മംഗള്‍യാന്‍ കാര്‍ട്ടൂണ്‍: ന്യൂയോര്‍ക്ക് ടൈംസ് ക്ഷമാപണം നടത്തി
Daily News
മംഗള്‍യാന്‍ കാര്‍ട്ടൂണ്‍: ന്യൂയോര്‍ക്ക് ടൈംസ് ക്ഷമാപണം നടത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th October 2014, 9:53 am

cartoon[] ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ചൊവ്വാദൗത്യമായ മംഗള്‍യാനെ പരിഹസിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക് ടൈംസ് അവസാനം ക്ഷമാപണം നടത്തി. കാര്‍ട്ടൂണിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ പത്രത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ക്ഷമാപണം നടത്തിയത്.

ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ഇന്ത്യയെയും ഇന്ത്യന്‍ പൗരന്മാരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. ഏതെങ്കിലും വായനക്കാരനെ ഈ കാര്‍ട്ടൂണ്‍ വേദനിപ്പിച്ചെങ്കില്‍ ഞങ്ങള്‍ മാപ്പ് ചോദിക്കുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ അറിയിച്ചു.

നിരവധി വായനക്കാര്‍ കാര്‍ട്ടൂണിനെ പറ്റി പരാതിപ്പെട്ടെന്നും കാര്‍ട്ടൂണ്‍ വരച്ച സിംഗപ്പൂര്‍കാരനായ കാര്‍ട്ടൂണിസ്റ്റ് ഹെം കിം സോങ്  ആരെയും വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ന്യൂയോര്‍ക് ടൈംസ് അധികൃതര്‍ പേസ്ബുക്കിലൂടെ വ്യക്തമാക്കി. ബഹിരരാകാശ നേട്ടങ്ങള്‍ സമ്പന്നരാജ്യങ്ങളുടെ മാത്രം കുത്തകയല്ലെന്നാണ് കാര്‍ട്ടൂണിസ്റ്റ് ഉദ്ദേശിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂയോര്‍ക്കില്‍ എത്തിയ ദിവസത്തെ ന്യൂയോര്‍ക്ക് ടൈംസ് ദിനപ്പത്രമാണ് വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത.അമേരിക്കയും റഷ്യയുമടക്കമുള്ളവര്‍ അംഗമായ എലൈറ്റ് സ്‌പേസ് ക്ലബ്ബിന്റെ വാതിലില്‍  പശുവിനെയും കൊണ്ടെത്തിയ ഒരു ഇന്ത്യന്‍ ഗ്രാമീണ കര്‍ഷകന്‍  മുട്ടുന്നതായാണ് കാര്‍ട്ടൂണ്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇതിനെതിരെ ഇന്തയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

കാലിമേച്ച് നടക്കുന്ന അപരിഷ്‌കൃതരാണ് ഇന്ത്യക്കാരെന്ന അമേരിക്കന്‍ ബോധത്തിന്റെ പ്രതിഫലനമാണ് ഈ കാര്‍ട്ടൂണ്‍  എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കാര്‍ട്ടൂണ്‍ വംശീയമായി അധിക്ഷേപിക്കുന്നതാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക് ടൈംസിനെതിരെ ശക്തമായ ആക്രമണമാണ് ഫേസ്ബുക്കില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി നിരവധി മലയാളികള്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ഫേസ്ബുക്ക് പേജില്‍ “പച്ചമലയാളത്തില്‍” തന്നെ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.