ തെറിവിളികള്‍ നിറഞ്ഞിരിക്കുന്നത്.

ഒരു ഇന്ത്യന്‍ ഗ്രാമീണ കര്‍ഷന്‍ പശുവിനൊപ്പം എലൈറ്റ് സ്‌പേസ് ക്ലബ്ബിന്റെ വാതിലില്‍ മുട്ടുന്നതായാണ് കാര്‍ട്ടൂണ്‍ ചിത്രീകരിച്ചിരിക്കുന്നത്. ക്ലബ്ബിനുള്ളിലിരിക്കുന്ന വിദേശികള്‍ ഇന്ത്യയുടെ മംഗള്‍യാന്‍ വിജയത്തെക്കുറിച്ചുള്ള വാര്‍ത്ത വായിച്ചിരിക്കുകയാണ്. ഇന്ത്യക്കാരന്‍ വാതിലില്‍ മുട്ടുന്നതിലുള്ള അതൃപ്തിയും വിദേശികളുടെ മുഖത്തുണ്ട്.

കാലിമേച്ച് നടക്കുന്ന അപരിഷ്‌കൃതരാണ് ഇന്ത്യക്കാരെന്ന അമേരിക്കന്‍ ബോധത്തിന്റെ പ്രതിഫലനമാണ് ഈ കാര്‍ട്ടൂണ്‍  എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. നരേന്ദ്രമോദിയുടെ യു.എസ് സന്ദര്‍ശനത്തിനിടെയായിരുന്നു ന്യൂയോര്‍ക്ക് ടൈംസില്‍ ഈ കാര്‍ട്ടൂണ്‍ അച്ചടിച്ചുവന്നത്.

മംഗള്‍യാനെ കളിയാക്കി ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ഇതിനകം തന്നെ വിവാദമായിക്കഴിഞ്ഞു. ന്യൂയോര്‍ക്ക് ടൈംസിന്റെ കാര്‍ട്ടൂണ്‍ വംശീയമായി അധിക്ഷേപിക്കുന്നതാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക് ടൈംസിനെതിരെ ശക്തമായ ആക്രമണമാണ് ഫേസ്ബുക്ക് ലോകത്ത് നടക്കുന്നത്. കുറഞ്ഞ ചിലവില്‍ ഇന്ത്യ ചൊവ്വാ ദൗത്യം ആദ്യ ശ്രമത്തില്‍ തന്നെ പൂര്‍ത്തിയാക്കിയതിലുള്ള അസൂയയാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ കാര്‍ട്ടൂണില്‍ പ്രതിഫലിക്കുന്നതെന്നാണ് പൊതുവെയുള്ള ആരോപണം.

ന്യൂയോര്‍ക്ക് ടൈംസിന്റെ ഫേസ്ബുക്ക് പേജ് പൂട്ടിക്കും, മംഗള്‍യാന്‍ കാര്‍ട്ടൂണില്‍ മാപ്പ് പറയാതെ പിന്‍വാങ്ങില്ല തുടങ്ങിയ കമന്റുകളാണ് ഫേസ്ബുക്ക് പേജില്‍ നിറയുന്നത്.

ന്യൂയോര്‍ക്ക് ടൈംസിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ചില കമന്റുകള്‍ ഇങ്ങനെ,
“ഇവന്മാര് മാപ്പ് പറയാതെ ഇനി ഇവിടന്നു ഇറങ്ങുന്ന പ്രശ്‌നം ഇല്ല.. വിളിക്കെടാ നിന്റെ ഒബാമയെ”

“നമുക്കെല്ലര്ക്കും കൂടി ഈ പേജ് റിപ്പോര്‍ട്ട് ചെയ്തു പൂട്ടിചാലോ. അപ്പൊ തുടങ്ങിക്കോ. ബാനറില്‍ കാണുന്ന മൂന്നു ഡോട്ടില്‍ ക്ലിക്ക് ചെയ്തു വരുന്ന റിപ്പോര്‍ട്ട് പേജില്‍ ക്ലിക്ക് ചെയ്യുക. അതില്‍ അതെര്‍ / അബുസീവ് കന്റെന്റ്‌റ് ഓപ്ഷന്‍ സെലക്ട് ചെയ്തു സബ്മിറ്റ് ബട്ടണ്‍ പ്രസ് ചെയ്യുക. അത്രയും മതി. താങ്ക്‌സ് അലോട്ട്..”

“ഞാന്‍ കോട്ടയത്ത് നിന്നാണ് .. സാധാരണ ഞാന്‍ തെറി വിളിക്കാറില്ല … പക്ഷെ ഈ കൂട്ടായ്മ , ഈ ഒത്തു ചേരല്‍ കണ്ടപ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നു …. ഇനി കാര്യത്തിലേക്ക് കടക്കാം ….. നിങ്ങളുടെ അമേരിക്ക അല്ല മോനെ ഇത് …തൊട്ടാല്‍ പൊള്ളും ഊതിയാല്‍ ആളി കത്തും പറക്കാന്‍ തുടങ്ങിയാല്‍ പിന്നെ പറ പറ പറ എന്ന് പറക്കും … നിര്‍ത്തിക്കോ നിന്റെ പേജ് .. എല്ലാ മലയാളികളും ഒരു പോലെ വരൂ തുടങ്ങൂ”

“നീ ആദ്യം മംഗല്യാന്‍ കാര്‍ടൂണിന്റെ കാര്യം തീരുമാനമാക്ക് . എന്നിട്ടാലോചിക്കാം വേറെ ന്യൂസ് എഴുതണൊന്നു. ഇല്ലേല്‍ നിന്റെ ഫേസ്ബൂക് പേജ് ഞങ്ങള്‍ കുളമാക്കും.”

നേരത്തെ സച്ചിനെ അറിയില്ലെന്ന് ടെന്നിസ് താരം മറിയ ഷറപ്പോറ പറഞ്ഞപ്പോഴും സമാനമായി മലയാളികള്‍ അവര്‍ക്കെതിരെ തെറിവിളികളുമായി രംഗത്തെത്തിയിരുന്നു.