ന്യൂയോര്‍ക്ക്: 2026-ലെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ട്രംപ് ഭരണകൂടത്തിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി.
ട്രംപ് സര്‍ക്കാരിന്റെ വിസ നിഷേധം, നാടുകടത്തല്‍, വിമാനത്താവളങ്ങളിലെ കര്‍ശനമായ പരിശോധനകള്‍ എന്നിവ ടൂര്‍ണമെന്റിന്റെ ആവേശം കെടുത്തുന്നതാണെന്നും ഫുട്‌ബോളിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുടിയേറ്റക്കാരാണ് ഫുട്‌ബോളിന്റെ യഥാര്‍ത്ഥ ആത്മാവെന്ന് സൊഹ്റാന്‍ മംദാനി ഓര്‍മിപ്പിച്ചു. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം ഭരണകൂടത്തിനെതിരെ രംഗത്തെത്തിയത്.
‘കുടിയേറ്റക്കാരില്ലാതെ ഫുട്‌ബോള്‍ നിലനില്‍ക്കില്ല. കളിക്കാരും പരിശീലകരും സ്റ്റേഡിയം ജീവനക്കാരും ആരാധകരുമെല്ലാം ഉള്‍പ്പെടുന്ന ഒരു വലിയ ആവാസവ്യവസ്ഥ കുടിയേറ്റക്കാരാല്‍ കെട്ടിപ്പടുക്കപ്പെട്ടതാണ്. അവരാണ് ലോകകപ്പ് പോലുള്ള വലിയ ആഘോഷങ്ങള്‍ സാധ്യമാക്കുന്നത്. യുഎസ് ദേശീയ ടീമിലെ ആറ് അംഗങ്ങള്‍ കുടിയേറ്റക്കാരാണെന്ന വസ്തുത നാം മറക്കരുത്,’ സൊഹ്റാന്‍ മംദാനി പോസ്റ്റില്‍ പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും പരിശീലകര്‍ക്കും കളിക്കാര്‍ക്കും വിസ നിഷേധിക്കുന്ന ഫെഡറല്‍ ഭരണകൂടത്തിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ന്യൂയോര്‍ക് മേയര്‍ വ്യക്തമാക്കി. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ആദ്യ സൊമാലിയന്‍ റഫറിക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിച്ച സംഭവമടക്കം ചൂണ്ടിക്കാട്ടിയാണ് മംദാനി ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്.
പ്രമുഖ സോമാലിയന്‍ റഫറിയായ ഒമര്‍ അബ്ദുല്‍കാദിര്‍ അര്‍താനെ അമേരിക്കയില്‍ പ്രവേശിക്കുന്നത് തടഞ്ഞ സംഭവം ഇതിനോടകം തന്നെ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ഇറാന്‍ ദേശീയ ടീമിനോടും അമേരിക്ക വിവേചനപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇറാന്‍ ടീമിന് വെറും ഒരു ദിവസം മാത്രം കാലാവധിയുള്ള വിസയാണ് അനുവദിച്ചത്. കൂടാതെ അവരുടെ പ്രതിനിധി സംഘത്തിലെ 15 പേര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിക്കുകയും ചെയ്തു.
ഇറാഖി നായകന്‍ അയ്മന്‍ ഹുസൈനെ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചതും, ടീം ഫോട്ടോഗ്രാഫറെ നാടുകടത്തിയതും കടുത്ത പ്രതിഷേധത്തിന് കാരണമായി.
സെനഗല്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികളോട് അമേരിക്കന്‍ നിയമപാലകര്‍ മോശമായി പെരുമാറിയതും വലിയ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.
‘ഫെഡറല്‍ ഭരണകൂടം സ്വീകരിക്കുന്ന ഇത്തരം തീരുമാനങ്ങള്‍ ലോകകപ്പ് എന്തിനുവേണ്ടിയാണോ നിലകൊള്ളുന്നത്, അതിന് തീര്‍ത്തും വിരുദ്ധമാണ്,’ മേയര്‍ വ്യക്തമാക്കി.
ന്യൂയോര്‍ക്ക് നഗരത്തില്‍ കുടിയേറ്റക്കാര്‍ക്കെതിരായ പരിശോധനകള്‍ ശക്തമാക്കുമെന്ന ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനത്തെയും മംദാനി ശക്തമായി എതിര്‍ത്തു. മുമ്പെങ്ങുമില്ലാത്തവിധം കൂടുതല്‍ ഐസ് (ICE – Immigration and Customs Enforcement) ഏജന്റുമാരെ ന്യൂയോര്‍ക്കില്‍ വിന്യസിക്കുമെന്ന് ട്രംപിന്റെ ‘ബോര്‍ഡര്‍ സാര്‍’ ടോം ഹോമാന്‍ ഭീഷണി മുഴക്കിയിരുന്നു.
എന്നാല്‍, ഈ ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്ന് മേയര്‍ പ്രഖ്യാപിച്ചു. ലോകം മുഴുവന്‍ നമ്മുടെ നഗരത്തിലേക്ക് വരുമ്പോള്‍, നമ്മുടെ കുടിയേറ്റക്കാരായ അയല്‍ക്കാര്‍ക്കൊപ്പം നാം അഭിമാനത്തോടെ നില്‍ക്കുമെന്നും, ജനങ്ങള്‍ക്കിടയില്‍ ഭയം വിതയ്ക്കാനുള്ള കേന്ദ്ര നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും മംദാനി ഉറപ്പിച്ചു പറഞ്ഞു.
കുടിയേറ്റ പ്രശ്‌നങ്ങള്‍ക്ക് പുറമെ, ലോകകപ്പിലെ അമിതമായ ടിക്കറ്റ് നിരക്കിനെക്കുറിച്ചും വലിയ രീതിയിലുള്ള പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. 2022-ല്‍ നടന്ന ഖത്തര്‍ ലോകകപ്പിനേക്കാള്‍ ഏഴിരട്ടി വരെയാണ് ഇത്തവണത്തെ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.
ഇതിന് പിന്നിലെ ‘കോര്‍പ്പറേറ്റ് അത്യാഗ്രഹത്തെയും’ വഞ്ചനാപരമായ ടിക്കറ്റ് വില്‍പന രീതികളെയും കുറിച്ച് ന്യൂയോര്‍ക്ക്, ന്യൂജേഴ്സി അറ്റോര്‍ണി ജനറല്‍മാര്‍ ഇതിനോടകം തന്നെ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026ലെ ഫിഫ ലോകകപ്പ് ജൂണ്‍ 11 വ്യാഴാഴ്ചയാണ് ആരംഭിക്കുന്നത്. എന്നാല്‍ ടൂര്‍ണമെന്റ് കിക്ക്-ഓഫിന് തൊട്ടുമുമ്പ് തന്നെ ഉടലെടുത്ത ഈ രാഷ്ട്രീയ-നയതന്ത്ര തര്‍ക്കങ്ങള്‍ കായിക ലോകം ഉറ്റുനോക്കുകയാണ്.
Content Highlight: New York Mayor Zohran Mamdani slams Donald Trump’s anti-immigration stance